ഗോവിന്ദ് പത്മസൂര്യ
2007ൽ എം ജി ശശിയ്ക്ക് അവാർഡ് നേടിക്കൊടുത്ത "അടയാളങ്ങൾ" എന്ന സിനിമയിലൂടെ മലയാളം സിനിമയിൽ അരങ്ങേറ്റം കുറിച്ച ഗോവിന്ദ് പത്മസൂര്യ അറിയപ്പെടുന്ന മോഡലും ടെലിവിഷൻ അവതാരകനും കൂടെ ആണ്. വിനീത് ശ്രീനിവാസൻ ആലപിച്ച "മൊഞ്ചുള്ള പൈങ്കിളി" എന്ന ആൽബം സോങ്ങിലൂടെ ആണ് ഗോവിന്ദ് അഭിനയ രംഗത്തേക്ക് വരുന്നത്. അങ്ങനെ ആണ് അടയാളങ്ങളുടെ സംവിധായകൻ എം ജി ശശി, ഗോവിന്ദിനെ കാണുന്നതും തന്റെ സിനിമയിൽ അവസരം കൊടുക്കുന്നതും. തുടർന്ന് സുരേഷ്ഗോപിയുടെ സഹോദരനായി "ഐ ജി" എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തു. 2014ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ "വർഷ"ത്തിൽ നല്ലൊരു വേഷമാണ് ഗോവിന്ദ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ തന്നെ "ഡാഡി കൂൾ" എന്ന സിനിമയിൽ ക്രിക്കറ്റ് താരം ശ്രീകാന്തായും ഗോവിന്ദ് അഭിനയിച്ചിരുന്നു. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിൽ അഭിനയിച്ചത്. നിരവധി സിനിമകളിൽ ഈ ചുരുങ്ങിയ കാലയളവിൽ തന്നെ അഭിനയിച്ച ഗോവിന്ദ്, അഭിനയത്തോടൊപ്പം തന്റെ എം ബി എ പഠനവും പൂർത്തിയാക്കി. മഴവിൽ മനോരമയിലെ ജനപ്രീതി നേടിയ ഡി ഡാൻസിലെ അവതാരകരിൽ ഒരാളാണ് ജി പി എന്ന ഗോവിന്ദ് പത്മസൂര്യ.
പട്ടാമ്പിയിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഗോവിന്ദമേനോന്റെയും ബി എസ് എൻ എൽ ഉദ്യോഗസ്ഥയായ മാലതിയുടെയും മൂത്ത മകനായ ഗോവിന്ദ് പത്മസൂര്യക്ക് എഞ്ചിനീയറിംഗിന് പഠിക്കുന്ന ഒരു സഹോദരൻ കൂടി ഉണ്ട്.