ഗോപിക
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1984 ആഗസ്റ്റ് 26 ന് ആന്റോ ഫ്രാൻസിസിന്റെയും ടെസ്സി ആന്റോയുടെയും മകളായി തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ ജനിച്ചു. ഗേളി ആന്റോ എന്നായിരുന്നു പേര്. ഒല്ലൂർ St. Raphael's Convent Girls High School ൽ നിന്നും പ്ലസ്ടു പാസ്സായ ഗേളി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യോളജിയിൽ ഡിഗ്രി എടുത്തു. ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ള ഗോപിക, മിസ് തൃശ്ശൂർ സൗന്ദര്യമത്സരത്തിൽ രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. അത് ഗോപികയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. പരസ്യ ചിത്രങ്ങളിൽ മോഡലാകുവാൻ അവസരങ്ങൾ ലഭിച്ചു. മോഡലിംഗ് സിനിമയിൽ എത്തുന്നതിന് സഹായിച്ചു.
ഗോപിക അഭിനയിച്ച ആദ്യ ചിത്രം 2002 ൽ തുളസിദാസ് സംവിധാനം ചെയ്ത പ്രണയമണിത്തൂവൽ ആയിരുന്നു. രണ്ടാമത്തെ ചിത്രം 2003 ൽ ജയരാജ് സംവിധാനം ചെയ്ത 4 ദ പീപ്പിൾ. മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെട്ട 4 ദ പീപ്പിളിലൂടെ ഗോപിക ശ്രദ്ധിയ്ക്കപ്പെട്ടു. 2003 ൽ തന്നെ വേഷം എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2004 ൽ ചേരൻ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിൽ നായികയായി. ആ വർഷം തന്നെ കനസിനലോക് എന്ന കന്നഡ ചിത്രത്തിൽ അഭിനയിച്ചു. ഓട്ടോഗ്രാഫിന്റെ തെലുങ്കുവേർഷനായ നാ ഓട്ടൊഗ്രാഫ് എന്ന ചിത്രത്തിലും ഗോപിക നായികയായി. ചാന്തുപൊട്ട്, നേരറിയാൻ സിബി ഐ, ദി ടൈഗർ, കീർത്തി ചക്ര, മായാവി, അണ്ണൻ തമ്പി, വെറുതേ ഒരു ഭാര്യ.. എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നാൽപ്പതോളം സിനിമകളിൽ ഗോപിക അഭിനയിച്ചിട്ടുണ്ട്.
ഗോപിക 2008 ജൂലൈയിൽ വിവാഹിതയായി. ഭർത്താവ് അയർലാൻഡിൽ ഡോക്ടറായ അജിലീഷ് ചാക്കോ. ഗോപിക - അജിലീഷ് ദമ്പതികൾക്ക് രണ്ടു കുട്ടികൾ ആമി, എയ്ഡൻ. വിവാഹത്തിനുശേഷം അഭിനയത്തിന് ഒരി ഇടവേള കൊടുത്ത ഗോപിക ഭാര്യ അത്ര പോര എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തെത്തി. ഇപ്പോൾ ആസ്റ്റ്രേലിയയിലെ ബ്രിസ്ബെയ്നിൽ ആണ് ഗോപികയും കുടുംബവും താമസിയ്ക്കുന്നത്.