നന്ദിനി
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1979 ഡിസംബർ 30 -ന് ശിവശങ്കർ സിദ്ധിനാഗപ്പയുടെ മകളായി ബാംഗ്ലൂരിൽ ജനിച്ചു. കവിത ശിവശങ്കർ എന്നാണ് ശരിയായ പേര്. മോഡലിംഗിലൂടെയാണ് കവിത സിനിമയിലെത്തുന്നത്. 1996 -ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിൽ നായികയായി സിനിമയിൽ തുടക്കം കുറിച്ചു. കവിത ശിവശങ്കർ എന്ന പേര് മാറ്റി നന്ദിനി എന്ന പുതിയ പേരുമായാണ് ഏപ്രി 19 -ൽ അഭിനയിച്ചത്.
1997 -ൽ കാലമെല്ലാം കാതൽ വാഴ്ക എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. തമിഴിൽ കൗസല്യ എന്ന പേരാണ് സ്വീകരിച്ചത്. ലേലം, തച്ചിലേടത്തു ചുണ്ടൻ, അയാൾ കഥ എഴുതുകയാണ് എന്നിവയുൾപ്പെടെ ഇരുപതോളം മലയാള സിനിമകളിലും മുപ്പതിലധികം തമിഴ് സിനിമകളിലും പത്തിലധികം തെലുങ്കു ചിത്രങ്ങളിലും ചില കന്നഡ സിനിമകളിലും നന്ദിനി അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ മലയാളം തമിഴ് ടെലിവിഷൻ പരമ്പരകളിലും നന്ദിനി അഭിനയിക്കുന്നുണ്ട്. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 1998 -ലെ മികച്ച നടിയ്കുള്ള ഫിലിം ഫെയർ അവാർഡ് നന്ദിനി നേടിയിട്ടുണ്ട്.