ഭാസ്കരക്കുറുപ്പ്
കോഴിക്കോട് സ്വദേശിയും കോഴിക്കോട് നാടക വേദിയിലെ അറിയപ്പെടുന്ന നടനുമായിരുന്നു ഭാസ്ക്കര കുറുപ്പ്. കോഴിക്കോട് നഗരസഭ ജീവനക്കാരനും നഗരസഭയിലെ KMCSU എന്ന സംഘടനയുടെ നേതാവുമായിരുന്ന അദ്ധേഹം നാടകങ്ങളിലൂടെയായിരുന്നു തന്റെ കലാജീവിതത്തിന് തുടക്കം കുറിച്ചത്. കോഴിക്കോട് സ്വദേശികളായ സിനിമാപ്രവർത്തകരുമായുള്ള ബന്ധങ്ങളാണ് ഭാസ്ക്കര കുറുപ്പിന് സിനിമയിലേയ്ക്കുള്ള വഴി തുറന്നുകൊടുത്തത്.
1974 -ൽ പി എൻ മേനോൻ സംവിധാനം ചെയ്ത താളപ്പിഴ എന്ന ചിത്രത്തിൽ ബീരാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഭാസ്ക്കര കുറുപ്പ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. എന്നാൽ നാല് വർഷത്തിനുശേഷം 1978 -ൽ ഉദയം കിഴക്കു തന്നെ എന്ന പേരിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ആ വർഷം തന്നെ ഹരിഹരൻ സംവിധാനം ചെയ്ത യാഗാശ്വം എന്ന സിനിമയിലും അഭിനയിച്ചു. 1979 -ൽ ഇറങ്ങിയ ഹരിഹരന്റെ തന്നെ ശരപഞ്ജരം എന്ന സിനിമയിലെ ചെല്ലപ്പൻ എന്ന കഥാപാത്രത്തിലൂടെയാണ് ഭാസ്ക്കര കുറുപ്പ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് വിൽക്കാനുണ്ട് സ്വപ്നങ്ങൾ, മേള, ലാവ, മുത്തുച്ചിപ്പികൾ, അങ്ങാടി, ഈനാട്, വെള്ളം, വാർത്ത, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്നിവയുൾപ്പെടെ മുപ്പതോളം ചിത്രങ്ങളിൽ അദ്ധേഹം അഭിനയിച്ചു. 1986 -ലായിരുന്നു ഭാസ്ക്കര കുറുപ്പ് ഹൃദയ സ്തംഭനം മൂലം അന്തരിച്ചത്. മരണശേഷം അദ്ദേഹമഭിനയിച്ച നാല് ചിത്രങ്ങൾ കൂടി പ്രദർശനത്തിനെത്തുകയുണ്ടായി.
എൺപതുകളുടെ തുടക്കത്തിൽ നെടുമുടിയെ നായകനാക്കി ബേപ്പൂർ മണി സംവിധാനം ചെയ്ത രാജ്യദ്രോഹികൾ എന്ന ചിത്രത്തിൽ ഭാസ്ക്കര കുറുപ്പ് MLA ദിവാകരൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.1987 നവംബറിൽ ജനങ്ങളുടെ ശ്രദ്ധക്ക് എന്ന പേരിൽ ഈ ചിത്രം റിലീസാവുകയുണ്ടായി. ഇതായിരുന്നു ഭാസ്ക്കര കുറുപ്പിന്റെ അവസാനം റിലീസായ സിനിമ..