മീര വാസുദേവ്

Meera Vasudev

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1982 ജനുവരി 19 ന് വാസുദേവൻ, ഹേമലത എന്നിവരുടെ മകളായി ഒരു തമിഴ് കുടുംബത്തിൽ മഹാരാഷ്ട്രയിലെ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്. സൈക്കോളജി ആൻഡ് ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദപഠനത്തിനുശേഷം മീര മോഡലിംഗിൽ തന്റെ കരിയറിന് തുടക്കമിട്ടു. നിരവധി പരസ്യ ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 

മീര വാസുദേവ് 2003 ലാണ് സിനിമാഭിനയത്തിന് തുടക്കമിടുന്നത്. പ്യാർ കാ സൂപ്പർ ഹിറ്റ് ഫോർമുല എന്ന ഹിന്ദി ചിത്രത്തിൽ നായികയായിക്കൊണ്ടാണ് മീര വാസുദേവ് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആ വർഷം തന്നെ ഉന്നൈ സരണടയിൻന്തേൻ എന്ന തമിഴ് ചിത്രത്തിലും ഗോൽമാൽ എന്ന തെലുങ്കു ചിത്രത്തിലും നായികയായി അഭിനയിച്ചു. ഉന്നൈ സരണടയിൻന്തേൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിയ്ക്കുള്ള തമിഴ് നാട് ഗവണ്മെന്റിന്റെ സ്പെഷൽ ജൂറി അവാർഡ് മീര വാസുദേവിന് ലഭിച്ചു. 2005- ൽ തന്മാത്ര എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായാണ് മീര മലയാളത്തിലെത്തുന്നത്. തന്മാത്രയിലെ മീരയുടെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയിരുന്നു. തുടർന്ന് ഓർക്കുക വല്ലപ്പോഴും, ഗുൽമോഹർ, 916 എന്നിവയുൾപ്പെടെ ഇരുപതിലധികം മലയാള ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. നിരവധി തമിഴ്,തെലുങ്ക് ചിത്രങ്ങളിലും മീര വാസുദേവ് അഭിനയിച്ചിട്ടുണ്ട്.

 2005 ൽ പ്രശസ്ത ഛായാഗ്രാഹകനായിരുന്ന അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാളിനെ മീര തന്റെ ജീവിതപങ്കാളിയാക്കി.എന്നാൽ 2010 ൽ അവർ വിവാഹ മോചിതരായി.പിന്നീട്  2012 ൽ മീര മലയാള സിനിമാ നടൻ ജോൺ കൊക്കനെ വിവാഹം ചെയ്തു. അതിൽ ഒരു മകനുണ്ട് അരിഹ് ജോൺ. 2016 ൽ മീരയും ജോണും തമ്മിൽ വേർപിരിഞ്ഞു.