അച്ചൻകുഞ്ഞ്
മലയാളചലച്ചിത്ര - നാടക നടൻ. കോട്ടയം ജില്ലയിലെ കച്ചേരിക്കടവിലുള്ള നെല്ലിശ്ശേരി ഫാമിലിയിലാണ് അച്ചൻ കുഞ്ഞു ജനിച്ചത്. ചുമട്ടു തൊഴിലാളിയിൽ നിന്നും സംസ്ഥാന സർക്കാർ അവാർഡ് ജേതാവിലേയ്ക്കെത്തിയ ജീവിതമാണ് അച്ചൻകുഞ്ഞിന്റേത് . കോട്ടയം ബോട്ട് ജെട്ടിയിലെ ചുമട്ടു തൊഴിലാളി ആയിരുന്നു അച്ചൻകുഞ്ഞ്,സിനിമയിലെത്തുന്നതിന് മുൻപ്. ജോലിയോടൊപ്പം നാടകാഭിനയവും ചെയ്തിരുന്ന അദ്ദേഹം കെ പി എ സിയിലും കേരളാ തിയറ്റേഴ്സിലും മുപ്പത് വർഷത്തോളം വേഷമിട്ടു. "വിധി" ആണ് ആദ്യനാടകം. അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .
1980 -ൽ പത്മരാജന്റെ രചനയെ ആസ്പദമാക്കി
ഭരതൻ സംവിധാനം ചെയ്ത ലോറി എന്ന ചിത്രത്തിലൂടെയാണ് അച്ചൻകുഞ്ഞ് ചലച്ചിത്രാഭിനയ രംഗത്തേയ്ക്കെത്തുന്നത്. "ലോറി"യിലെ പരുക്കൻ കഥാപാത്രത്തിനെ തന്മയത്വത്തോടെ അവതരിപ്പിച്ചതിന് അക്കൊല്ലം സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരം അച്ചൻകുഞ്ഞിനെ തേടിയെത്തി. ഭരതൻ,ഐ വി ശശി,പദ്മരാജൻ തുടങ്ങിയ സംവിധായകരാണ് അച്ചൻകുഞ്ഞിലെ നടനെ ഏറെ ഉപയോഗപ്പെടുത്തിയിട്ടുള്ളത് . സിനിമയിൽ അധികവും പരുക്കനായ വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അദ്ദേഹം 1987 ജനുവരി 16ന് 56-ആം വയസ്സിൽ അന്തരിച്ചു.
ഭാര്യ അച്ചാമ്മ.ഷാജൻ,ഇസമ്മ എന്നിങ്ങനെ രണ്ട് മക്കൾ.