എം കെ ബാബു
മലയാള സിനിമയിൽ മസിൽമാൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ നടനാണ്
എറണാകുളം സ്വദേശിയായ എം കെ ബാബു എന്ന ജിം ബാബു.
തുടർച്ചയായി ആറുതവണ മിസ്റ്റർ എറണാകുളം ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം ആറു തവണ മിസ്റ്റർ കേരള പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടു തവണ മിസ്റ്റർ സൗത്ത് ഇന്ത്യയായും തെരഞ്ഞെടുക്കപ്പെട്ടതിനു പുറമേ മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ 80 കിലോഗ്രാം വിഭാഗത്തിൽ ഒരു തവണ ക്ലാസ്സ് വിന്നറുമായിട്ടുണ്ട്.
സംവിധായകനും നിർമാതാവുമായ നവോദയ അപ്പച്ചൻ മുഖാന്തിരമാണ് ബാബു സിനിമയിലെത്തുന്നത്. 1978 ൽ റിലീസായ 'തച്ചോളി അമ്പു' എന്ന നവോദയ ചിത്രത്തിൽ എം എൻ നമ്പ്യാർ അവതരിപ്പിച്ച പ്രതിനായക കഥാപാത്രത്തിന്റെ അനുചരന്മാരുടെ കൂട്ടത്തിൽ ഒരാളായി വേഷമിട്ടതാണ് ആദ്യ സിനിമാഭിനയം. തുടർന്ന് മറ്റൊരു കർണ്ണൻ, മാമാങ്കം തുടങ്ങിയ ചിത്രങ്ങൾ. കലാസംവിധായകൻ എസ് കൊന്നനാട്ട് വഴിയാണ് പുഷ്യരാഗം എന്ന ചിത്രത്തിലേക്ക് ഇദ്ദേഹം എത്തുന്നത്. ബാബു ആദ്യമായി മസിൽ പ്രദർശനം നടത്തിയ സിനിമയും അതായിരുന്നു.
പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, കനൽക്കാറ്റ്, വിയറ്റ്നാം കോളനി, കാബൂളിവാല, പഞ്ചാബിഹൗസ്, പുലിവാൽ കല്യാണം, ഭാഗ്യദേവത തുടങ്ങി അറുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം സിദ്ധിഖ്-ലാൽ, റാഫി-മെക്കാർട്ടിൻ, ഷാഫി തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ആക്ഷന് പ്രാധാന്യമുള്ള വേഷങ്ങൾക്കു പുറമേ പല ചിത്രങ്ങളിലും ഹാസ്യപ്രധാനമായ രംഗങ്ങളുടെയും ഭാഗമായിട്ടുണ്ട്.
1980 ൽ കൊച്ചി കപ്പൽ നിർമ്മാണശാലയിൽ സ്പോർട്സ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 2016 ൽ വിരമിച്ചു. എറണാകുളത്ത് പച്ചാളം അയ്യപ്പൻകാവിലാണ് ബാബുവിന്റെ താമസം. തിരുവന്തപുരം സ്വദേശിനിയായ മിത്രയാണ് ഭാര്യ. മകൻ കമൽ മാർക്കറ്റിംഗ് മേഖലയിൽ ഇൻഫ്ലുവൻസർ മാനേജരായി ജോലി നോക്കുന്നു. മകൾ പൗർണ്ണമി ദുബായിൽ റേഡിയോളജിസ്റ്റാണ്.