നീൽ ഡി' കുഞ്ഞ
ഫോർട്ട് കൊച്ചി സ്വദേശി. പോർച്ചുഗീസ് പാരമ്പര്യമുള്ള ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് നീൽ ഡിക്കൂഞ്ഞയുടെ ജനനം. ആന്റണി ഡിക്കൂഞ്ഞ, ഹെലൻ എന്നിവരാണ് മാതാപിതാക്കൾ. പിതാവ് മൂന്നാറിൽ ടാറ്റായിൽ ടീമേക്കറായിരുന്നു. മൂന്നാറിൽ കുട്ടിക്കാലം ചിലവഴിച്ച നീൽ മൂന്നാറിലെ ഹൈറേഞ്ച് സ്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിൽ ബി എ മൾട്ടിമീഡിയ ബിരുദത്തിനു ചേർന്നു. പഠിക്കുന്ന സമയത്ത് തന്നെ ഫോട്ടോഗ്രഫിയിൽ പ്രാഗൽഭ്യമുണ്ടായിരുന്ന നീലിന്റെ ചിത്രങ്ങൾ പ്രോജക്റ്റ് ആൽബമായി കോളേജിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
കോളേജിൽ സീനിയറും കുഞ്ഞ് ദൈവം, ദ ഗ്രേറ്റിന്ത്യൻ കിച്ചൺ തുടങ്ങിയ സിനിമകളിലൂടെ പിന്നീട് പ്രശസ്തനുമായ സംവിധായകൻ ജിയോ ബേബിയുടെ മ്യൂസിക് വീഡിയോ ചിത്രീകരണത്തോടെയാണ് ആദ്യമായി മൂവി ക്യാമറയിൽ തുടക്കമിടുന്നത്. 2010ൽ പ്രഭു രാധാകൃഷ്ണനെന്ന മലയാളിയായ തമിഴ് സിനിമാ സംവിധായകൻ മലയാളത്തിൽ മഴവിൽ മനോരമയ്ക്ക് വേണ്ടി സംവിധാനം ചെയ്ത ദൂരെ എന്ന സിനിമയിലൂടെ നീൽ സിനിമാ ഛായാഗ്രാഹകനായി മാറി. മനോരമയിൽ മാത്രം റിലീസ് ചെയ്യപ്പെട്ട ഈ ചിത്രത്തിന്റെ പ്രിവ്യൂ കാണാനെത്തിയ നിർമ്മാതാവ് സന്ദീപ് സേനൻ വഴിയാണ് നീ.കോ.ഞാ.ചാ എന്ന സിനിമയിലൂടെ മുഖ്യധാരാ മലയാള സിനിമയിലും സ്വതന്ത്ര ഛായാഗ്രാഹകനായി നീൽ തുടക്കമിടുന്നത്. തുടർന്ന് ഏറെ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചു. ഫിലിപ്സ് & മങ്കിപ്പെൻ എന്ന സിനിമയുടെ ഛായാഗ്രാഹകനായി മാറിയതോടെ റോജിൻ തോമസ്, രാഹുൽ സുബ്രമണ്യം, നീൽഡിക്കൂഞ്ഞ എന്നീ കൂട്ടുകെട്ടിൽ ജോ&ദ ബോയ്ക്ക് ശേഷം #ഹോം എന്ന സിനിമയും പുറത്തിറങ്ങി. റോജിന്റെ സിനിമകളിൽ ക്രിയേറ്റീവ് ഡയറക്റ്റേർസായും നീലും രാഹുലും സഹകരിക്കാറുണ്ട്.
കൊച്ചി പച്ചാളത്ത് കുടുംബവുമൊത്ത് താമസിക്കുന്ന നീലിന്റെ ഭാര്യയുടെ പേര് മേരി മിറാന്റ ഫിഫാരെസ് - മക്കൾ നിക്കോൾ ഹെലൻ ഡിക്കൂഞ്ഞ, കെയ്റ്റ്ലിൻ റോസ് ഡിക്കൂഞ്ഞ.
നീൽ ഡി'കൂഞ്ഞയുടെ ഫേസ്ബുക്ക് പേജ് | ഇന്റഗ്രാം പ്രൊഫൈൽ.