നവ്യ നായർ

Navya Nair
Date of Birth: 
തിങ്കൾ, 14 October, 1985

മലയാള ചലച്ചിത്ര താരം. 1985 ഒക്റ്റോബറിൽ ആലപ്പുഴജില്ലയിലെ ചേപ്പാട് രാജുവിന്റെയും വീണയുടെയും മകളായി ജനിച്ചു. ധന്യ എന്നായിരുന്നു യഥാർത്ഥ നാമം. പ്രശസ്ത സംവിധായകൻ കെ മധുവിന്റെ അനന്തിരവളാണ് നവ്യ നായർ. നെല്ലിക്കുളങ്ങര Bethany Balikamadom High School, MSM Higher Secondary School എന്നിവിടങ്ങളിലായിരുന്നു നവ്യയുടെ പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. സ്കൂൾ പഠന കാലത്തുതന്നെ നവ്യയ്ക്ക് സിനിമയിലേയ്ക്ക് ഓഫറുകൾ വന്നിരുന്നു.

2001-ൽ ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് നവ്യ നായർ സിനിമയിൽ തുടക്കമിടുന്നത്. 2002-ൽ ഇറങ്ങിയ നന്ദനം എന്ന സിനിമയാണ് നവ്യയുടെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. നന്ദനത്തിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കൃഷ്ണ ഭക്തയായ കഥാപാത്രം പ്രേക്ഷക പ്രീതിനേടി. ആ വർഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും നന്ദനത്തിലെ അഭിനയത്തിന് നവ്യയ്ക്ക് ലഭിച്ചു. ദിലീപിനോടൊപ്പമാണ്  കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. ഏഴ് സിനിമകളിൽ അവർ നായികാ നായകന്മാരായി അഭിനയിച്ചു. മോഹൻലാലിനോടൊപ്പം ചതുരംഗം, മമ്മൂട്ടിയോടൊപ്പം സേതുരാമയ്യർ സി ബി ഐ എന്നിവയുൾപ്പെടെ മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും നായികയായി നവ്യ അഭിനയിച്ചു. 

നവ്യ നായരുടെ തമിഴ് സിനിമയിലേയ്ക്കുള്ള പ്രവേശം 2004-ൽ Azhagiya Theeye എന്ന സിനിമയിലൂടെയായിരുന്നു. തുടർന്ന് പത്തോളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 2008-ൽ ഇറങ്ങിയ തമിഴ് ചിത്രം Aadum Koothu എന്ന സിനിമയിലെ നവ്യയുടെ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു. 2005-ൽ സൈറ, കണ്ണേ മടങ്ങുക എന്നീ സിനിമകളിലെ അഭിനയത്തിന് നവ്യ നായർ രണ്ടാമതും സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് അർഹയായി. 2008-ൽ ഗജ എന്ന ചിത്രത്തിലൂടെയാണ് കന്നഡ സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. സിനിമകൾ കൂടാതെ പരസ്യ ചിത്രങ്ങൾക്ക് മോഡലിംഗും ചെയ്തിട്ടുണ്ട്. മലയാളം,തമിഴ്,കന്നഡ ഭാഷകളിലായി അൻപതിലധികം സിനിമകളിൽ നവ്യ നായർ അഭിനയിച്ചിട്ടുണ്ട്.

നവ്യ നായർ 2010-ലാണ് വിവാഹിതയാകുന്നത് മുബൈയിൽ ബിസിനസ്സുകാരനായ സന്തോഷ് മേനോനാണ് വരൻ. വിവാഹത്തിനുശേഷം അഭിനയത്തിരക്കുകളിൽ നിന്നും നവ്യ നായർ തത്ക്കാലത്തേയ്ക്ക് വിട്ടുനിന്നു. നവ്യ - സന്തോഷ് ദമ്പതികൾക്ക് ഒരു മകനാണുള്ളത് പേര് സായി കൃഷ്ണ. 2012-ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലാണ് പിന്നെ നവ്യ അഭിനയിയ്ക്കുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം  മലയാള ചിത്രമായ ദൃശത്തിന്റെ കന്നഡ റീമെയ്ക്കായ ദൃശ-യിലാണ് നവ്യ പിന്നീട് അഭിനയിയ്ക്കുന്നത്. വിവാഹത്തിനുശേഷം നവ്യ നായർ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും അവതാരികയായുമൊക്കെ പ്രവർത്തിച്ചിരുന്നു. ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുള്ള നവ്യ നായർ നിരവധി വേദികളിൽ ഡാൻസ് പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. 2015-ൽ സൂര്യ ഫെസ്റ്റിവലിൽ നവ്യ നായർ സംവിധാനം ചെയ്ത് അവരിപ്പിച്ച ഡാൻസ് ഫ്യൂഷൻ " വളരെ ജനപ്രീതി നേടുകയും നിരവധി വേദികളിൽ അവതരിപ്പിയ്ക്കുകയും ചെയ്തു. 2018-ൽ നവ്യനായർ  "Chinnamchiru Kiliye" എന്ന ഡാൻസ് വീഡിയൊ സംവന്ധാനം ചെയ്തു. ചൈൽഡ് ട്രാഫിക്കിംഗ് വിഷയമാക്കിയ ഡാൻസ് വീഡിയോ യൂട്യുബിൽ റിലീസ് ചെയ്യുകയും വലിയതോതിൽ അംഗീകരിയ്ക്കപ്പെടുകയും ചെയ്തു.