ഷാജു ശ്രീധർ
മലയാള ചലച്ചിത്ര - സീരിയൽ നടൻ മിമിക്രി ആർട്ടിസ്റ്റ്
പാലക്കാട് ജില്ലയിൽ ഒലവക്കോട് ശ്രീധരൻറെയും പ്രേം കുമാരിയുടെയും മകനായി ജനനം. പാലക്കാട് ജില്ലയിലെ മുണ്ടൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പാലക്കാട് കോ ഓപ്പറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും പ്രീഡിഗ്രിയും പൂർത്തിയാക്കി.
സ്കൂൾ പഠനകാലത്ത് കാര്യമായ കലാപ്രവർത്തനമൊന്നും ഷാജുവിന് ഉണ്ടായില്ല. ഹൈസ്കൂൾ കാലഘട്ടത്തിൽ കൂട്ടുകാരോടൊപ്പം നാടകത്തിലും ഗാനമേളകളിലും പങ്കു ചേർന്നത് ആയിരുന്നു ആകെയുള്ള കലാപ്രവർത്തനങ്ങൾ. എങ്കിലും കലയോടുള്ള താല്പര്യം ഉള്ളിൽ ഉണ്ടായിരുന്നു. ഒരു ഗൾഫുകാരൻ ആകുക എന്നതായിരുന്നു ചെറുപ്പത്തിലേ ഉള്ള വലിയ ആഗ്രഹം.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തന്റെ ശബ്ദ സൗന്ദര്യം കൊണ്ട് നാട്ടിലെ ഗാനമേളകളിലും മറ്റു പരിപാടികളിലും ഷാജു അനൗൺസ്മെന്റ് ചെയ്യാൻ പോയിരുന്നു. അങ്ങിനെ ഒരു ഗാനമേള പരിപാടിയിൽ ആണ് മിമിക്രി കാണുന്നതും അതിൽ ആകൃഷ്ടനാകുന്നതും.
അതോടെ പാലക്കാട് സൂപ്പർ ജോക്കേഴ്സ് എന്നൊരു ട്രൂപ്പിൽ ചേർന്നു. അവിടെ മിമിക്രി ചെയ്തു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഒരു കോമഡി കാസറ്റിൽ നടൻ മോഹൻലാലിന്റെ ശബ്ദം അനുകരിക്കാൻ അവസരം കിട്ടുന്നത്. ആ കാസറ്റ്റ് ഹിറ്റായതോടൊപ്പം ഷാജുവിന്റെ പ്രകടനവും ശ്രെദ്ധിക്കപ്പെട്ടു. അങ്ങിനെ കൊച്ചിൻ സാഗർ എന്ന മിമിക്രി ട്രൂപ്പിലെ മിമിക്രി ആർട്ടിസ്റ്റ് ആയി ഷാജുവിന് അവസരം ലഭിച്ചു. പിന്നീട് "മിമിക്സ് ആക്ഷൻ 500" എന്ന സിനിമയിലൂടെ സിനിമാ അഭിനയം തുടങ്ങി. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. സിനിമയോടൊപ്പം തന്നെ നിരവധി ടി വി സീരിയലുകളിലും തന്റെ സാന്നിധ്യം നിലനിർത്തി.
മലയാള സിനിമയിൽ നായിക ആയിരുന്ന ചാന്ദ്നി എന്ന അഭിനേത്രിയെ ആണ് ഷാജു വിവാഹം ചെയ്തത്. രണ്ടു മക്കൾ. ഇടക്കാലത്ത് ഷാജുവും രണ്ടു മക്കളും ടിക്ക് ടോക്ക് വീഡിയോകളിൽ സജീവമാകുകയും പലതും വൈറൽ വീഡിയോ ആവുകയും ചെയ്തിരുന്നു. ഷാജുവിന്റെ മകൾ നീലാഞ്ജനയും സിനിമ അഭിനയ രംഗത്തുണ്ട്. ബ്രദേർസ് ഡേ എന്ന സിനിമയിൽ ബാലതാരമായി ആയിരുന്നു നീലാഞ്ജനയുടെ അരങ്ങേറ്റം. അഭിനയത്തോടൊപ്പം ഫ്ളവേഴ്സ് ചാനലിലെ കോമഡി ഫെസ്റ്റിവലിലെ അതിഥി ആയും ഷാജു ഇപ്പോൾ സജീവമാണ് . ജനപ്രിയൻ, സ്വലേ, ഈ തിരക്കിനിടയിൽ, ആംഗ്രി ബേർഡ്സ് , ഇത് താൻടാ പോലീസ്, റോമൻസ്, പാവാട , രാമലീല, അയ്യപ്പനും കോശിയും എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാൻ ഷാജുവിന് സാധിച്ചിട്ടുണ്ട്.