രഘുവരൻ

Raghuvaran

അഭിനേതാവ്. 

1958 ഡിസംബർ 11 നു ജനനം. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് പ്രതിഭ തെളിയിച്ച നടൻ. രൂപഭാവങ്ങൾ കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും വില്ലൻ വേഷങ്ങൾക്ക് പുതുമ നലകാൻ കഴിഞ്ഞു രഘുവരന്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 150ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പാലക്കാട് കൊല്ലങ്കോട് ജനിച്ച രഘുവരൻ, ‘ഒരു മനിതനിൻ കഥ’ എന്ന തമിഴ് ടെലിസീരിയലിലൂടെയാണ് സിനിമാരംഗത്തേക്ക് വന്നത്. ഡിഗ്രി പഠനം പൂർത്തിയാക്കാതെ തന്റെ സിനിമാ മോഹങ്ങളുമായി ഇറങ്ങിത്തിരിച്ച രഘുവരൻ പിന്നീട് പ്രത്യക്ഷപ്പെട്ടത് ‘സ്വപ്ന തിങ്കൾഗൾ’ എന്ന കന്നഡ സിനിമയിലാണ്. പിന്നീട് വിവിധ ഭാഷകളിലായി ചെറുതും വലുതുമായ ഒരുപിടി വേഷങ്ങൾ ചെയ്തു.

1979 മുതൽ 83 വരെ ചെന്നൈ കിംഗ്സ് എന്ന നാടകസംഘത്തിൽ പ്രവർത്തിച്ചു. പ്രശസ്ത തെലുങ്ക് -മലയാളം നടി രോഹിണിയെ വിവാഹം കഴിച്ച രഘുവരൻ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികൾ’ എന്ന ചിത്രത്തിൽ ‘ഫാദർ അൽഫോൻസ്’ എന്ന വേഷം ചെയ്ത് പ്രേക്ഷകശ്രദ്ധ നേടി.

മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിൽ ഓട്ടിസം ബാധിച്ച കുട്ടിയുടെ പിതാവായി അഭിനയിച്ചു. കൂടാതെ ബാഷ, മുതല്‌വൻ, ശിവ, മുത്തു എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

2008 മാർച്ച് 19 നു അന്തരിക്കുമ്പോൾ രജനികാന്തിന്റെ ‘ശിവജി‘, വിക്രമിനോടൊപ്പം ‘കന്തസാമി‘ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയായിരുന്നു.

Profile photo drawing by : നന്ദൻ