വി പി ഖാലിദ്

V P Khalid
Date of Death: 
Friday, 24 June, 2022
മറിമായം സുമേഷ്
ഖാലിദ്

ഫോർട്ട് കൊച്ചിയിൽ വലിയകത്ത് വീട്ടിൽ പരീത് മകൻ വിപി ഖാലിദെന്ന കൊച്ചിൻ നാഗേഷ് എന്ന മറിമായം സുമേഷ്.

പാട്ട്, നൃത്തം, അഭിനയം, മാജിക്, നാടകരചന, സംവിധാനം, മേക്കപ്പ് തുടങ്ങി ഏറെ കലാമേഖലകളിൽ പ്രാവീണ്യമുള്ള വി പി ഖാലിദ് കൊച്ചിൻ നാഗേഷ് എന്നാണ് അറിയപ്പെട്ടിരുന്നത്. മഴവിൽ മനോരമയിലെ മറിമായത്തിലൂടെ ആണ് സുമേഷെന്ന കഥാപാത്രവും പേരും ഖാലിദിനെ ഏറെ പ്രശസ്തനാക്കുന്നത്. പ്രൊഫഷണൽ നാടകരംഗത്ത് കൊച്ചിൻ സനാതനയുടെ "എഴുന്നള്ളത്ത്" ആലപ്പി തിയറ്റേഴ്സിന്റെ "ഡ്രാക്കുള", അഞ്ചാം തിരുമുറിവ് എന്നിങ്ങനെ പല സൂപ്പർഹിറ്റ് നാടകങ്ങളിലും വേഷമിട്ടിരുന്നു.

ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ആംഗ്ലോ ഇന്ത്യൻ സ്വാധീനം വെസ്റ്റേൺ ഡാൻസിലേക്ക് നയിച്ചു. റോക്ക് & റോൾ, ട്വിസ്റ്റ് നൃത്ത ശൈലികളൊക്കെ അഭ്യസിച്ച ഖാലിദ്, ആദ്യകാല മാജിക് ആചാര്യനായ വാഴക്കുന്നം നമ്പൂതിരിയിൽ നിന്നും മാജിക്കും അഭ്യസിച്ചിരുന്നു. സൈക്കിൾ യജ്ഞക്യാമ്പിൽ റെക്കോർഡ് ‌ഡാൻസറായുള്ള പ്രകടനം ജനശ്രദ്ധയാകർഷിച്ചിരുന്നതിനാൽ സംഗീതം, നൃത്തം, പാവകളി, മാജിക്, സർക്കസ് തുടങ്ങിയ കലാരൂപങ്ങളൊക്കെ ഒത്തിണക്കി ടിക്കറ്റ് ഷോ പ്രകടനങ്ങൾ നടത്തിയിരുന്നു.

1973ൽ പിജെ ആന്റണി സംവിധാനം ചെയ്ത പെരിയാറെന്ന സിനിമയിലൂടെ ആണ് ഖാലിദ് മലയാള സിനിമയിലേക്കെത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളിൽ തുടർന്ന് അഭിനയിച്ചു. ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി ഖാലിദ്, ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകനായ ഖാലിദ് റഹ്മാൻ എന്നിവർ മക്കളും മലയാള സിനിമയിലെ പ്രശസ്തരുമാണ്. മകൾ റ‌ഹ്‌മത്തും സ്കൂൾ-കോളേജ് നൃത്തവേദികളിൽ സജീവമായിരുന്നു.

2022 ജൂൺ 24-ന് അദ്ദേഹം വിടവാങ്ങി.

അവലംബം : ദേശാഭിമാനി ആർട്ടിക്കിൾ