ഷെല്ലി കിഷോർ
ഷെല്ലി നബുകുമാർ കിഷോർ എന്നാണ് മുഴുവൻ പേര്.
ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത "കനൽ കണ്ണാടി" എന്ന സിനിമയാണ് ഷെല്ലിയുടെ ആദ്യ സിനിമ. അതിനെത്തുടർന്ന് അമൃത ടിവിയിലെ "ചിത്രശലഭം" എന്ന പരമ്പരയിൽ ഇരട്ടവേഷത്തിൽ അഭിനയിച്ചു. ഏഷ്യാനെറ്റിൽ വന്ന "കുങ്കുമപ്പൂവ്" എന്ന പരമ്പരയിലെ വേഷമാണ് ഷെല്ലിയെ പ്രശസ്തയാക്കിയത്. അതിലെ അഭിനയത്തിന് ഒട്ടേറെ ടെലിവിഷൻ അവാർഡുകളും,അമൃത ടിവിയിലെ "തനിയെ" എന്ന പരമ്പരയിലെ അഭിനയത്തിന് സംസ്ഥാനസർക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരവും(2006) കരസ്ഥമാക്കി.
2009 ലെ "കേരള കഫേ"യാണ് ഷെല്ലിയുടെ, പുറത്തിറങ്ങിയ ആദ്യ സിനിമ.അതിലെ "ഐലൻഡ് എക്സ്പ്രസ്" എന്ന ഭാഗത്തിലായിരുന്നു ഷെല്ലി വേഷമിട്ടത് . "അകം","ചട്ടക്കാരി" തുടങ്ങിയ സിനിമകളിലെ ചെറുവേഷങ്ങളെത്തുടർന്ന് 2013 ൽ "തങ്കമീൻകൾ" എന്ന തമിഴ് സിനിമയിൽ പ്രധാന കഥാപാത്രത്തിനെ അവതരിപ്പിച്ചു."വെയിറ്റിംഗ് റൂം" എന്നൊരു ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് സ്വദേശിയാണ് .ഭർത്താവ് കിഷോർ എസ് മേനോൻ ടെലിവിഷൻ പരമ്പരകളിൽ പ്രൊഡക്ഷൻ കണ്ട്രോളർ ആയി ജോലി ചെയ്യുന്നു.എഞ്ചിനീയറായ പിതാവിനോടും കുടുംബത്തിനുമൊപ്പം മസ്കറ്റിലായിരുന്ന ഷെല്ലിയുടെ സ്കൂൾ വിദ്യാഭ്യാസവും അവിടെത്തന്നെയായിരുന്നു. മാസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ സിംഗപ്പൂരിൽ നിന്നും ഡിപ്ലോമയും, ഇ-ഗവേണൻസിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. സീരിയലുകളിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുൻപ് നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ ജീവനക്കാരി ആയിരുന്നു.
വെമ്പട്ടി ചിന്നസത്യത്തിനു കീഴിലും അദ്ദേഹത്തിന്റെ ശിഷ്യൻ കിഷോറിനു കീഴിലും കുച്ചുപ്പുടി അഭ്യസിച്ചിട്ടുള്ള നർത്തകി കൂടിയാണ് ഷെല്ലി കിഷോർ.ഭാരതനാട്യം,മോഹിനിയാട്ടം എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്
അവലംബം:ഹിന്ദുവിൽ വന്ന അഭിമുഖം