ജിതിൻ പുത്തഞ്ചേരി
കോഴിക്കോട് സ്വദേശി. മലയാളത്തിലെ പ്രമുഖ ഗാനരചയിതാവായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടേയും ബീനയുടെയും രണ്ട് മക്കളിൽ മൂത്തമകനായി 1989 ആഗസ്റ്റ് 24ന് ജനനം. സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂൾ കാലിക്കറ്റ്, ബംഗളൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ ജിതിൻ പരസ്യ ചിത്രസംവിധായകനായ സുധീർ അമ്പലപ്പാടിന്റെ ബ്രേക്കിംഗ് ന്യൂസ് ലൈവ് എന്ന സിനിമയിൽ സംവിധാന സഹായി ആയിട്ടാണ് മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്. തുടർന്ന് മാറ്റിനി, കൂതറ, മണിരത്നം എന്നീ സിനിമകളിലും സംവിധാന സഹായിയായി പ്രവർത്തിച്ചു. 2016ൽ ഫർഹാൻ അക്തർ- റിതേഷ് സിദ്വാനി ടീമിന്റെ എക്സൽ എന്റർടെന്റിമെന്റ് എന്ന മുംബൈ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയിൽ ജോയിൻ ചെയ്യുകയും തുടർന്ന് ഫർഹാന്റെ തന്നെ റോക്ക്-ഓൺ 2 എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിക്കുകയും ചെയ്തു.
അഭിനയരംഗത്തെ താല്പര്യാർത്ഥം സുഹൃത്തായ ഡൊമിനിക് അരുണിന്റെ "മൃത്യുഞ്ജയമെന്ന" ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് ഡൊമിനിക്കിന്റെ തന്നെ ടോവിനോ നായകനായ തരംഗമെന്ന സിനിമയിൽ ചെറുവേഷത്തിലും പ്രത്യക്ഷപ്പെട്ടു. തരംഗത്തിൽ സഹഎഴുത്തുകാരനായും സിനിമയിൽ സംവിധാന സഹായിയായും പ്രവർത്തിച്ചു. തുടർന്ന് ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന ക്യാമ്പസ്/സ്കൂൾ ചിത്രത്തിലേക്ക് ഒഡീഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട് അതിലെ ഗിരിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായി. തുടർന്ന് കമലിന്റെ പ്രണയമീനുകളുടെ കടൽ, ടോവിനോയുടെ എടക്കാട് ബറ്റാലിയൻ, മോഹലാൽ-പ്രിയദർശൻ ടീമിന്റെ മരയ്കാർ അറബിക്കടലിന്റെ സിംഹമെന്ന സിനിമകളിലുമൊക്കെ വേഷമിട്ടു. സമാന്തര സിനിമകളിലൂടെ പ്രശസ്തനായ ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യമെന്ന സിനിമയിൽ നായകകഥാപാത്രത്തെ അവതരിപ്പിച്ച് നിരൂപണ പ്രശംസയും നേടിയ ജിതിൻ അഭിനയരംഗത്ത് തുടരുന്നു.
സോഫ്റ്റെയർ എഞ്ചിനീയറായ ദിവ്യാ മോഹനനാണ് ഭാര്യ. സഹോദരൻ ദിൻനാഥ് ഗാനരചയിതാവും സംവിധായാകനുമാണ്.
ജിതിന്റെ ഫേസ്ബുക്ക് പേജ് | ഇൻസ്റ്റഗ്രാം പേജ്