മനോജ് കെ യു
കലാരംഗത്ത് അമേച്വർ - പ്രൊഫഷണൽ നാടകങ്ങളിൽ ദീപസംവിധായകൻ, ദീപ നിയന്ത്രണം തുടങ്ങിയവയുമായി തുടക്കം. നിരവധി പ്രാദേശിക മത്സരങ്ങളിൽ ഇവയ്ക്ക് അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി. സാമുവൽ ബക്കറ്റിൻ്റെ വെയിറ്റിംഗ് ഫോർ ഗോദേ എന്ന നാടകത്തിൽ എസ്ട്രഗൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നാടകാഭിനയ രംഗത്ത് കടന്നു വന്നത്. എസ് സുനിൽ സംവിധാനം ചെയ്ത വെയിറ്റിംഗ് ഫോർ ഗോ ദെ എന്ന നാടകത്തിലെ ആദ്യ അവതരണത്തിൽത്തന്നെ അത് മികച്ച നാടകമായും, എസ്ട്രഗൺ കഥാപാത്രത്തെ അവതരിപ്പിച്ച മനോജിനെ മികച്ച നടനായും തിരഞ്ഞെടുത്തു. പിന്നീട് കേരളത്തിലെ പ്രഗൽഭനാടക സംവിധായകരായ സുവീരൻ, ബാബു അന്നൂർ, ദീപൻ ശിവരാമൻ എന്നിവരുടെ നാടകങ്ങളിൽ അഭിനയിച്ചു. "ആയുസ്സിന്റെ പുസ്തകം", "നാട്ടിലെ പാട്ട് ", " ഖസാക്കിൻ്റെ ഇതിഹാസം", " ഫിദൽ കാസ്ട്രോ " തുടങ്ങിയവയാണ് ഇതിൽ ചിലത് . ദേശീയ അവാർഡ് ജേതാവായ പ്രിയനന്ദനന്റെ ആദ്യകാല സിനിമകളായ "നെയ്ത്തുകാരൻ", "പുലിജന്മം", ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്" തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് സിനിമാഭിനയ തുടക്കം.
കെ.ആർ. മോഹനന്റെയും പ്രിയനന്ദനന്റെയും, "പോരാട്ടങ്ങളുടെ നൂറ് വർഷം", " നായനാരുടെ കഥ" തുടങ്ങിയ ഡോക്യുമെന്ററികളിലും അഭിനയിച്ചു.
ദീപൻ ശിവരാമന്റെ ," ഖസാക്കിൻ്റെ ഇതിഹാസം" എന്ന നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രസിദ്ധ സിനിമാ ഛായാഗ്രഹകനും, സംവിധായകനുമായ സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത "ഓട്ടർഷ" എന്ന സിനിമയുടെ ഓഡിഷൻ നടക്കുന്നതും ഒരു മുഴുനീള വേഷം ലഭിക്കുന്നതും.സുജിത്ത് വാസുദേവ് നൽകിയ പ്രോൽസാഹനമാണ് സിനിമാഭിനയം തുടരുവാൻ പ്രേരിപ്പിച്ചത്. പിന്നീട് അവാർഡ് ജേതാക്കളായ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ, മുസ്തഫ തുടങ്ങിയവരുടെ സിനിമകളായ "ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ", "കപ്പേള" തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
"ആൻഡ്രോയ്ഡ് കഞ്ഞപ്പൻ " എന്ന സിനിമയിലെ അഭിനയം കണ്ടാണ്, " സെന്ന ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം " എന്ന സിനിമയിലെ നായക വേഷം മനോജിന് ലഭിക്കുന്നത്. ശേഷം ഇ.എം.അഷറഫ് സംവിധാനം ചെയ്ത "ഉരു " എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന മൂന്നോളം സിനിമകളിൽ അഭിനയിച്ചു വരുന്നു:
വിലാസം : മനോജ് കെ യു, അന്നൂർ, പയ്യന്നൂർ, കണ്ണൂർ ജില്ല
ഫോൺ നമ്പേർസ് ലഭ്യമാണ് - m3dbയുമായി ബന്ധപ്പെട്ടാൽ ലഭ്യമാവുന്നതാണ്.