മുട്ടത്തു വർക്കി

Muttathu Varkey
മുട്ടത്ത് വർക്കി
കഥ: 22
സംഭാഷണം: 16
തിരക്കഥ: 14

മലയാള സാഹിത്യകാരൻ.  മുട്ടത്തുവര്‍ക്കി : 1913 ഏപ്രില്‍ മാസം 28ന്‌ ചങ്ങനാശ്ശേരിക്കടുത്ത്‌ ചെത്തിപ്പുഴ ഗ്രാമത്തില്‍ കല്ലുകുളത്തില്‍ മത്തായി വര്‍ക്കി അഥവാ കെ.എം വര്‍ക്കി ജനിച്ചു.   മലയാള ഭാഷയിലെ ജനപ്രീതി ആര്‍ജിച്ച അനേകം സാഹിത്യകൃതികളുടെ രചയിതാവും, മലയാളിയെ വായനാശീലത്തിലേക്ക്‌ കൈപിടിച്ചാനയിച്ച രചനാവൈഭവത്തിന്റെ അപൂര്‍വ്വ പ്രതിഭയുമായിരുന്ന ശ്രീ മുട്ടത്തുവര്‍ക്കി. മുട്ടത്തുവര്‍ക്കി എന്ന തൂലികാ നാമത്തിലാണ്‌ കെ. എം. വര്‍ക്കി എഴുതിത്തുടങ്ങിയത്.  ചെറുകഥകള്‍, നോവലുകള്‍, നീണ്ടകഥകള്‍, ലേഖനങ്ങള്‍, നാടകങ്ങള്‍, നിരൂപണങ്ങള്‍, വിവര്‍ത്തനങ്ങള്‍, സിനിമാ തിരക്കഥകള്‍ തുടങ്ങി വിവിധ സാഹിത്യ രചനാ ശാഖകളിലായി 150ല്‍ പരം കൃതികളാണ്‌ ശ്രീ മുട്ടത്തുവര്‍ക്കി എന്ന അനശ്വര സാഹിത്യകാരന്റെ പേരിലുള്ളത്‌. പാടാത്ത പൈങ്കിളി, ഒരു കുടയും കുഞ്ഞുപെങ്ങളും, ഇണപ്രാവുകള്‍, മറിയക്കുട്ടി, കരകാണാക്കടല്‍, മയിലാടുംകുന്ന്‌, വെളുത്തകത്രീന, അക്കരപ്പച്ച, അഴകുള്ള സെലീന, പട്ടുതൂവാല, ലോറാ നീ എവിടെ, പഞ്ചായത്ത്‌ വിളക്ക്‌ തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളില്‍ ചിലതാണ്‌.

ആയിരത്തിതൊള്ളായിരത്തി അന്‍പത്‌, അറുപത്‌, എഴുപത്‌, എണ്‍പതുകളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ജനകീയ സാഹിത്യകാരന്‍ മുട്ടത്തുവര്‍ക്കി തന്നെയായിരുന്നു എന്നുപറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. വാരാന്ത്യങ്ങളിലും മാസികകളിലും തുടര്‍ച്ചയായി വന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ കഥകള്‍ക്കും നോവലുകള്‍ക്കും അന്ന്‌ കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുകയായിരുന്നു. വായനക്കാരുടെ മനസ്സില്‍ പിരിമുറുക്കങ്ങളും ഇനി എന്ത്‌ സംഭവിക്കും എന്നതിന്റെ ആകാംഷയും നിലനിര്‍ത്തിക്കൊണ്ട്‌ ജനഹൃദയങ്ങളില്‍ അക്കാലത്ത്‌ സ്വന്തം രചനകള്‍കൊണ്ട്‌ ഒരുപിടിച്ചുനിര്‍ത്തലും അതേ അവസരത്തില്‍ ഒരു തേരോട്ടവും നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.കഥാ തന്തുവോ ഇതിവൃത്തമോ തേടി അദ്ദേഹം എങ്ങും പോയില്ല. അദ്ദേഹം തന്റെ ചുറ്റുപാടും അതിസൂക്ഷ്‌മമായി നിരീക്ഷിച്ചു. തന്റെ ചുറ്റുവട്ടമുള്ള കുടുംബങ്ങളിലെ ബന്ധങ്ങള്‍, ബന്ധനങ്ങള്‍, വീര്‍പ്പുമുട്ടുകള്‍, പാകപ്പിഴകള്‍ നൈസര്‍ഗ്ഗികമായ സ്വതസിദ്ധമായ ഭാഷയില്‍ കടലാസിലേക്ക്‌ പകര്‍ത്തി. അവിടത്തെ കര്‍ഷകരുടെ, തൊഴിലാളികളുടെ, ജീവിതായോധനത്തിനിടെ നേരിടേണ്ടിവന്ന കുതിപ്പും കിതപ്പും സന്തോഷവും ദു:ഖവും സംഭാവ്യമായ ഭാവനകളില്‍ ചാലിച്ച്‌ അതിമനോഹരമായി വിവരിച്ചു ചിത്രീകരിച്ചു. എത്ര പൊടിപ്പും തൊങ്ങലുമുണ്ടെങ്കിലും അതൊന്നും ഒരു കൃത്രിമമായിരുന്നില്ല. അധികവും സത്യങ്ങള്‍ തന്നെ ജീവിതഗന്ധിയായി സരളമായ ഭാഷയില്‍ അദ്ദേഹം ചിത്രീകരിച്ചു. വളച്ചുകെട്ടില്ലാതെ ലളിതമായി മനുഷ്യനു മനസ്സിലാകുന്ന അദ്ദേഹത്തിന്റെ ഭാഷ ഏവര്‍ക്കും പ്രിയങ്കരമായിരുന്നു. അക്കാലത്തെ ചര്‍ച്ചാവിഷയങ്ങളായിരുന്നു അദ്ദേഹത്തിന്റെ കഥകളും കഥാപാത്രങ്ങളും. മലയാളത്തിലെ പ്രശസ്‌തമായ കോട്ടയം ഭാഷാ ശൈലിയെ പ്രചുര പ്രചാരത്തിലാക്കിയത്‌ അദ്ദേഹത്തിന്റെ കൃതികള്‍ തന്നെ. ഗൃഹാതുരചിന്തയോടെ ഏഴാം കടലിനക്കരെ അമേരിക്കയിലിരിക്കുമ്പോള്‍ ജനിച്ച നാടിനേയും വളര്‍ന്ന ചുറ്റുപാടിനേയും കേരളത്തേയും സ്‌മരിക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞു വരുന്നത്‌ അദ്ദേഹത്തിന്റെ വാചകങ്ങളും കഥാകഥനരീതികളുമാണ്‌. കാലങ്ങള്‍ കഴിഞ്ഞെങ്കിലും ഭാഷക്കു ചില്ലറ പരിണാമങ്ങള്‍ വന്നെങ്കിലും മുട്ടത്തു വര്‍ക്കിയുടെ അനിതരസാധാരണമായ ശ്രാവ്യഭംഗിനിറഞ്ഞ സ്വപ്‌നങ്ങളിലും യാഥാര്‍ത്ഥ്യങ്ങളിലും മനോഹര വര്‍ണ്ണങ്ങളിലും ചാലിച്ചെടുത്ത വാക്കുകളും വാചകങ്ങളും വിലയേറിയ മൊഴിമുത്തുകള്‍ പോലെ നിലക്കാത്ത ഒരു സുഗന്ധം പോലെ നിലനില്‍ക്കുന്നു.

 അദ്ദേഹത്തിന്റെ പ്രമുഖമായ നോവലുകള്‍ സിനിമയായിട്ടുണ്ട്‌. ഒരു തിരക്കഥാ രചയിതാവ്‌ കൂടിയാണ്‌ മുട്ടത്തുവര്‍ക്കി. മുട്ടത്തു വർക്കിയുടെ നോവലുകളിൽ 1957-ൽ ഇറങ്ങിയ പാടാത്ത പൈങ്കിളി ആയിരുന്നു ആദ്യമായി സിനിമയായത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ, സംഭാഷണം രചിച്ചത്. മുട്ടത്തു വർക്കിയുടെ ഇരുപതോളം കഥകളും നോവലുകളും സിനിമകളായിട്ടുണ്ട്. മുട്ടത്തുവർക്കിയുടെ കഥകൾ സിനിമകളാക്കിയപ്പോൾ ഭൂരിഭാഗം സിനിമകൾക്കും തിരക്കഥ,സംഭാഷണം രചിച്ചത് അദ്ദേഹം തന്നെയാണ്.  1989 മേയ്‌ മാസം 28-ാം തിയ്യതി മുട്ടത്തു വർക്കി എന്ന ജനകീയ സാഹിത്യകാരൻ കാലയവനികയില്‍ മറഞ്ഞു.