ഐശ്വര്യ

Aiswarya
Aishwarya-Actress
Shanta Meena Bhaskar

തെന്നിന്ത്യൻ ചലച്ചിത്രതാരം.1971 ജൂൺ 17-ന് ചെന്നൈയിൽ ജനിച്ചു. ശാന്താ മീന ഭാസ്കർ എന്നായിരുന്നു പേര്.  പ്രശസ്ത അഭിനേത്രി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. ഒളിയമ്പുകൾ എന്ന മമ്മൂട്ടി - ഹരിഹരൻ ചിത്രത്തിലൂടെ 1989-ലാണ് ഐശ്വര്യ ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് തമിഴ്,തെലുങ്ക്,മലയാളം,കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മലയാളത്തിൽ പ്രദർശനവിജയം നേടിയ ബട്ടർഫ്ലൈസ്, ജാക്പോട്ട്, നരസിംഹം, സത്യമേവജയതേ എന്നീ സിനിമകളിൽ നായികയായി ഐശ്വര്യ പ്രേക്ഷക പ്രീതിനേടി.

തൻവീർ എന്നയാളെ വിവാഹം ചെയ്തതിനുശേഷം 1994-മുതൽ ഐശ്വര്യ സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടുനിന്നു. എന്നാൽ ആ വിവാഹ ബന്ധം അധികകാലം നീണ്ടുനിന്നില്ല, ഒരു പെൺകുഞ്ഞു ജനിച്ചതിനു ശേഷം ഭർത്താവിൽ നിന്നും ഐശ്വര്യ വിവാഹമോചനം നേടി. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം പാർഥിപന്റെ ഹൗസ്ഫുൾ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തിലേയ്ക്ക് ഐശ്വര്യ തിരിച്ചുവന്നു. അതിനുശേഷമാണ് മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ നരസിംഹത്തിൽ നായികയാകുന്നത്. നൂറിലധികം സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷാ ചാനലുകളിലായി ഇരുപതിലധികം സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

ഒരു മകളാണ് ഐശ്വര്യയ്ക്കുള്ളത്. പേര് അനൈന.