റസൂൽ പൂക്കുട്ടി
ചലച്ചിത്ര മേഖലയിലെ ലോകോത്തര പുരസ്കാരമായ ഓസ്കാര്‍ നേടിയ മലയാളി.
ബസ് ടിക്കറ്റ് ചെക്കറായിരുന്ന പി. ടി. പൂക്കുട്ടിയുടെയും നബീസാ ബീവിയുടെയും എട്ട് മക്കളില്‍ ഏറ്റവും ഇളയവനായി 1971 മെയ് 30ന് കൊല്ലം ജില്ലയിലെ വിളക്കുപാറയില്‍ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കായംകുളം എംഎസ്എം കോളേജില്‍ നിന്ന് ഫിസിക്സില്‍ ബിരുദം നേടി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സൗണ്ട് എന്‍ജിനീയറിങ്ങില്‍ ബിരുദം.
ബിരുദത്തിനു ശേഷം പിതാവിന്റെ ആഗ്രഹ പ്രകാരം തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്നെങ്കിലും പഠനം പാതിക്ക് നിര്‍ത്തി. ഒരു പത്രത്തില്‍ പരസ്യം കണ്ടതിനെ തുടര്‍ന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗണ്ട് എന്‍ജിനീയറിങ് കോഴ്സിന് അപേക്ഷിച്ചു. പ്രവേശനം നേടുകയും 1995ല്‍ റാങ്കോടെ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. മുംബൈ പ്രവര്‍ത്തനമേഖലയാക്കി ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങി
1997ല്‍ പുറത്തുവന്ന പ്രൈവറ്റ് ഡിക്ടറ്റീവ് എന്ന ചിത്രത്തിനായിരുന്നു ആദ്യമായി ശബ്ദ രൂപകല്പന നിര്‍വ്വഹിച്ചത്. 2005ല്‍ പുറത്തുവന്ന സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക് എന്ന ബോളിവുഡ് ചിത്രം റസൂല്‍ പൂക്കുട്ടിയുടെ കരിയറില്‍ ഏറ്റവും വലിയ വഴിത്തിരിവായി. തുടര്‍ന്ന് മുസാഫിര്‍, സിന്‍ഡ, ട്രാഫിക് സിഗ്നല്‍, ഗാന്ധി മൈ ഫാദര്‍, സവാരിയ, ദസ് കഹാനിയാന്, പഴശ്ശിരാജ, എന്തിരന് തുടങ്ങിയ ചിത്രങ്ങളുടെ ശബ്ദ സംവിധാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഡേവിഡ് ബോയല്‍ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യണയര്‍ എന്ന ഇംഗ്ലീഷ് ചിത്രം റസൂലിന് നേടിക്കൊടുത്തത് ഓസ്കാര്‍ അടക്കം നിരവധി ലോകോത്തര ബഹുമതികളാണ്. റിച്ചാര്‍ഡ് പ്രൈക്, ഇയാന്‍ ടാപ് എന്നിവര്‍ക്കൊപ്പമാണ് ശബ്ദ മിശ്രണത്തിനുള്ള 2009ലെ ഓസ്കാര്‍ പുരസ്കാരം റസൂല്‍ പൂക്കുട്ടി പങ്കിട്ടത്.
സ്ലംഡോഗ് മില്യണയറിന് ലഭിച്ച ഓസ്കാര്‍ പുരസ്കാരം കൂടാതെ ബ്രിട്ടനിലെ ബാഫ്ത അവാര്‍ഡ്, പഴശിരാജ എന്ന ചിത്രത്തിലെ ശബ്ദലേഖനത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡ്, പത്മശ്രീ പുരസ്കാരം തുടങ്ങി നിരവധി ദേശീയ രാജ്യാന്തര പുരസ്കാരങ്ങള്‍ റസൂല്‍ പൂക്കുട്ടി നേടി. ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയ്ക്ക് ഗോള്‍ഡന്‍ റീല്‍ അവാര്‍ഡും ലഭിച്ചു. അക്കാദമി ഓഫ് മോഷന്‍ പിക്ചേര്‍സ് ആന്റ് സയന്‍സസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാര്‍ഡ് കമ്മറ്റിയില്‍ അംഗമാകുന്ന ആദ്യ ഏഷ്യക്കാരനാണ് റസൂൽ