കോവൈ കൃഷ്ണൻ
'കോവൈ കൃഷ്ണൻ' എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമം കൃഷ്ണൻ വാരൻ എന്നാണ്. ചെറുപ്പകാലത്ത് തന്നെ അഭിനയത്തിൽ കമ്പം കയറിയ അദ്ദേഹം നിരവധി നാടകങ്ങളിൽ അഭിനയിച്ചു. പല നാടകങ്ങളിലേയും വേഷങ്ങൾ ശ്രദ്ധ നേടിയെങ്കിലും തുടർന്ന് പഠനത്തിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തിയത്. പല പ്രശസ്തമായ കോർപ്പരേറ്റ് കമ്പനികളുടേയും സാമ്പത്തിക ഉപദേശകനായി പ്രവർത്തിക്കുന്ന അദ്ദേഹം, നിരവധി കമ്പിനികളുടെ ഡയറക്ടർ ബോർഡിലും അംഗമാണ്. ഒരു ഇന്റർനാഷണൽ ബാങ്കറായി പേരെടുത്ത അദ്ദേഹം തന്റെ 60 മത്തെ വയസ്സിലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. രാജസേനന്റെ മധുചന്ദ്രലേഖയിലൂടെ തുടക്കം കുറിച്ച അദ്ദേഹം, മലയാളത്തിലും, തമിഴിലും,തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. മലയാളത്തിൽ കനക സിംഹാസനം, സ്പിരിറ്റ്, ബാംഗ്ലൂർ ഡേയ്സ്, യെസ് യുവർ ഓണർ, തമിഴിൽ എന്തിരൻ, സിംഗം 2 തുടങ്ങിയവ അവയിൽ ചിലതാണ്. പോത്തീസ്, വി കെ സി, ശക്തി മസാല തുടങ്ങി നിരവധി ബ്രാൻഡുകളുടെ പരസ്യങ്ങളിൽ മുഖം കാണിച്ച അദ്ദേഹം, തമിഴ്, ഹിന്ദി സീരിയലുകളിലേയും സജീവ സാന്നിധ്യമാണ്.