കരിമ്പുഴ രാധ
സാഹിത്യകാരന്‍, വാഗ്മി, അധ്യാപകന്‍, നാടകരചയിതാവ്, പ്രസ്സുടമ എന്നീ നിലകളിലെല്ലാം പ്രശസ്തനായ കരിമ്പുഴ രാമകൃഷ്ണന്റെ മകളായി രാധ ജനിച്ചു. ചെറു പ്രായത്തിൽ അവർക്ക് അമ്മയെ നഷ്ടപ്പെട്ടു. അച്ഛനിൽ നിന്നും സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചു. ഏഴാം വയസ്സില്‍ തിരുവനന്തപുരത്തെ സദാശിവന്‍പിള്ള ഭാഗവതരില്‍ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിക്കുവാൻ തുടങ്ങി. കോഴിക്കോട് ആകാശവാണിയില്‍ 12 വര്‍ഷം എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. അബ്ദുള്‍ഖാദര്‍, ശാന്ത പി. നായര്‍, കമുകറ പുരുഷോത്തമന്‍ എന്നിവര്‍ക്കൊപ്പം ആകാശവാണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. 1957ല്‍ ഡി.എം. പൊറ്റെക്കാട്, ചങ്ങമ്പുഴയുടെ 'രമണന്‍' ചലച്ചിത്രമാക്കി നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ അന്ന് 9ാം ക്ലാസിൽ പഠിച്ചിരുന്ന രാധയെ രാഘവന്‍മാഷാണ് പരിചയപ്പെടുത്തിയത്. ഒരു മാസത്തോളം മദ്രാസിൽ താമസിപ്പിച്ച് പരിശീലനം നൽകിയാണ് അന്ന് രാഘവൻ മാഷ് രാധയെക്കൊണ്ട് പാടിച്ചത്. 'നീലക്കുയിലേ നീലക്കുയിലേ' എന്ന ഗാനമാണ് രാധ ആ ചിത്രത്തിൽ പാടിയത്. അതേ ചിത്രത്തില്‍ 'മലരണിക്കാടുകള്‍ തിങ്ങിവിങ്ങി', 'കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി', 'അഴലലകള്‍' എന്നീ കോറസ്സുകളും രാധ പാടി. ചിത്രം റിലീസ് ആയത് 10 വർഷത്തിനു ശേഷമായിരുന്നു. പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും, ആ സമയത്ത് ഒരു അവർ ഒരു കുടുംബ ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ പിന്നണി ഗാന രംഗത്തേക്ക് ഒരു മടങ്ങി വരവ് ഉണ്ടായില്ല. പിന്നീട് സംഗീതാധ്യാപികയും എഴുത്തുകാരിയുമായി അവർ മാറി. 'ഭൂമിയിലെ മാലാഖമാര്‍', 'സായൂജ്യം', 'അഗ്‌നിപുഷ്പങ്ങള്‍', 'പ്രെവിശരാധേ മാധവസമീപം', 'എന്റെ അച്ഛന്‍ എന്റേതുമാത്രം' തുടങ്ങി അഞ്ച് നോവലുകളാണ് അവരുടേതായുള്ളത്.
ഭർത്താവ് : സംഗമേശ്വർ മക്കൾ: സുദീപ്, സുഭാഷ്, സുനീത്.
അവലംബം: മാതൃഭൂമി പത്രത്തിൽ വന്ന 'നീലക്കുയിലിന്റെ പാട്ടുകാരി ഇവിടെയുണ്ട്' ലേഖനം