ടോണി
മഞ്ചേരി സ്വദേശി. എൻ എസ് എസ് കോളേജിൽ നിന്ന് ബിരുദം നേടിയ ടോണി അഡയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയകലയിൽ ഡിപ്ലോമ നേടിയിട്ടുള്ള ആളാണ്. കോളേജ് വിദ്യാർഥിയായിരിക്കെ തന്നെ നാടകാഭിനയത്തിനു സമയം കണ്ടെത്തിയ ടോണി, സി എൽ ജോസിന്റെ ജ്വലനം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സമ്മാനം നേടിയിരുന്നു. ടോണിയുടെ ആദ്യ ചലച്ചിത്രം 'ആരൂഡം'. സബിത ആനന്ദിന്റെ കാമുകൻ വേഷം. പിന്നീട് അബ്കാരി , കണ്ടു കണ്ടറിഞ്ഞു, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷേ എടുത്ത് പറയത്തക്ക നേട്ടങ്ങളൊന്നും തന്നെ നേടാൻ ഈ ചിത്രങ്ങൾ ടോണിയെ സഹായിച്ചില്ല. സിനിമയിൽ നിന്നും ഒന്ന് മാറി നിന്ന ടോണി പിന്നീട് സീരിയൽ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. മഞ്ചേരിയിലെ സ്വന്തം ബിസിനസ് നോക്കി നടത്തുന്നതോടൊപ്പം ഡോ ഹരിശ്ചന്ദ്ര, മിഖായേലിന്റെ സന്തതികൾ തുടങ്ങിയ പരമ്പരകളിൽ അഭിനയച്ചു. പിന്നീട് സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത് സുനിൽ സംവിധാനം ചെയ്ത ഭരണകൂടം എന്ന ചിത്രത്തിലൂടെയാണ്. രണ്ടാം വരവ് നിരാശപ്പെടുത്തിയില്ല. ഭരണകൂടത്തിലെ ടോണിയുടെ തൊളിലാളി നേതാവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കൈ നിറയെ ചിത്രങ്ങൾ, ചീഫ് മിനിസ്റ്റർ കെ ആർ ഗൗതമി, ദാദ, കടൽ,ക്യാബിനറ്റ് തുടങ്ങിയവയിൽ തരക്കേടില്ലാത്ത വേഷങ്ങളായിരുന്നു. ടോണിയുടെ അച്ഛൻ ആന്റണി വെട്ടിക്കാട്ട് വക്കീലാണ്. അമ്മ ബേബി.