കൃഷ്ണ
മലയാള ചലച്ചിത്ര നടൻ. ആലപ്പുഴജില്ലയിലെ കൈനകരിയിൽ മോഹൻ ദിവാകരന്റെയും രാധാലക്ഷ്മിയുടെയും മകനായി ജനിച്ചു. എറണാംകുളം ഭവൻസ് വിദ്യാമന്ദിറിൽ ആയിരുന്നു കൃഷ്ണയുടെ പ്രാഥമിക വിദ്യാഭ്യാസം. തേവര സേക്രട്സ് ഹാർട്സ് കോളേജിലാണ് കൃഷ്ണ ഡിഗികഴിഞ്ഞത്. പ്രശസ്ത നടി ലളിതയുടെ കൊച്ചുമകനാണ് കൃഷ്ണ. പ്രശസ്ത സിനിമാ താരങ്ങളായ ശോഭന, വിനീത് എന്നിവർ കൃഷ്ണയുടെ ബന്ധുക്കളാണ്.
1994-ൽ നെപ്പോളിയൻ എന്ന സിനിമയിലൂടെയാണ് കൃഷ്ണ സിനിമയിലെത്തുന്നത്. 1997-ൽ ഋഷ്യശൃംഗൻ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. തുടർന്ന് കുറച്ചു സിനിമകളിൽ അഭിനയിച്ചെങ്കിലും കൂടുതൽ അവസരങ്ങൾ ലഭിയ്ക്കാത്തതുകൊണ്ട് അദ്ദേഹം ഡൽഹിയിലേയ്ക്ക് പോയി. പാചകത്തോട് താത്പര്യം ഉണ്ടായിരുന്ന കൃഷ്ണ അവിടെ ഹോട്ടലുകളിൽ പാചകം പഠിയ്ക്കാൻ ചേർന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം നാട്ടിൽ വന്ന് അച്ഛന്റെ ഹോട്ടൽ ഏറ്റെടുത്ത് നടത്താൻ തുടങ്ങി. 2011- ൽ ട്രാഫിക് സിനിമയിലൂടെ കൃഷ്ണ തിരിച്ചുവരവ് നടത്തി. തുടർന്ന് നിരവധി സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. അൻപതോളം മലയാളം സിനിമകളിൽ അഭിനയിച്ചു. കൂടാതെ ചില തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ പത്തോളം സീരിയലുകളിലും കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. ചാനൽ ഷോകളും ചെയ്തിട്ടുണ്ട്. കൈരളി ചാനലിലെ സെലിബ്രിറ്റി കിച്ചൺ മാജിക് എന്ന പാചക റിയാലിറ്റി ഷോ തുടർച്ചയായി മൂന്നു സീസൻ ചെയ്തത് കൃഷ്ണയായിരുന്നു. സിനിമകളോടൊപ്പം ഹോട്ടൽ ബിസിനസ്സും കൃഷ്ണ തുടർന്നുപോകുന്നു.