നിഷാൻ
തെന്നിന്ത്യൻ ചലച്ചിത്ര നടൻ. 1985-ൽ കർണ്ണാടകയിലെ കൂർഗിൽ കസ്റ്റംസ് ഓഫീസറായ കാളീ ചന്ദ് സോമിയ പ്രസാദിന്റെയും പദ്മ പ്രസാദിന്റെയും മകനായി ജനിച്ചു. നിഷാൻ വളർന്നതും പഠിച്ചതുമെല്ലാം കൊൽക്കത്തയിലായിരന്നു. നല്ലൊരു ടെന്നീസ് കളിക്കാരനായിരുന്ന നിഷാൻ കൊൽക്കത്ത യൂണിവേഴ്സിറ്റിയ്ക്കുവേണ്ടി ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൊൽക്കത്ത സെൻറ് സേവിയർ കോളേജിൽ നിന്നും മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയതിനുശേഷം പൂനെ ഫിലിം ഇൻസ്റ്റിസ്റ്റൂട്ടിൽ നിന്നും അഭിനയത്തിൽ മാസ്റ്റർ ബിരുദവും കഴിഞ്ഞു. നിഷാന്റെ ആദ്യ സിനിമാഭിനയം ഹിന്ദിയിലായിരുന്നു സുഭാഷ് ഗൈയുടെ നിർമ്മാണ കമ്പനിയായ മുക്തയാണ് നിഷാന് ആദ്യാവസരം കൊടുക്കുന്നത്. Cycle Kick എന്നായിരുന്നു സിനിമയുടെ പേര്. പക്ഷേ ചിത്രം റിലീസായില്ല.
മലയാള സിനിമയിലായിരുന്നു പിന്നീട് നിഷാൻ അഭിനയിച്ചത്. 2009-ൽ ശ്യാമപ്രസാദ് ചിത്രമായ ഋതു -വിൽ നായകനായിട്ടായിരുന്നു തുടക്കം. അതിനുശേഷം 2010-ൽ സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗം - എന്ന ചിത്രത്തിൽ നിഷാൻ നായകനായി അഭിനയിച്ചു. ഈ അടുത്ത കാലത്ത്, ഗീതാഞ്ജലി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലായി മുപ്പതോളം സിനിമകളിൽ നിഷാൻ അഭിനയിച്ചിട്ടുണ്ട്. ബംഗാളി വെബ് സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നിഷാൻ മോഡലിംഗ് രംഗത്തും സജീവമാണ്.