മഠത്തിൽ നാരായണൻ
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്താണ് നാരായണൻ ജനിച്ചത്. മഠത്തിൽ ഹൈസ്ക്കൂളിൽ നിന്നും എസ് എസ് എൽസി പാസ്സായതിനുശേഷം സിനിമാമോഹവുമായി കൊച്ചിയിലേയ്ക്ക് യാത്രയായി. സഹോദരനായ സെവൻ ആർട്സ് മോഹൻ അക്കാലത്ത് ഹരിപോത്തന്റെ സുപ്രിയ ഫിലിംസിൽ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ പിൻബലത്തിലായിരുന്നു യാത്ര. കൊച്ചിയിലെത്തിയ നാരായണൻ മൂവി ബഷീറിന്റെ എംബീസ് പബ്ലിസിറ്റിയിൽ ചേർന്നു. കേരളത്തിലുടനീളം സിനിമാപോസ്റ്ററൊട്ടിക്കലായിരുന്നു അവിടെ അദ്ദേഹത്തിന്റെ ജോലി.
സുപ്രിയ ഫിലിംസിൽ നിന്നും മോഹൻ ചെന്നൈയിലേയ്ക്ക് മാറിയപ്പോൾ നാരായണനും കൂടെ പോയി. ചെന്നൈയിലെത്തിയ നാരായണൻ സുഹൃത്തിനോടൊപ്പമായിരുന്നു താമസം. സാലിഗ്രാമിനടുത്ത് മുറുക്കാൻ കട നടത്തിയായിരുന്നു തുടക്കം. പിന്നീട് അദ്ദേഹം ഓട്ടോ റിക്ഷ ഓടിക്കാൻ പഠിച്ചു. തമിഴ് അറിയില്ലെന്ന കാരണത്താൽ ഡ്രൈവിംഗ് ലൈസൻസ് നിഷേധിയ്ക്കപ്പെട്ടപ്പോൾ ഒരാഴ്ച കൊണ്ട് തമിഴ് പഠിച്ച് ലൈസൻസ് സമ്പാദിച്ചു. താമസിയാതെ മാതൃഭൂമിയിൽ സർക്കുലേഷൻ ഹെൽപ്പറാായി ചേർന്നു. ജ്യേഷ്ഠൻ മോഹന് അന്ന് മാതൃഭൂമിയിലായിരുന്നു ജോലി. ഇതിനിടയിലായിരുന്നു മാതൃഭൂമിയുടെ ചിത്രഭൂമി സിനിമാ പ്രസിദ്ധീകരണം ആരംഭിയ്ക്കുന്നത്. ചിത്രഭുമിയ്ക്കു വേണ്ടി സിനിമാ വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് കോഴിക്കോട്ടേയ്ക്ക് അയച്ചുകൊടുക്കലായിരുന്നു നാരായണന്റെ ജോലി. അതിനുവേണ്ടിയുള്ള ലോക്കേഷൻ യാത്രകളിലൂടെ നരായണന് സിനിമക്കാരുമായി ഒരു ബന്ധം സ്ഥാപിയ്ക്കാൻ കഴിഞ്ഞു.
സിനിമാ എഡിറ്റിംഗിൽ താത്പര്യമുണ്ടായ നാരായണൻ ജ്യേഷ്ഠന്റെ സഹായത്തോടെ പ്രശസ്ത എഡിറ്ററും സംവിധായകനുമായ എൻ പി സുരേഷിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. അമ്മേ നാരായണാ എന്ന സിനിമയിൽ എൻ പി സുരേഷിന്റെ സഹായിയായിട്ടായിരുന്നു തുടക്കം. ഓണത്തുമ്പിക്കൊരൂഞ്ഞാൽ എന്ന സിനിമയിലാണ് നാരായണൻ അസിസ്റ്റന്റ് എഡിറ്ററാകുന്നത്. പിന്നീട് പ്രിയദർശന്റെ സഹായത്തോടെ എഡിറ്റർ എൻ ഗോപാലകൃഷ്ണന്റെ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു. വെള്ളാനകളുടെ നാട്, വന്ദനം, കിലുക്കം, മിഥുനം, ഏയ് ഓട്ടോ, ലാൽസലാം, ആയിരപ്പറ എന്നിവയുൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ചു. കുറച്ചുകാലം ചെന്നൈ വിട്ട് കോഴിക്കോട് ഒരു സ്റ്റുഡിയോയിൽ ജോലി നോക്കിയതിനുശേഷം നാരായണൻ എഡിറ്റിംഗ് രംഗത്തേയ്ക്ക് തിരിച്ചു വരുന്നത് ടി വി ചന്ദ്രൻ ചിത്രങ്ങളിലെ എഡിറ്ററായിട്ടാണ്. പൊന്തൻമാട, ഓർമ്മകളുണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന , ഡാനി എന്നീ അഞ്ചു ടിവി ചന്ദ്രൻ ചിത്രങ്ങളിൽ വി വേണൂഗോപാലിനൊപ്പം നാരായണൻ എഡിറ്ററായി പ്രവർത്തിച്ചു.
1995 -ൽ ബന്ധുവായ ബാലാമണിയെ അദ്ദേഹം വിവാഹം ചെയ്ത. അവർക്കുണ്ടായ മകൻ ദർശന് സെറിബ്രൽ പൾസിയായതിനാൽ. കുട്ടിയ്ക്ക് പരസഹായമില്ലാതെ ഒന്നിനും വയ്യാത്ത അവസ്ഥയായി. നാരായണൻ മകന്റെ സഹായത്തിനും ശുശ്രൂഷയ്ക്കും വേണ്ടി. സിനിമാലോകത്തുനിന്നും പിൻവാങ്ങി. പയ്യന്നൂരിൽ താമസമാക്കിയ അദ്ദേഹം മകനെ സ്ക്കൂളിൽ കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരുന്നതിനുമായി ഓട്ടോ വാങ്ങി. സ്ക്കൂളില്ലാത്ത ദിവസങ്ങളിൽ ഓട്ടോ ഓടിച്ചും പയ്യന്നൂരിലെ സ്റ്റുഡിയോകളിൽ ജോലിചെയ്തുമാണ് ഇപ്പോൾ നാരായണൻ ജീവിയ്ക്കുന്നത്. 2007 -ൽ തനിയെ എന്ന ചിത്രത്തിന്റ്റെ എഡിറ്റിംഗിന് നാരായണന് ഏഷ്യാനെറ്റ് അവാർഡ് ലഭിച്ചിരുന്നു. കെ നാരയണൻ നൂറിലേറെ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്. കൂടാതെ എന്റെ സ്ക്കൂൾ എന്ന പേരിൽ ഒരു ഹൃസ്വ ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.