സ്നേഹ എം

Sneha M

കരിവെള്ളൂർ പലിയേരിയിൽ അധ്യാപക ദമ്പതികളായ പത്മനാഭന്റെയും ജയന്തിയുടെയും മകളാണ് സ്നേഹ. ദുബായിൽ എൻജിനീയറായ നവീൻകുമാറാണ് ഭർത്താവ്. പയ്യന്നൂർ കോളജിൽ നിന്നു ഫിസിക്സിൽ ബിഎസ്‌സിയും എംഎസ്‍സിയും പൂർത്തിയാക്കിയ സ്നേഹ ഇപ്പോൾ കുറ്റൂർ ജേബീസ് ട്രെയിനിങ് കോളജിൽ നിന്ന് ബിഎഡ് പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് തിരുവാതിര ഒപ്പന തുടങ്ങിയവയിൽ പങ്കെടുത്തിരുന്നു എന്നതൊഴിച്ചാൽ കലാരംഗത്ത് കാര്യമായ പശ്ചാത്തലമില്ലാത്ത വ്യക്തി ആയിരുന്നു സ്നേഹ. ബിഎസ്‌സി ഫിസിക്സിനു പയ്യന്നൂർ കോളജിൽ ചേർന്നതിന് ശേഷമാണ് കലാരംഗത്ത് സജീവമാകുന്നത്. മോണോ ആക്ടിലും മൈമിലും നാടകങ്ങളിലും സ്ഥിരമായി പങ്കെടുത്തു. പ്രശസ്ത നാടകപ്രവർത്തകൻ പ്രദീപ് മണ്ടൂർ ആയിരുന്നു നാടകപരിശീലകൻ. രണ്ടു വർഷം സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി ഏഴു വർഷം ഇന്റർസോൺ കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി. സിനിമയിലേക്ക് ആദ്യമായി കടന്നു വന്നത് കവി ഉദ്ദേശിച്ചത് ? എന്ന ചിത്രത്തിലെ ഒരു ചെറു വേഷം ചെയ്തു കൊണ്ടാണ്. ഈടയിൽ ഡബ്ബിങ്ങിനൊരു പെൺകുട്ടിയെ വേണമെന്ന പരസ്യം കണ്ട് അപേക്ഷിച്ചത് ഒരു വഴിത്തിരിവായി. നായികയായ നിമിഷ സജയനു വേണ്ടി ഡബ്ബ് ചെയ്ത സ്നേഹയെ തേടി എത്തിയത് 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡാണ്. 2018 ലും ലില്ലി എന്ന ചിത്രത്തിലൂടെ സ്നേഹ ആ നേട്ടം ആവർത്തിച്ചു.