ചങ്ങമ്പുഴ
1911 ഒക്ടോബർ 10ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചു. അച്ഛൻ: കൊച്ചി തെക്കേടത്ത് രാമൻ മേനോൻ. അമ്മ: ചങ്ങമ്പുഴ വീട്ടിൽ പാറുക്കുട്ടിയമ്മ. എറണാകുളത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാള സാഹിത്യത്തിൽ ബി എ ഓണേഴ്സ് നേടി. രണ്ടുവർഷം പട്ടാളത്തിൽ സേവനം ചെയ്തിട്ടുണ്ട്. മംഗളോദയം പത്രാധിപസമിതിയിൽ അംഗമായിരുന്നു. നാടൻ ശീലുകൾ തെരഞ്ഞെടുത്തെഴുതിയ ചങ്ങമ്പുഴക്കവിതകൾ എല്ലാത്തരത്തിലുള്ള ജനവിഭാഗങ്ങളേയും ആകർഷിച്ചു. മലയാളത്തിലെ ഓർഫ്യൂസ് എന്നാണദ്ദേഹം അറിയപ്പെടുന്നത്. ലളിതവും പ്രസാദമധുരിതവുമാണ് ചങ്ങമ്പുഴയുടെ കവിതകൾ. ഒരു കാലഘട്ടത്തിലെ തരുണാരുണ സ്വപ്നങ്ങൾക്ക് ചിറകേകിയ രമണൻ എന്ന ഗ്രാമീണവിലാപകാവ്യം അദ്ദേഹത്തിന്റെ വിദ്യാർത്ഥിജീവിതകാലത്തെഴുതിയതാണ്. രക്തപുഷ്പങ്ങൾ, സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗസുധ, ബാഷ്പാഞ്ജലി, മോഹിനി, സങ്കല്പകാന്തി, യവനിക, പാടുന്ന പിശാച്, ആരാധകൻ, ദേവഗീത, ദിവ്യഗീതം, ഹേമന്തചന്ദ്രിക, അപരാധികൾ, തിലോത്തമ, മനസ്വിനി എന്നിവയാണ് മുഖ്യകൃതികൾ.
സഹോദരതുല്യനായ, സമകാലീനനായ ഇടപ്പള്ളി രാഘവൻപിള്ളയുമൊത്ത് ചങ്ങമ്പുഴ നീന്തിത്തുടിച്ചത് കാല്പനികതയുടെ തടിനിയിലും താമരപ്പൊയ്കകളിലുമായിരുന്നു. പല ഈണങ്ങളിൽപ്പാടുമ്പോഴും ആ കവിതകളുടെ ആധാരശ്രുതി കാല്പനികത തന്നെയായിരുന്നു. കേവലസൗന്ദര്യത്തെ സാക്ഷാത്കരിക്കുന്നവയായിരുന്നു ആ കവിതകൾ. ""ഇന്നലെ രാത്രിയിൽ ഞാനൊരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങി" എന്നു വായിക്കുമ്പോഴും, "നിന്നൂ ലളിതേ നീയെൻ മുന്നിൽ നിർവൃതിതൻ പൊൻകതിർപോലേ" എന്നു വായിക്കുമ്പോഴും നാമെത്തിച്ചേരുന്നത് കേവലസൗന്ദര്യത്തിന്റെ സോപാനത്തിങ്കലാണ്. തന്റെ മനസ്സിനെ വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സമൂഹത്തിന്റെ, അല്ലെങ്കിൽ വ്യവസ്ഥിതിയുടെ നീതിബോധമില്ലായ്മക്കുനേരെ പ്രതികരിക്കുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക കവിതകളും. വിഷാദത്തിൽനിന്നും പ്രസാദത്തിലേക്കും നേരേ തിരിച്ചും ആ കവിതകൾ സ്വയം വഴികൾ തെരഞ്ഞെടുത്തൊഴുകി. വാഴ വെച്ചവന്റെ മക്കൾത്തന്നെ ആ വാഴപ്പഴവും തിന്നണം, അങ്ങനെ നമ്മുടെ സാമൂഹിക അസമത്വങ്ങൾ പാടേ നീങ്ങണം എന്നാഗ്രഹിക്കുമ്പോൾ പുരോഗമനാഭിമുഖ്യത്തിന്റെ ആഴങ്ങളേയും ആ കാവ്യപ്രവാഹിനി ചുംബിക്കുന്നു.
രമണൻ, അഭയം, ഓർക്കുക വല്ലപ്പോഴും തുടങ്ങിയ ചലച്ചിത്രങ്ങളിൽ ഇദ്ദേഹത്തിന്റെ കവിതകൾ ഈണം പകർന്ന് അവതരിപ്പിച്ചിട്ടുണ്ട്.
1948 ജൂൺ 17ന് അന്തരിച്ചു. ശ്രീദേവി ചങ്ങമ്പുഴയായിരുന്നു ഭാര്യ.