അംജത് മൂസ
1979 മാർച്ച് 20 -ന് സെയ്ത് മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി കോഴിക്കോട് ജില്ലയിലെ അരീക്കാട് ജനിച്ചു. അയൽക്കാരിയായിരുന്ന അഭിനേത്രി ശാന്താദേവിയുടെ സഹായത്തോടെ 1993 -ൽ നാരായം എന്ന സിനിമയിൽ ബാലതാരമായിക്കൊണ്ടാണ് അംജത് മൂസ ആദ്യമായി അഭിനയിക്കുന്നത്. അക്കാലത്ത് എണ്ണപ്പാടം എന്നൊരു സീരിയലിലും അഭിനയിക്കാനുള്ള അവസരം ലഭിച്ചു. ആയോധനകലകളിൽ പ്രാവീണ്യമുള്ള അംജത് ബോഡി ബിൽഡിംഗിലും പരിശീലനം നേടിയിട്ടുണ്ട്. 1999, 2000 വർഷങ്ങളിൽ ഓൾ ഇന്ത്യ കരാട്ടെ ചാമ്പ്യനായിരുന്നു. 2004 -ൽ സംസ്ഥാനതലത്തിൽ ഹെവി വെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ നേടിയിരുന്നു ബോക്സിംഗിൽ ദേശീയതാരമായിരുന്ന അംജത് മൂസ കേരളത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്.
ചിന്നകൗണ്ടർ, എജമാനൻ തുടങ്ങിയ തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ.വി. ഉദയകുമാറിന്റെ സുഹൃത്തും നല്ലളം രാജാ ടാക്കീസിന്റെ ഉടമയുമായ ദിനേശ് അംജത് മൂസയുടെ സുഹൃത്തായിരുന്നു. ദിനേശ് വഴി ഉദയകുമാറിനെ പരിചയപ്പെടാനും 2003 -ൽ അദ്ദേഹം സംവിധാനം ചെയ്ത കർക്ക കശടറ എന്ന തമിഴ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലഭിനയിക്കാനും അംജതിന് കഴിഞ്ഞു. അതിനുശേഷം വിജയകാന്ത് നായകനായ സ്വദേശി എന്ന സിനിമയിൽ അദ്ദേഹത്തോടൊപ്പം ഒരു സ്റ്റണ്ട് രംഗത്തിൽ അഭിനയിച്ചു. തുടർന്ന് അർജ്ജുൻ നായകനായ വാദ്ധ്യാർ, സൂര്യ നായകനായ സിങ്കം എന്നിവയടക്കം നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ അംജത് മൂസ അഭിനയിച്ചു. മലയാളത്തിൽ കിച്ചാമണി എം ബി എ, ചട്ടമ്പി നാട്, വെനീസിലെ വ്യാപാരി, പുലിമുരുകൻ എന്നിവയുൾപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ അംജത് അഭിനയിച്ചിട്ടുണ്ട്.
സിങ്കം 2 ഉൾപ്പെടെ വിവിധ ചിത്രങ്ങളിലെ പ്രകടനങ്ങളെ വിലയിരുത്തി 2014 -ലെ മികച്ച വില്ലനുള്ള തമിഴ്നാട് ചലച്ചിത്ര പുരസ്ക്കാരത്തിന് അംജത് മൂസ അർഹനായി . 2020 -ൽ കെ പി ഉമ്മർ പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചു