മുറ്റത്തെ മുല്ല
മക്കളെ നന്നാക്കേണ്ടത് അമ്മ. ഭർത്താവിനെ നന്നാക്കേണ്ടത് ഭാര്യ. ഒരു സ്ത്രീ വിചാരിച്ചാലേ ലോകം നന്നാക്കാൻ പറ്റുള്ളു എന്ന സന്ദേശം നൽകുന്നു "മുറ്റത്തെ മുല്ല".
Actors & Characters
Actors | Character |
---|---|
ഗോപി | |
ഗീത | |
ടെയ്ലർ കൊച്ചപ്പൻ | |
തമ്പി | |
സുപ്രൻ | |
ലക്ഷ്മിയമ്മ | |
പണിക്കർ | |
ബാബു | |
രാധ | |
കല്യാണി | |
ആനന്ദം | |
രമേഷ് | |
നർത്തകി |
Main Crew
കഥ സംഗ്രഹം
പ്രൊഫസർ എ.എസ്.പ്രകാശത്തിന്റെ കഥയെ ആസ്പദമാക്കി ഈ ചിത്രം ആദ്യം പുറത്തു വന്നത് തമിഴിലാണ് - 1973 ൽ "വീട്ട് മാപ്പിള്ളൈ" എന്ന പേരിൽ. "വീട്ട് മാപ്പിള്ളൈ"യുടെ റീമേക് ആണ് "മുറ്റത്തെ മുല്ല". പക്ഷേ, ടൈറ്റിലിൽ പ്രൊഫസർ എ.എസ്.പ്രകാശത്തിന്റെ പേരോ, "വീട്ട് മാപ്പിള്ളൈ"-യുടെ പേരോ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല.
ധനികനായ പണിക്കറിന്റെയും (കെ.പി.ഉമ്മർ), മഹേശ്വരിയുടെയും (കവിയൂർ പൊന്നമ്മ) മക്കളാണ് ഗീതയും (വിധുബാല), രാധയും (ഉഷാറാണി). പണിക്കറിന്റെ അമിതമായ ലാളനത്താൽ ഗീത ധിക്കാരിയും, താന്തോന്നിയുമായി വളരുന്നു. അവൾ വിചാരിച്ചതൊക്കെ അപ്പോത്തന്നെ നടക്കണം എന്ന പിടിവാശിക്കാരിയാണ് ഗീത. കോളേജ് വിദ്യാർത്ഥിനിയായ അവൾ കൂട്ടുകാരോടൊപ്പം ഊരു ചുറ്റിയും, ക്ലബ്ബിനും, പാർട്ടിക്കും മറ്റും പോയി ആർത്തുല്ലസിച്ചു ജീവിക്കുന്നു. മഹേശ്വരി അവളെ നേർവഴിക്ക് കൊണ്ടുവരാൻ നോക്കുമ്പോഴെല്ലാം പണിക്കർ ഇടപെട്ട് അവളെ അവളുടെ പോക്കിന് വിടുന്നു. രാധ ഗീതയുടെ നേർ എതിരാണ്.
ഗോപി (പ്രേംനസീർ) അവരുടെ വീട്ടിലെ ജോലിക്കാരനാണ്. വീട്ടിലെ എല്ലാവരുടെയും ആവശ്യങ്ങൾ ഓടിച്ചാടി നിറവേറ്റുന്നത് ഗോപിയാണ്. ഗോപിയും അമ്മ ലക്ഷ്മിയും (ടി.ആർ.ഓമന) അവരുടെ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഗീതയെ ഗോപിയും പലപ്പോഴും ഗുണദോഷിക്കുന്നുണ്ടെങ്കിലും അതൊന്നും ഗീത ചെവിക്കൊള്ളുന്നില്ലെന്ന് മാത്രമല്ല ഗോപിയെ അപമാനിക്കുയും ചെയ്യുന്നു. ഗീതയ്ക്ക് കുറെ ആൺ സുഹൃത്തുക്കളും ഉണ്ട്. രമേഷ് (ജനാർദ്ദനൻ) ആണ് അതിൽ ഒന്നാമൻ. ഒരു ന്യൂ ഇയർ പാർട്ടിയിലും, ഉല്ലാസയാത്രയ്ക്ക് കോവളത്തിലേക്ക് പോയപ്പോഴും രമേഷ് ഗീതയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുമ്പോൾ അവനിൽ നിന്നും ഗീതയെ രക്ഷിക്കുന്നത് ഗോപിയാണ്. ഗീത ഇതുപോലെ പുറത്തേക്ക് പോകുമ്പോഴൊക്കെ അവളറിയാതെ അവളുടെ രക്ഷയ്ക്കായി ഗോപിയെ പറഞ്ഞു വിടുന്നത് മഹേശ്വരിയാണ്.
കോവളത്തിലെ സംഭവത്തിന് ശേഷം പണിക്കർക്കും തന്റെ തെറ്റ് മനസ്സിലാവുകയും, ഗീതയുടെ പഠിത്തം പൂർണ്ണമാവുന്നതിന് മുൻപ് തന്നെ അവളെ വിവാഹം കഴിച്ചയാക്കാനും തീരുമാനിക്കുന്നു. വിവാഹ ദിവസം കതിർമണ്ഡപത്തിലിരിക്കുന്ന വരൻറെ കാതിൽ ഗീത തന്റെ കാമുകിയായിരുന്നുവെന്നും, പല പ്രാവശ്യം അവളെ താൻ പല ഹോട്ടലുകളിലേക്കും കൊണ്ടുപോയിട്ടുണ്ടെന്ന് രമേഷ് പറയുമ്പോൾ വരൻ അത് വിശ്വസിക്കുന്നത് കാരണം വിവാഹം മുടങ്ങുന്നു. ആ ആഘാതത്തിൽ പണിക്കർ ബോധംകെട്ടു വീഴുന്നു. പണിക്കരുടെ ജീവൻ രക്ഷിക്കാനും, കുടുംബത്തിന്റെ മാനം കാക്കാനും വേണ്ടി മഹേശ്വരി ഗീതയുടെ എതിർപ്പും അവഗണിച്ച് ഗോപിയെ നിർബന്ധപൂർവം ഗീതയ്ക്ക് വിവാഹം കഴിച്ചു കൊടുക്കുന്നു.
വിവാഹത്തിന് ശേഷം ഗോപിയും ഗീതയും പണിക്കരുടെ ആശീർവാദം വാങ്ങാനെത്തുമ്പോൾ, ഗോപിയാണ് ഗീതയുടെ ഭർത്താവെന്നറിഞ്ഞ് പണിക്കർ ഞെട്ടുക മാത്രമല്ല ചെയ്യുന്നത്, വീട്ടുജോലിക്കാരനായ അവനെ മകളുടെ ഭർത്താവായി അംഗീകരിക്കാനും അദ്ദേഹം തയ്യാറാവുന്നില്ല. ഗോപിയെ പണിക്കർ മുറിയിൽ നിന്നും ആട്ടിയോടിക്കുന്നു. അപ്പോൾ മഹേശ്വരി ഗീതയേയും പുറത്തേക്ക് പോകാൻ പറഞ്ഞ് ഗോപിക്ക് വേണ്ടി വാദിക്കുന്നു. അവൻ ഗീതയെ വിവാഹം കഴിച്ചില്ലെങ്കിൽ നിങ്ങൾക്ക് മാനത്തോടെ പുറത്തേക്കിറങ്ങി നടക്കാൻ കഴിയുമോ എന്ന് ചോദിക്കുമ്പോൾ, മകളെ വീട്ടുജോലിക്കാരന് വിവാഹം കഴിച്ചുകൊടുത്തു എന്നറിയുമ്പോൾ അത് തന്നെയാവില്ലേ അവസ്ഥ എന്ന് പണിക്കരും തിരിച്ചടിക്കുന്നു. അപ്പോൾ മഹേശ്വരി പറയുന്നു, അവനെന്താണൊരു കുറവ്, അവൻ നിങ്ങളുടെ സ്നേഹിതന്റെ മകനല്ലേയെന്ന്. ഗോപിയുടെ മുറിയിലെത്തിയ ഗീതയും ലക്ഷ്മിയോട് ഗോപിയെ ഒരിക്കലും തന്റെ ഭർത്താവായി അംഗീകരിക്കാൻ കഴിയില്ല എന്ന് തീർത്തു പറയുന്നു. അവളെ ഗുണദോഷിക്കാൻ നോക്കുന്ന ലക്ഷ്മിയെ ഗീത അപമാനിക്കുന്നു.
എല്ലാം കേട്ട് പുറത്തു നിൽക്കുന്ന ഗോപിയോട് ഭർത്താവാണെന്നും പറഞ്ഞ് തന്നെ ഒരിക്കലും ഭരിക്കാൻ വന്നേക്കരുതെന്നും, തന്റെ മുറിയിൽ കാലെടുത്തു വെക്കരുതെന്നും പറഞ്ഞ് അവളുടെ മുറിയിലേക്ക് കയറി വാതിൽ അടയ്ക്കുന്നു. പുറത്തിരിക്കുന്ന ഗോപിയോട് കാര്യമന്വേഷിക്കുന്ന മഹേശ്വരിയോട്, താൻ അകത്തേക്ക് കയറിയാൽ ഗീത വിഷം കഴിച്ചു മരിക്കും എന്ന് പറഞ്ഞതു കൊണ്ടാണ് പുറത്തിരിക്കുന്നതെന്ന് ഗോപി പറയുന്നു. എന്നാൽ അതൊന്ന് കാണണമല്ലോ എന്ന് പറഞ്ഞ് മഹേശ്വരി ഗോപിയെ ഗീതയുടെ മുറിയിലേക്ക് നിർബന്ധിച്ച് കടത്തിവിടുന്നു. ഗോപിയെ അവിടെ കാണുന്ന ഗീത കലികൊണ്ട് തുള്ളുമ്പോൾ, മഹേശ്വരി നിർബന്ധിച്ചു തന്നെ ഇവിടേക്ക് കടത്തിവിട്ടതാണെന്ന് ഗോപി പറയുന്നു. അവൻ പറയുന്നതൊന്നും ഗീത വിശ്വസിക്കുന്നില്ലെന്ന് മാത്രമല്ല, അച്ഛന്റെ സ്വത്ത് മോഹിച്ചാണ് നിങ്ങൾ എന്റെ വിവാഹം കഴിച്ചതെന്ന് ആരോപിക്കുന്നു. മഹേശ്വരിയുടെ മനസ്സമാധാനത്തിന് വേണ്ടി മാത്രമെങ്കിലും ഇന്നത്തെ രാത്രി ഇവിടെ ഒരു മൂലയിൽ കിടക്കാൻ അനുവദിക്കു എന്ന് ഗോപി കെഞ്ചുന്നത് വകവെക്കാതെ അവനെ മുറിയിൽ നിന്നും ഗീത ആട്ടിപ്പുറത്താക്കുന്നു.
വിഷമത്തോടെ തന്റെ മുറിയിലേക്ക് വരുന്ന ഗോപിയെ അമ്മ സമാശ്വസിപ്പിച്ച്, എന്തൊക്കെയായാലും ഇന്നവൾ നിന്റെ ഭാര്യയാണ്, അവളെ തിരുത്തിയെടുക്കേണ്ടത് നിന്റെ ചുമതലയാണെന്ന് പറഞ്ഞ് പറഞ്ഞയക്കുന്നു. ഗോപിക്ക് പക്ഷേ ഗീതയുടെ അനുവാദമില്ലാതെ അവളുടെ മുറിക്കകത്തേക്ക് കടക്കാൻ മനസ്സു വരാത്തതിനാൽ മുറിക്ക് പുറത്തു തന്നെ കിടന്നുറങ്ങുന്നു. ലക്ഷ്മി പതിവ് പോലെ മകന് ചോറു വിളമ്പിക്കൊണ്ടിരിക്കുമ്പോൾ മഹേശ്വരി വന്ന് ലക്ഷ്മിയെ മാറി നിൽക്കാൻ പറയുകയും, ഗോപിയോട് ഗീതയെ വിളിച്ച് ചോറ് വിളമ്പിത്തരാൻ പറയു എന്നും പറഞ്ഞ് ലക്ഷ്മിയെയും കൂട്ടി അപ്പുറത്തേക്ക് പോകുന്നു. ഗോപി ഗീത ചോറു വിളമ്പിത്തരാൻ വിളിക്കുമ്പോൾ അവൾ വിസമ്മതിക്കുന്നു. അപ്പോൾ ഗോപി അവളെ തല്ലുമ്പോൾ താൻ വരാമെന്ന് സമ്മതിക്കുന്നു. അവളോട് ഇനിമുതൽ നമ്മൾ ഒന്നിച്ചു വേണം ഊണുകഴിക്കാൻ എന്ന് ഗോപി പറയുമ്പോൾ, മഹേശ്വരിയും ലക്ഷ്മിയും അത് കണ്ട് സന്തോഷിക്കുന്നു.
ഗോപി തന്നെ അടിച്ച വിവരം ഗീത അച്ചനോട് പറയുമ്പോൾ പണിക്കർ ദേഷ്യപ്പെട്ട് ഗോപിയെ വീട്ടിൽ നിന്നും ഇറക്കിവിടും എന്ന് പറയുന്നു. അപ്പോൾ മഹേശ്വരി ഇന്ന് ഗോപി ഗീതയുടെ ഭർത്താവാണ്, അവരുടെ കാര്യത്തിൽ ഇനി നിങ്ങൾ ഇടപെടരുത് എന്ന് പറയുന്നു. അതുകേട്ട് ഗീതയുടെ ജീവിതം നീ നശിപ്പിച്ചു എന്ന് പണിക്കർ പറയുമ്പോൾ, അവളുടെ ജീവിതം ആരംഭിച്ചിട്ടേയുള്ളു, അതിനുള്ളിൽ നശിപ്പിച്ചു എന്ന് വിധിയെഴുതരുതെന്ന് മഹേശ്വരിയും പറയുന്നു. ആ വാഗ്വാദത്തിൽ വാശിയേറിയ പണിക്കർ രാധയുടെ വിവാഹമെങ്കിലും തന്റെ അന്തസ്സിന് പറ്റിയ പോലെ നല്ലൊരു ചെറുക്കനുമായി പതിനഞ്ചു ദിവസത്തിനുള്ളിൽ നടത്തും എന്ന് പറയുന്നു,
വിവാഹ ബ്രോക്കർ ബാബുവിന്റെ (എം.ജി.സോമൻ) ആലോചനയുമായി വരുമ്പോൾ പണിക്കർ ഒട്ടും ആലോചിക്കാതെ രാധയെ ബാബുവിന് വിവാഹം ചെയ്തു കൊടുക്കുന്നു. പണിക്കരുടെ നിർബന്ധപ്രകാരം ബാബു പണിക്കരുടെ വീട്ടിൽ തന്നെ താമസിക്കാൻ സമ്മതിക്കുന്നു. ബാബുവിന് യാതൊരു ചീത്ത ശീലവും ഇല്ലെന്ന് വിശ്വസിക്കുന്നു പണിക്കർ. എന്നാൽ ആദ്യരാത്രിയിൽ തന്നെ അവന് എല്ലാവിധ ചീത്ത ശീലങ്ങളും ഉണ്ടെന്ന് രാധ മനസ്സിലാക്കുന്നു. വന്നപാടെ തന്റെ മുറിയിൽ എ.സി. വേണമെന്നവൻ രാധയോട് പറയുന്നു.
ഓണത്തിന് എല്ലാവർക്കും വിലപ്പിടിപ്പുള്ള ഓണക്കോടിയെടുത്ത് പണിക്കർ തന്റെ കൈകൊണ്ട് തന്നെ എല്ലാവര്ക്കും കൊടുക്കുന്നു. ഗോപിക്കും മാത്രം വില കുറഞ്ഞത് വാങ്ങിച്ച് അത് തന്റെ കൈകൊണ്ട് കൊടുക്കാതെ അവനെക്കൊണ്ട് തന്നെ എടുക്കാൻ പറയുന്നു. വിലകൂടിയ വസ്ത്രമായിട്ടും ബാബു അതിൽ അസംതൃപ്തി പ്രകടിപ്പിക്കുന്നു. തനിക്ക് കുതിരപ്പന്തയത്തിനുള്ള സമയമായി എന്നും പറഞ്ഞ് പുറത്തേക്ക് പോകുന്നു. ഗോപിയോട് നിങ്ങൾ ചെയ്തത് ശരിയായില്ല എന്ന് മഹേശ്വരി പണിക്കരോട് പറയുമ്പോൾ, എനിക്ക് തോന്നുന്നതേ ഞാൻ ചെയ്യുള്ളു എന്ന് പറയുന്നു. ലക്ഷ്മിക്ക് പണിക്കർ ഓണക്കോടി കൊടുക്കില്ലെന്ന് അറിയാമായിരുന്ന മഹേശ്വരി അവർക്ക് വേണ്ടി നേരത്തെ വാങ്ങിവെച്ചിരുന്ന ഓണക്കോടി എടുത്തു കൊടുക്കുന്നു.
ബാബു തന്റെ ഷൂ പോളിഷ് ചെയ്തു തരാൻ വേണ്ടി ഗോപിയോട് പറയുമ്പോൾ, ആ പണിയൊക്കെ ഞാൻ എന്നെ നിർത്തിയെന്ന് ഗോപി പറയുന്നു. അപ്പോൾ ബാബു ഗോപിയെ അപമാനപ്പെടുത്തി സംസാരിച്ച് നീ ഷൂവിന് പോളിഷ് ചെയ്തു തന്നെ മതിയാവു എന്ന് പറയുമ്പോൾ ഗോപി ഷൂ മാലപോലെയാക്കി ബാബുവിന്റെ കഴുത്തിൽ അണിയിക്കുന്നു. ഇതറിയുന്ന പണിക്കർ ഗോപിയെ വിളിച്ച് അധിക്ഷേപിച്ച് ബാബുവിന്റെ ഷൂ പോളിഷ് ചെയ്തുകൊടുക്കാൻ പറയുമ്പോൾ ഗോപി വിസമ്മതിക്കുന്നു. അരിശം മൂത്ത പണിക്കർ ഗോപിയെ അടിക്കാൻ നോക്കുമ്പോൾ ലക്ഷ്മി വന്ന് തടുക്കുന്നു. അപ്പോൾ പണിക്കർ ലക്ഷ്മിയെയും അധിക്ഷേപിക്കുന്നു. ഇത്രയും കാലം എന്റെ മകനുവേണ്ടി എല്ലാം സഹിച്ചു, ഇനിയും സഹിക്കാൻ പറ്റില്ലെന്ന് ലക്ഷ്മി മറുപടി പറയുന്നു. അപ്പോൾ പണിക്കർ ഗോപിയെയും ബാബുവിനെയും താതമ്യപ്പെടുത്തി സംസാരിക്കുമ്പോൾ, ലക്ഷ്മിയും അതിന് തക്ക മറുപടി കൊടുക്കുന്നു. അതിൽ കുപിതനായ ബാബു ലക്ഷ്മിയെ തള്ളുന്നു. അതുകണ്ട് സഹിക്കാൻ കഴിയാത്ത ഗോപി ബാബുവിനെ പൊതിരെ തല്ലുന്നു. രാധ വന്ന് തടുക്കുമ്പോഴാണ് ഗോപി തല്ലുന്നത് നിർത്തുന്നത്. തന്റെ മുൻപിൽ വെച്ച് തന്നെ ഇളയ മരുമകനെ തല്ലുന്നത് കണ്ട പണിക്കർ ഗോപിയെ വീട്ടിൽ നിന്നും പുറത്താക്കുന്നു. ഗോപി ലക്ഷ്മിയെയും കൂട്ടി പുറത്തിറങ്ങുമ്പോൾ കൂസലില്ലാതെ നിൽക്കുന്ന ഗീതയെ നോക്കി മഹേശ്വരി പറയുന്നു - അവൾ അച്ഛന്റെ മോളാണ്, നിന്റെ ഭാര്യയല്ല. ഒരു വിധവയെപ്പോലെ ഇവിടെക്കിടന്ന് നരകിച്ചാലും അവൾ വരില്ല. അതുകേട്ട് ഗീത ഗോപിയുടെ പിറകെ പോകുമ്പോൾ പണിക്കർ തടയുന്നു. അപ്പോൾ അവൾ പറയുന്നു - ഞാൻ ഗോപിയുടെ കൂടെ ജീവിക്കാനല്ല പോകുന്നത്, നരകിച്ചു മരിക്കാനാണ്.
വീടുവിട്ടിറങ്ങിയ ഗോപിയ്ക്ക് താമസിക്കാൻ വീടും, വീടിന് വേണ്ട അത്യാവശ്യ സാധനങ്ങളുമെല്ലാം ഏർപ്പാടാക്കി കൊടുക്കുന്നത് പണിക്കരുടെ വീട്ടിലെ കുടുംബ ടൈലറായ കൊച്ചപ്പനും (അടൂർഭാസി) അയാളുടെ സഹായികളായ കല്യാണിയും (മീന) ആന്ദവുമാണ് (ശ്രീലത). ഈ കുടിലുപോലുള്ള വീട്ടിൽ തനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് ഗീത പറയുമ്പോൾ, ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് ജീവിച്ചേ പറ്റു എന്ന് ഗോപി അധികാരത്തോടെ പറയുന്നു. ഗോപി ജോലിയന്വേഷിച്ച് പുറത്തിറങ്ങുന്നു.
ഓരോരോ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ബാബു രാധയെ അയച്ച് പണിക്കരിൽ നിന്നും പണം കൂടെക്കൂടെ വാങ്ങിച്ചുകൊണ്ടിരിക്കുന്നു. വീണ്ടും അതുപോലെ ബാബു പണം ആവശ്യപ്പെടുമ്പോൾ രാധ ഇനി അച്ഛനോട് ചോദിക്കില്ലെന്ന് പറയുന്നു. പണം കിട്ടാത്ത സ്ഥിതിക്ക് രാധയുടെ ആഭരണങ്ങൾ പണയം വെച്ച് പണം വാങ്ങിക്കാം എന്ന് പറയുമ്പോൾ, അതൊക്കെ അമ്മ ഭദ്രമായി സേഫിൽ വെച്ചിരിക്കുകയാണെന്ന് രാധ പറയുന്നു. രാത്രിയിൽ ബാബു ആ ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുമ്പോൾ പണിക്കർ അവനെ കൈയ്യോടെ പിടികൂടുന്നു. അപ്പോൾ മഹേശ്വരി ഇപ്പോൾ എങ്ങിനിരിക്കുന്നു എന്ന ഭാവത്തിൽ പണിക്കരെ നോക്കുന്നു. നിന്നെ ഇങ്ങിനെയല്ല ഞാൻ കരുതിയിരുന്നത് എന്ന് ബാബുവിനെ നോക്കി പണിക്കർ പറയുമ്പോൾ, ഇനി ഇങ്ങിനെയൊക്കെ കരുതിയാൽ മതി എന്ന് ബാബു പറയുന്നു. മകളെ ലാളിച്ചു വളർത്തി വഷളാക്കിയത് പോലെ, മരുമകനെയും നിങ്ങൾ വഷളാക്കരുത് എന്നും, അവർക്ക് ഒരു വീട് വാങ്ങിച്ചു കൊടുത്ത് തനിയെ താമസിപ്പിച്ച് ജീവിതം എന്താണെന്ന് അവർ പഠിക്കട്ടെ എന്ന് മഹേശ്വരി പണിക്കരോട് പറയുമ്പോൾ പണിക്കർ അത് ശരിവെക്കുന്നു.
ഗോപി ചുമട്ടുജോലി ചെയ്ത് ജീവിക്കാനുള്ള വകയുണ്ടാക്കുന്നു. ആഹാരം കഴിക്കാതെ ഗീത പട്ടിണി കിടക്കുമ്പോൾ ലക്ഷ്മി അവൾക്ക് ആഹാരം കൊടുത്ത് കഴിക്കാൻ നിർബന്ധിക്കുമ്പോൾ അവൾ അത് തട്ടിക്കളയുന്നു. അപ്പോൾ ലക്ഷ്മി സഹികെട്ട് അവരുടെ കഥ പറയുന്നു - അത് ഗീതയുടെ അച്ഛന്റെകൂടി ആദ്യകാലത്തെ കഥയാണ്.
ലക്ഷ്മിയും, ഭർത്താവ് തമ്പിയും (ജോസ്പ്രകാശ്) കൈക്കുഞ്ഞായ ഗോപിയും സിംഗപ്പൂരിലെ ധനികരായിരുന്നു. ഗീതയുടെ അച്ഛൻ അന്ന് ഗോപിയുടെ അച്ഛന്റെ കീഴിൽ ജോലി നോക്കുന്ന ഒരു ഉദ്യോഗസ്ഥനും. മഹായുദ്ധം നടന്നപ്പോൾ അവർ സിംഗപ്പൂർ വിടാൻ നിർബന്ധിതരാവുന്നു. സമ്പാദ്യമെല്ലാം ഒരു പെട്ടിക്കുള്ളിലാക്കി തമ്പി ലക്ഷ്മിയെയും, ഗോപിയെയും പണിക്കരുടെ കൂടെ നാട്ടിലേക്ക് പറഞ്ഞയക്കുന്നു. അവിടെ ചില ഉത്തരവാദിത്വങ്ങൾ ചെയ്തു തീർക്കാനുളളത് കൊണ്ട് അതൊക്കെ ചെയ്തു തീർത്ത ശേഷം നാട്ടിലേക്ക് വരാം എന്നും അദ്ദേഹം പറയുന്നു. എന്നാൽ യുദ്ധം അവസാനിച്ച ശേഷവും തമ്പി തിരിച്ചെത്തിയില്ലെന്ന് മാത്രമല്ല, അദ്ദേഹം മരിച്ചു എന്ന വാർത്തയാണ് അവരെത്തേടിയെത്തുന്നത്. അതു കേട്ടതോടെ പണിക്കരുടെ മട്ട് മാറുന്നു. സ്വത്തെല്ലാം തന്റെ പേർക്കലാക്കി ലക്ഷ്മിയെയും, ഗോപിയെയും ഒരു ജോലിക്കാരെപ്പോലെ കണക്കാക്കുന്നു. മകനെ വളർത്തിയെടുക്കാൻ വേണ്ടി മാത്രമാണ് ഈ സത്യം താൻ ഇതുവരെ മറച്ചുവെച്ചതെന്ന് ലക്ഷ്മി ഗീതയോട് പറയുന്നു. എല്ലാം കേട്ടശേഷം ഗീത ലക്ഷ്മിയോട് മാപ്പ് ചോദിക്കുന്നു. അന്നേരം വീട്ടിലോട്ട് കേറിവരുന്ന ഗോപിയോടും ഗീത മാപ്പ് ചോദിക്കുന്നു.
ഗോപി ചുമട്ടു ജോലി ചെയ്യുന്നത് കാണാനിടയാകുന്ന ബാബു പണിക്കരോട് അതിനെക്കുറിച്ച് പുച്ഛത്തോടെ പറയുമ്പോൾ പണിക്കരും വാവിട്ടു ചിരിച്ച് പുച്ഛിച്ചു സംസാരിക്കുമ്പോൾ മഹേശ്വരി പറയുന്നു - ഇവിടത്തെ ചില ഇരപ്പാളികളെപ്പോലെയല്ല ഗോപി, അവൻ അന്തസ്സുള്ളവനാണ് എന്ന്. ഗീത അനുസരണയുള്ളവളായി പുതിയ ജീവിതത്തിൽ പൊരുത്തപ്പെട്ട് ജീവിക്കാൻ തുടങ്ങുന്നു. പതിവായി കിട്ടിയിരുന്ന ചുമട്ടു ജോലി കിട്ടാതെ വന്നപ്പോൾ അഴുക്ക് ചാൽ വൃത്തിയാക്കി നിത്യവൃത്തിക്കുള്ള വകയുണ്ടാക്കാൻ ഗോപി മടി കാണിക്കുന്നില്ല.
രാധയും, ഗീതയും ഗർഭിണികളാണെന്നും, നമുക്ക് കൊച്ചുമക്കൾ പിറക്കാൻ പോവുകയാണെന്നും മഹേശ്വരി പറയുമ്പോൾ നിഷേധിയായ ഗീതയുടെ പേരുപോലും പറയരുതെന്ന് പണിക്കർ പറയുന്നു. ഗീതയ്ക്ക് കൊടുക്കാൻ വേണ്ടി മഹേശ്വരി പലഹാരങ്ങൾ കല്യാണിയുടെ പക്കൽ കൊടുത്തയക്കുമ്പോൾ പണിക്കർ കല്യാണിയുടെ പക്കൽ നിന്നും അത് തിരിച്ചുവാങ്ങി പട്ടികൾക്ക് എറിഞ്ഞു കൊടുക്കുന്നു. കഠിനാദ്ധ്വാനം കാരണം ഗോപി നെഞ്ചുവേദന പിടിപെട്ട് കിടപ്പിലാകുന്നു. വീട്ടിൽ പണമില്ലാത്തതിനാൽ കൊച്ചപ്പനിൽ നിന്നും കുറച്ച് പണം കടം വാങ്ങിക്കാനായി ഗോപി ഗീതയെ പറഞ്ഞയക്കുമ്പോൾ, കൊച്ചപ്പന്റെ തയ്യൽക്കടയിൽ മോഷണം നടന്നതിനാൽ അയാൾ പോലീസ് സ്റ്റേഷനിലേക്ക് പോയിരിക്കുകയാണെന്നറിയുന്നു.
രണ്ടു ദിവസമായി എല്ലാവരും പട്ടിണിയായതിനാൽ ലക്ഷ്മി പുറത്തേക്ക് പോയി യാചിച്ച് പണമുണ്ടാക്കുന്നു. ആ സമയത്ത് ഗോപിയുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ കൊച്ചപ്പൻ ഓടിവന്ന് കുറച്ച് പണം നൽകുന്നു. ഗീത അതുമായി ഡോക്ടറെക്കണ്ട് ഗോപിയ്ക്ക് മരുന്ന് വാങ്ങാൻ പോകുമ്പോൾ ലക്ഷ്മി യാചിക്കുന്നത് കാണാനിടയാകുന്നു. ലക്ഷ്മി തിരിച്ചു വരുമ്പോൾ ഗോപിയ്ക്കുള്ള മരുന്നും, പാചകത്തിനുള്ള സാധനങ്ങളുമായി വരുന്നു. ഗീതയിൽ നിന്നും അമ്മ യാചന നടത്തിയ വിവരം അറിയുന്ന ഗോപി പിച്ചയെടുത്തു വാങ്ങിച്ചതൊന്നും നമുക്ക് വേണ്ട എന്ന് പറഞ്ഞ് അമ്മയെ ശകാരിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറയുന്നു. അത് സഹിക്കാൻ കഴിയാതെ ലക്ഷ്മി രാത്രി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നു. ഗോപിയും, ഗീതയും എങ്ങു തേടിയും ലക്ഷ്മിയെ കണ്ടെത്താൻ കഴിയുന്നില്ല.
ഗീത പ്രസവവേദനയാൽ തുടിക്കുമ്പോൾ കല്യാണി മഹേശ്വരിയെ സഹായത്തിന് വിളിക്കുന്നു. പണിക്കരുടെ വിലക്ക് മാനിക്കാതെ മഹേശ്വരി ഇറങ്ങാൻ നിൽക്കുമ്പോൾ പണിക്കാരി വന്ന് രാധയും പ്രസവവേദനയാൽ തുടിക്കുന്നു എന്ന് പറയുമ്പോൾ മഹേശ്വരിക്ക് കല്യാണിയോടൊപ്പം പോകാൻ കഴിയാതെ വരുന്നു. ഗീതയും, രാധയും ഓരോ ആൺകുഞ്ഞിന് ജന്മം നൽകുന്നു. രാധയുടെ മകന്റെ നൂലുകെട്ട് ചടങ്ങ് വലിയ ആഘോഷത്തോടെ നടത്തുന്നു. അതിൽ പങ്കെടുക്കാൻ വന്ന അതിഥികളെ ബാബു അപമാനിക്കുന്നു. അതിഥികളെ മാത്രമല്ല പണിക്കരെയും ബാബു അപമാനിക്കുന്നു എന്ന് മാത്രമല്ല, രാധയെയും കുഞ്ഞിനേയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോകുന്നു. എല്ലാം തികഞ്ഞ മരുമകൻ എന്നുപറഞ്ഞ് തലയിൽ വെച്ച് കൊണ്ടാടിയവൻ എങ്ങിനെയുണ്ടെന്ന് ചോദിച്ച് മഹേശ്വരി പണിക്കാരെ കുത്തിക്കാണിക്കുന്നു.
ഒരു ദിവസം ഗോപി ജോലിക്ക് പുറപ്പെടുമ്പോൾ ഗോപിയുടെ കൈയ്യിൽ അമ്പത് രൂപ കൊടുത്ത്, ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കുഞ്ഞിന് അരഞ്ഞാണവും, ഉടുപ്പും വാങ്ങി വരാൻ ഗീത പറയുമ്പോൾ ഗോപി ഇത്രയും രൂപ നിനക്കെവിടെനിന്ന് കിട്ടി എന്ന് ചോദിക്കുന്നു. അപ്പോൾ ഗീത ഗോപി തരുന്ന പണത്തിൽ നിന്നും മിച്ചം പിടിച്ചുവെച്ചതാണെന്ന് കള്ളം പറയുന്നു. അതിൽ വിശ്വാസം വരാതെ ഗോപി പുറത്തേക്ക് പോകുമ്പോൾ കല്യാണി വീട്ടിലേക്ക് കേറി വരുന്നു. കല്യാണി പരുങ്ങുന്നത് കാണുന്ന ഗോപി അവൾ അറിയാതെ മറഞ്ഞു നിൽക്കുന്നു. അപ്പോൾ കല്യാണിയും ഗീതയും തമ്മിൽ സംസാരിക്കുന്നതിൽ നിന്നും കല്യാണിയുടെ നിർബന്ധപ്രകാരം ഗീത താൻ അറിയാതെ എന്തോ ചെയ്യുന്നു എന്ന് ഗോപി മനസ്സിലാക്കുന്നു. ഗീത ധൃതിയിൽ പുറത്തേക്ക് പോകുന്നത് കാണുന്ന ഗോപി അവൾ അറിയാതെ അവളെ പിന്തുടരുന്നു. ഗീത ഒരു വീട്ടിൽ കയറി അൽപ സമയത്തിന് ശേഷം ഒരു പുരുഷനിൽ നിന്നും പണം വാങ്ങിച്ച് പുറത്തു വരുമ്പോൾ ഗീത ശരീരം വിറ്റു പണം സമ്പാദിക്കുകയാണെന്ന് തെറ്റിദ്ധരിക്കുന്ന ഗോപി അവളെ തല്ലുന്നു. അപ്പോൾ അവൾക്ക് പണം നൽകിയ പുരുഷനും, ഒരു കൈക്കുഞ്ഞുമായി അയാളുടെ അമ്മയും പുറത്ത് വന്ന് ഗോപിയുടെ തെറ്റിധാരണ മാറ്റുന്നു - പ്രസവിച്ച ഉടനെ അമ്മ മരിച്ചുപോയ ആ കുഞ്ഞിന് മുലപ്പാൽ കൊടുക്കാനാണ് ഗീത അവിടേക്ക് വരുന്നതും, അതിനുള്ള പ്രതിഫലമാണ് അവൾ കൈപ്പറ്റുന്നതും. ചെയ്ത തെറ്റിന് ഗോപി പശ്ചാത്തപിക്കുന്നു.
ബാബു ക്ലബുകൾ തോറും കേറിയിറങ്ങി ചീട്ടുകളിച്ച് ദൂർത്തടിച്ച് നടന്ന് കടക്കെണിയിൽപ്പെട്ട് വീടും, കാറും എല്ലാം നഷ്ടപ്പെട്ട് പണിക്കരുടെ വീട്ടിലേക്ക് തന്നെ തിരിച്ചെത്തുന്നു. വീട്ടിൽ നിന്നും ഇറക്കിവിടാൻ മനസ്സില്ലാത്തത് കൊണ്ട് പണിക്കർ അവരെ അവിടെ തന്നെ താമസിക്കാൻ സമ്മതിക്കുന്നു.
മരിച്ചുവെന്ന് കരുതിയ തമ്പി തികച്ചും അപ്രതീക്ഷിതമായി സിംഗപ്പൂരിൽ നിന്നും മടങ്ങി വന്ന് പണിക്കരെ നേരെ അദ്ദേഹത്തിന്റെ കമ്പനിയിൽ ചെല്ലുന്നു. ആ സമയത്ത് പണിക്കർ കമ്പനി വിൽക്കാൻ തീരുമാനിച്ചിരുക്കുകയായിരുന്നു. തമ്പിയെ കാണുന്ന വാച്ച്മാൻ കമ്പനി വിലയ്ക്ക് വാങ്ങാൻ വന്ന ആളാണെന്ന് കരുതുന്നു. വിലയ്ക്ക് വാങ്ങാൻ വന്നതല്ല, പണിക്കരിന്റെ സുഹൃത്താണെന്ന് പറഞ്ഞ് തമ്പി അകത്തേക്ക് പോകുന്നു. തമ്പിയെക്കണ്ട് പണിക്കർ പകച്ചു നിൽക്കുന്നു. അപ്പോൾ തമ്പി നടന്നതെന്തെന്ന് വിവരിക്കുന്നു - എല്ലാവരെയും നാട്ടിലേക്ക് അയച്ച ശേഷം പ്രതീക്ഷിച്ചപ്പോലെ തമ്പിക്ക് നാട്ടിലേക്ക് വരാൻ കഴിയാതെ പോയെന്നും, കുറേക്കാലം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു എന്നും, എങ്കിലും പിന്നീട് വീണ്ടും പഴയത് പോലെ നല്ല സ്ഥിതിയിൽ എത്തി എന്നും തമ്പി പറയുന്നു. ശേഷം തന്റെ ഭാര്യയും, മകനും എവിടെയെന്നന്വേഷിക്കുന്നു. അതിന് പണിക്കർ അവർ തന്റെ വീട്ടിലില്ല എന്നും, നിങ്ങൾ തന്നെ അന്വേഷിച്ച് കണ്ടുപിടിച്ചോളു എന്നും പറയുന്നു. അവർ വീടുവിട്ടു പോകാൻ അങ്ങിനെ എന്ത് സംഭവിച്ചു എന്ന് തമ്പി അന്വേഷിക്കുമ്പോൾ, നിങ്ങളുടെ മകൻ എന്റെ മകളെ വിളിച്ചിറക്കി തന്റെ കൂടെ താമസിപ്പിച്ചിരിക്കുകയാണെന്നും, എന്റെ കുടുംബം നശിപ്പിച്ചത് കൊണ്ട് താൻ അവരെക്കുറിച്ച് അന്വേഷിച്ചില്ലെന്നും പറയുന്നു. നമ്മുടെ രണ്ടു കുടുംബങ്ങളും ഒരു കുടുംബം പോലെ കഴിഞ്ഞത് കൊണ്ട് എന്റെ മകൻ നിങ്ങളുടെ മകളെ വിവാഹം കഴിച്ചെങ്കിൽ അത് അഭിമാനിക്കേണ്ട കാര്യമല്ലേ എന്ന് തമ്പി ചോദിക്കുമ്പോൾ, എനിക്കങ്ങനെ അഭിമാനിക്കാൻ കഴിയില്ലെന്ന് പണിക്കർ പറയുന്നു. അവരിപ്പോൾ എവിടെയാണെന്ന് തമ്പി വീണ്ടും ചോദിക്കുമ്പോൾ എവിടെയോ ഒരു കുടിലിൽ താമസിക്കുന്നു എന്ന് പണിക്കർ പറയുന്നു. അവരെന്തിന് കുടിയിൽ കഴിയണം, അവർക്ക് നല്ലൊരു വീട് വാങ്ങാനുള്ള കാശും, ജീവിക്കാനുള്ള തുകയും നിങ്ങളുടെ കൈയ്യിൽ തന്നയച്ചതല്ലേ എന്ന് തമ്പി ചോദിക്കുമ്പോൾ, അതൊക്കെ ലക്ഷ്മി ദൂർത്തടിച്ചു നശിപ്പിച്ചു എന്ന് പണിക്കർ പറയുമ്പോൾ, ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് തമ്പി പറയുമ്പോൾ, ലക്ഷ്മിയെയും ഗോപി വീട്ടിൽ നിന്നും പുറത്താക്കി എന്നാണ് കേട്ടത് എന്ന് പണിക്കർ പറയുന്നു. ചിന്താക്കുഴപ്പത്തിലായ തമ്പി വിഷമത്തോടെ പുറത്തേക്കിറങ്ങുന്നു.
ലക്ഷ്മിയെയും, മകനെയും അന്വേഷിച്ചിറങ്ങിയ തമ്പി കൊച്ചപ്പനെ കാണുന്നു. കൊച്ചപ്പനിൽ നിന്നും പണിക്കർ തന്റെ കുടുംബത്തിന് ചെയ്ത വഞ്ചന മുഴുവൻ തമ്പി മനസ്സിലാക്കുന്നു. ഗോപി ഗീതയേയും കുഞ്ഞിനേയും കൊണ്ട് അടുത്തുള്ള അമ്പലത്തിൽ പോയിരിക്കുകയാണെന്നറിഞ്ഞ് തമ്പി അവിടേക്ക് പോകുന്നു. അമ്പലമുറ്റത്ത് യാചകരുടെ കൂട്ടത്തിൽ ലക്ഷ്മിയും ഇരിക്കുന്നു. ഗോപി വഴിപാട് കഴിഞ്ഞ് തിരിച്ചു വരുന്നത് കാണുന്ന ലക്ഷ്മി അവർ കാണാതിരിക്കാൻ മേല്മുണ്ടുകൊണ്ട് മുഖം മറച്ചിരിക്കുന്നു. ഗോപി പോയ ശേഷം പൂജാരിയോട് ഗോപിയുടെ കുഞ്ഞിന്റെ നക്ഷത്രം എന്താണെന്ന് ചോദിച്ച് കുഞ്ഞിന്റെ പേരിൽ വഴിപാട് കഴിക്കാൻ പറയുമ്പോൾ, പൂജാരി അവരോട് കാര്യം തിരക്കുന്നു. ആ കുഞ്ഞ് തന്റെ പേരക്കുട്ടിയാണെന്നും, സാഹചര്യം തന്നെ മകനിൽ നിന്നും അകത്തി നിർത്തിയിരിക്കുന്നുവെന്നും, ഭർത്താവ് സിംഗപ്പൂരിൽ വെച്ച് മരിച്ചു പോയി എന്നും, തനിക്ക് വേറാരുമില്ല എന്നും അവർ പറയുന്ന നേരത്ത് തമ്പി അവിടെ എത്തുന്നു. ഭർത്താവിനെ ജീവനോടെ കാണുന്ന ലക്ഷ്മി ആനന്ദക്കണ്ണീർ പൊഴിക്കുന്നു. രണ്ടുപേരും ഗോപിയുടെ വീട്ടിലേക്ക് ചെല്ലുന്നു. അമ്മയെയും അച്ഛനെയും തിരിച്ചുകിട്ടിയതിൽ ഗോപി സന്തോഷവാനാകുന്നു. തന്റെ കുടുംബത്തോട് ചെയ്ത അനീതിക്ക് താൻ പകരം വീട്ടും എന്ന് തമ്പി പറയുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
Audio record cover |