ഭീമൻ രഘു
മലയാളചലച്ചിത്ര നടൻ. 1953 ഒക്ടോബർ 6-ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. രഘു ദാമോദരൻ എന്നായിരുന്നു നാമം. അച്ഛൻ കെ പി ദാമോദരൻ നായർ, അമ്മ തങ്കമ്മ. അച്ഛൻ മുൻസിപ്പൽ കമ്മീഷണറായിരുന്നു. രഘുവിന്റെ പ്രാഥമിക വിദ്യാഭ്യാസം പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിലായിരുന്നു. എസ് ഡി കോളേജ് ആലപ്പുഴ, യൂണിവേഴ്സിറ്റികോളേജ് തിരുവനന്തപുരം എന്നി കോളേജുകളിലായിരുന്നു അദ്ദേഹം പഠിച്ചത്. അതിനുശേഷം തിരുവനന്തപുരം ഗവ്ണ്മെന്റ് ലോ കോളേജിൽ നിന്നും നിയമബിരുദവും എടുത്തു. വിദ്യാഭ്യാസത്തിനുശേഷം പോലീസിൽ ജോലി ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ എസ് ഐ ആയി ജോലി ചെയ്യവേ പ്രശസ്ത നടൻ മധുവുമായി പരിചയത്തിലാവുകയും അദ്ദേഹത്തിൻറെ നിർബന്ധപ്രകാരം 'പിന്നെയും പൂക്കുന്ന കാലം' എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്യുകയും ചെയ്തു. പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.
അനശ്വര നടൻ ജയന്റെ ആകസ്മിക മരണത്തിനു ശേഷം അദ്ദേഹത്തിൻറെ പകരക്കാരൻ എന്ന രീതിയിലാണ് ഭീമൻ രഘു ആദ്യം ശ്രദ്ധിയ്ക്കപ്പെട്ടത്. 1982-ൽ ഭീമൻ എന്ന സിനിമയിൽ നായകനായതോടെയാണ് ഭീമൻ രഘു എന്ന പേര് കിട്ടിയത്. പിന്നീട് ആ പേരിൽ ഭീമൻ രഘു അറിയപ്പെട്ടു. വില്ലൻ വേഷങ്ങളിലാണ് അദ്ദേഹം പ്രശസ്തനായത്. മലയാളസിനിമയിലെ പ്രമുഖ വില്ലനായി ഭീമൻ രഘു മാറി. വില്ലൻ വേഷങ്ങൾ കൂടാതെ ഭീമൻ രഘു കുറച്ചുകാലമായി കോമഡിറോളുകളും ചെയ്യാൻ തുടങ്ങി. രാജമാണിക്യം എന്ന ചിത്രത്തിലെ നായകന്റെ സഹായിയായ 'ക്വിന്റൽ വർക്കി' എന്ന ഹാസ്യകഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. രാജസേനൻ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലെ മുഴുനീള തമാശവേഷം ഹാസ്യനടനെന്ന നിലയിൽ മറ്റൊരു വഴിത്തിരിവായിരുന്നു.
ഭീമൻ രഘുവിന്റെ വിവാഹം 1978 ജനുവരി18-ന് ആയിരുന്നു. ഭാര്യയുടെ പേര് സുധ. മൂന്നു മക്കളാണ് ഭീമൻ രഘുവിനുള്ളത്.