സുവർണ്ണ മാത്യു

Suvarnna Mathew

പാലാ സ്വദേശികളായ മാത്യുവിന്റെയും എത്സമ്മയുടേയും മകളായി സുവർണ്ണ ജനിച്ചു. കുട്ടിക്കാലത്ത് കലാ രംഗത്തോട് ഒട്ടും താല്പര്യം കാണിക്കാതിരുന്നിട്ടും, വളരെ അവിചാരിതമായാണ് 1992 ൽ മിസ്‌ കേരള മത്സരത്തിലേക്ക് എത്തി ചേർന്നത്. സുവർണ്ണയുടെ ഒരു ബന്ധുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് മിസ്‌.കേരള മത്സരത്തിൽ അവർ പങ്കെടുത്തത്. അതിൽ വിജയിയായതോടെ സിനിമാ രംഗത്തേക്ക് കടന്ന് വരുവാനുള്ള സാഹചര്യം ഒരുങ്ങി. സിബി മലയിൽ - ലോഹിതദാസ് കൂട്ടുകെട്ടിന്റെ 'വളയം' എന്ന ചിത്രത്തിലെ നായികയായി അവർ സിനിമാ രംഗത്തേക്ക് കടന്നു വന്നു. പിന്നെ സമൂഹം, സുദിനം, ആഘോഷം, സാദരം തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു.അതിനിടയിൽ മദ്രാസിലേക്ക് താമസം മാറിയ അവർ, കലാ മാസ്റ്റരുടെ ശിഷ്യയായി നൃത്തം പഠിക്കുവാൻ തുടങ്ങി. അവിടെ പഠിക്കുന്നതിനിടയിൽ സംവിധായകൻ കസ്തൂരിരാജയുടെ ചിത്രത്തിൽ നായികയായി അഭിനയിക്കുവാൻ അവസരമൊരുങ്ങി. തമിഴിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ തെലുങ്കിലും കന്നഡയിലും അവർക്ക് വേഷങ്ങൾ ലഭിച്ചു. കേരളത്തിൽ വന്നിരുന്ന അവസരങ്ങളിൽ മലയാളത്തിലും കുറെ സിനിമകളിൽ അഭിനയിച്ചു. അതിനു ശേഷം മിനി സ്ക്രീനിലേക്ക് ചുവടുമാറ്റിയ അവർ, ഒരിടവേളക്ക് ശേഷം മഴത്തുള്ളിക്കിലുക്കത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. തിരിച്ചു വരവിൽ കൂടുതൽ ക്യാരക്ടർ റോളുകളാണ് അവർക്ക് ലഭിച്ചത്. ടൈഗർ, ലയണ്‍, നേരറിയാൻ സി ബി ഐ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. രജനികാന്തിന്റെ ചന്ദ്രമുഖിയിൽ പ്രസക്തമായ ഒരു വേഷവും അവരെ തേടിയെത്തി. മാവേലിക്കര സ്വദേശിയും സോഫ്റ്റ്വെയർ എഞ്ചിനീയറുമായ വർഗ്ഗീസ് ജേക്കബാണ്‌ സുവർണ്ണയുടെ ഭർത്താവ്. മകൻ ജേക്കബ്. 

അവലംബം: അമൃതാ ടിവിയുടെ ഇന്നലത്തെ താരം എന്ന പ്രോഗ്രാം.