സി എം പാപ്പുക്കുട്ടി ഭാഗവതർ

CM Pappukkutty Bhagavathar
Pappukkutty Bhagavathar-Singer
പാപ്പുക്കുട്ടി ഭാഗവതർ
ആലപിച്ച ഗാനങ്ങൾ: 4

1913 മാര്‍ച്ച് 29ന് കൊച്ചി വൈപ്പിന്‍കരയില്‍ മൈക്കിള്‍-അന്ന ദമ്പതികളുടെ മകനായി പാപ്പുക്കുട്ടി ഭാഗവതര്‍ ജനിച്ചു. ഏഴാമത്തെ വയസ്സില്‍ വേദമണി എന്ന സംഗീത നാടകത്തില്‍ ബാലനടനായി അഭിനയിച്ചുകൊണ്ടാണ് കലാരംഗത്തേക്കു പ്രവേശിക്കുന്നത്. പിന്നീട് ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്റെ (നിര്‍മ്മലയുടെ നിര്‍മ്മാതാവ്) മിശിഹാചരിത്രം എന്ന നാടകത്തില്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിനൊപ്പം മഗ്ദലന മറിയത്തെ അവതരിപ്പിച്ച ഭാഗവതര്‍ പിന്നീട് ഇതേ നാടകത്തില്‍ സ്നാപക യോഹന്നാനെയും അവതരിപ്പിച്ച് ജനശ്രദ്ധ നേടി. തുടര്‍ന്ന് മുപ്പത്തിയേഴോളം നാടകങ്ങളില്‍ അഭിനയിച്ചു.

ഈ കാലഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ നാടകാവതരണം കാണാനിടയായ പക്ഷിരാജ സ്റ്റുഡിയോക്കാര്‍ അവരുടെ "പ്രസന്ന" എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാഗവതരെ ക്ഷണിക്കുകയായിരുന്നു. "പ്രസന്ന"യില്‍ വിധിയുടെ ലീല എന്ന അശരീരി ഗാനം പാടുകയും ചെയ്തു, അങ്ങനെ മുപ്പത്തിയേഴാമത്തെ വയസ്സില്‍ ചലച്ചിത്ര നടനും ഗായകനുമായി. പിന്നീട് കറുത്ത കൈ എന്ന ചിത്രത്തിനുവേണ്ടി കള്ളനെ വഴിയില്‍ മുട്ടി എന്ന ഗാനം യേശുദാസിനൊപ്പം പാടി. ആശാചക്രം എന്ന ചിത്രത്തില്‍ കണ്ണേ കരളേ എന്ന ഗാനം ഭാഗവതരോടൊപ്പം പാടിയത് പ്രശസ്ത നടിയും ഗായികയുമായ ശ്രീലതയാണ്. പിന്നീട് ദീപം എന്നൊരു ചിത്രത്തിനു വേണ്ടി ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടിയെങ്കിലും അതു പൂര്‍ത്തിയായില്ല.

പ്രസന്നയ്ക്കു ശേഷം ഗുരുവായൂരപ്പന്‍, സ്ത്രീഹൃദയം, മുതലാളി, ഒരാള്‍ കൂടി കള്ളനായി, വില കുറഞ്ഞ മനുഷ്യര്‍ , അഞ്ചു സുന്ദരികള്‍,വിരുതന്‍ ശങ്കു, പഠിച്ച കള്ളന്‍, ശ്യാമളച്ചേച്ചി, ആദ്യകിരണങ്ങള്‍, കാട്ടുകുരങ്ങ്,തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം ഒടുവില്‍ വേഷമിട്ടത് വൈസ്ചാന്‍സലര്‍ എന്ന ചിത്രത്തിലാണ്. ആദ്യ ഗാനം പാടി 60 വര്‍ഷത്തിനുശേഷം തൊണ്ണൂറ്റെട്ടാമത്തെ വയസ്സില്‍ വീണ്ടും ഒരു സിനിമയില്‍ പാടിക്കൊണ്ട് പാപ്പുക്കുട്ടി ഭാഗവതര്‍ ചരിത്രം സൃഷ്ടിച്ചു, 2010 ല്‍ പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ “എന്റടുക്കെ വരും “എന്ന ഗാനം ജനശ്രദ്ധ നേടി. ഒരുപക്ഷേ ഇന്‍ഡ്യന്‍ സിനിമയില്‍ത്തന്നെ ഈ പ്രായത്തില്‍ പാടുന്ന ആദ്യത്തെയും അവസാനത്തെയും ഗായകനായിരിക്കും പാപ്പുക്കുട്ടി ഭാഗവതര്‍, പാപ്പുക്കുട്ടി ഭാഗവതരുടെ സഹധര്‍മ്മിണി ബേബി. ഗായികയും സംവിധായകന്‍ കെജി ജോര്‍ജ്ജിന്റെ പത്നിയുമായ സല്‍മ ജോര്‍ജ്ജ്, നടന്‍ മോഹന്‍ ജോസ്, സാബു, സാലി, ജീവന്‍ എന്നിവര്‍ മക്കള്‍.