രാജീവ് പിള്ള
മലയാള ചലച്ചിത്ര നടൻ. പത്തനംതിട്ട ജില്ലയിലെ വള്ളംകുളത്ത് ജനിച്ചു. രാജീവ് ഗോവിന്ദ പിള്ള എന്നായിരുന്നു യഥാർത്ഥ നാമം. രാജീവിന്റെ അച്ഛന് മസ്കറ്റിലായിരുന്നു ജോലി. അമ്മ രാജീവ് പഠിച്ചിരുന്ന നാഷണൽ ഹൈസ്കൂളിലെ സംസ്കൃതാദ്ധ്യാപികയായിരുന്നു. സ്കൂളിൽ ടോപ്പറായി പാസ്സായതിനുശേഷം രാജീവ് ചങ്ങനാശ്ശേരി എൻ എസ് എസ് ഹിന്ദു കോളേജിൽ പ്രീഡിഗിയ്ക്ക് ചേർന്നു. പ്രീഡിഗ്രി കഴിഞ്ഞതിനുശേഷം കർണ്ണാടകയിലെ കെ വി ജി ഡെന്റൽ കോളേജിൽ നിന്നും എം ഡി എസ് പാസായി.
വിദ്യാഭ്യാസത്തിനുശേഷം രാജീവ് പിള്ള മോഡലിംങ്ങിലേയ്ക്കാണ് തിരിഞ്ഞത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രധാന ഫാഷൻ വീക്കുകളിൽ രാജീവ് പിള്ള പങ്കെടുത്തു. മോഡലിംഗിലൂടെ പ്രശസ്തനായതിനുശേഷം അദ്ദേഹം സിനിമയിലേയ്ക്ക് ശ്രദ്ധ തിരിച്ചു. 2010-ൽ അമൽ നീരദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അൻവർ- എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് രാജീവ്പിള്ളയുടെ തുടക്കം. തുടർന്ന് ലിജൊ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡ് എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. നായകനായും സഹനായകനായും വില്ലനായുമെല്ലാം അദ്ദേഹം പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായ Thalaivaa എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് തമിഴിലെ തുടക്കം. Kamaal Dhamaal Malamaal എന്ന സിനിമയിലൂടെ ഹിന്ദിയിലും രാജീവ് തന്റെ സാന്നിധ്യം അറിയിച്ചു. മികച്ചൊരു ക്രിക്കറ്റ് താരം കൂടിയായ രാജീവ് പിള്ള കേരള സെലിബ്രിറ്റി ക്രിക്കറ്റ് ടീമിൽ ആറ് സീസണിൽ കളിച്ചിട്ടുണ്ട്.