വേണുഗോപാൽ

Venugopal

പ്രശസ്ത ആയുർവ്വേദ ഡോക്ടർ എം എൻ വാര്യരുടെ മകനായി കോഴിക്കോട്ട് ജനനം. മകനെ എഞ്ചിനീയറാക്കണമെന്ന ആഗ്രഹത്താൽ എഞ്ചിനീയറിങ്ങിനായി വേണുഗോപാലിനെ അയച്ചു. എന്നാൽ പഠന സംബന്ധമായി കോയമ്പത്തൂരിൽ താമസിക്കുന്ന കാലത്ത്, അമ്മാവന്റെ IAB ഡിജിറ്റൽ സ്റ്റുഡിയോയിൽ സമയം ചിലവഴിക്കാൻ സാധിച്ചത് വേണുഗോപാലിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അവിടെ നിന്നും അദ്ദേഹം ഫിലിം ഡവലപ്പിങ്ങും അനുബന്ധ ജോലികളും പഠിച്ചെടുത്തു. അതോടെ അദ്ദേഹം ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. മകന്റെ ഈ വഴിമാറ്റം അച്ഛനു ആദ്യം അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് മദ്രാസ്സിൽ ഫോട്ടോഗ്രാഫി കോഴ്സിനു ചേരാനായി വേണുഗോപാലിനെ അനുവദിച്ചു. കോഴ്സ് പൂർത്തിയാക്കി മടങ്ങിയെത്തിയ വേണുഗോപാലിനെ, കുടുംബസുഹൃത്ത് കൂടിയായ എം ടി വാസുദേവൻ നായർ ജയാനൻ വിൻസന്റിനു പരിചയപ്പെടുത്തി.അദ്ദേഹം വേണുവിനെ ഉയരങ്ങളിൽ എന്ന ചിത്രത്തിൽ അസിസ്റ്റന്റാക്കി. പക്ഷേ അച്ഛന്റെ പെട്ടെന്നുണ്ടായ മരണം മൂലം വേണുഗോപാലിനു സിനിമയിൽ സഹകരിക്കുവാൻ കഴിഞ്ഞില്ല. പിന്നീട് 1985 ൽ എം.ടിയുടെ തന്നെ അനുബന്ധത്തിൽ ജയാനൻ വിന്സന്റിന്റെ അസിസ്റ്റന്റായി സിനിമയിൽ എത്തി. പൗർണ്ണമ്മി റോജാക്കൾ എന്ന തമിഴ് ചിത്രത്തിലാണ് വേണുഗോപാൽ ആദ്യമായി സ്വതന്ത്ര  ഛായാഗ്രാഹകന്റെ വേഷമണിയുന്നത്. കലാധരന്റെ എല്ലാരും ചൊല്ലണ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും സ്വതന്ത്ര സംവിധായകനായി അരങ്ങേറി. പിന്നീട് ഓ ഫാബിയിൽ തന്റെ ഗുരുവായ ജയാനൻ വിൻസന്റിനൊപ്പം ക്യാമറ കൈകാര്യം ചെയ്തു. സിബി മലയിൽ, ലോഹിതദാസ്, രാജസേനൻ, കമൽ, വി എം വിനു തുടങ്ങി മിക്ക പ്രമുഖ സംവിധായകർക്കൊപ്പവും വേണുഗോപാൽ സഹകരിച്ചു.  മലയാളത്തിനും തമിഴിനും പുറമേ തെലുങ്ക് ചിത്രങ്ങൾക്കായും അദ്ദേഹം ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള ഭരതമുനി പുരസ്കാരം 'ശുഭപ്രദം' എന്ന തെലുങ്ക് ചിത്രത്തിനു അദ്ദേഹത്തിനു ലഭിച്ചു.

അവലംബം: സിനിമാട്ടോഗ്രാഫർ വേണുഗോപാലൻ എന്ന ബ്ലോഗ്