ബന്ധനം
പുറമെ നിഷേധിയെന്ന് തോന്നിപ്പിക്കുന്ന യുവാവ്. അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തക അവനെ പ്രണയിക്കുന്നു, അതവനെ അറിയിക്കുകയും ചെയ്യുന്നു. അവൻ അവൾക്ക് മറുപടിയൊന്നും കൊടുക്കുന്നില്ല. ആരുമില്ലെന്ന് പറഞ്ഞിരുന്ന അവന്, രണ്ടാനമ്മയിൽ പിറന്ന അനിയത്തിയുടെ കത്ത് വരുന്നു. അവധിയെടുത്തവൻ നാട്ടിലേക്ക് പോകുന്നു. അച്ഛൻ മരിച്ചതിൽപ്പിന്നെ കഷ്ടപ്പാടിൽ കഴിയുന്ന അവർക്ക് താങ്ങായി നിന്ന് അനിയത്തിയുടെ കല്യാണം നടത്തുന്നു. തിരിച്ചു ജോലി സ്ഥലത്തെത്തിയ ശേഷം തന്നെ പ്രണയിക്കുന്ന പെൺകുട്ടിയുടെ കൈപിടിക്കണം എന്നവൻ ആശിക്കുന്നു. അവൻ ആശിച്ചതു പോലെ അവരുടെ വിവാഹം നടക്കുമോ?
Actors & Characters
Actors | Character |
---|---|
ഉണ്ണി | |
തങ്കം | |
അച്ചുമ്മാൻ | |
സരോജിനി | |
സ്വാമി | |
മാനേജർ | |
ലോഡ്ജിലെ അന്തേവാസി | |
കാരണവർ | |
ഹെഡ്മാസ്റ്റർ രാഘവൻ മേനോൻ | |
ദേവകിയമ്മ | |
രണ്ടാനമ്മ | |
അമ്മിണി | |
ഗോപി | |
മേട്രൺ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പി ജയചന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച പിന്നണി ഗായകൻ | 1 978 |
എം ബി ശ്രീനിവാസൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 1 978 |
സുകുമാരൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 1 978 |
വി ബി കെ മേനോൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 978 |
പി കെ ഭാസ്കരൻ നായർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 978 |
എം ടി വാസുദേവൻ നായർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 978 |
കഥ സംഗ്രഹം
- എം ടി യുടെ ചെറുകഥയുടെ ചലച്ചിത്രരൂപം
ഉണ്ണികൃഷ്ണൻ (സുകുമാരൻ) നഗരത്തിലെ ഒരു സ്ഥാപനത്തിൽ ക്ലാർക്കായി ജോലി ചെയ്യുന്നു. ഉണ്ണികൃഷ്ണന്റെ സഹപ്രവർത്തകയാണ് സരോജിനി (ശുഭ). ഒരു ദിവസം മാനേജർ (പി.കെ.എബ്രഹാം) ഉണ്ണികൃഷ്ണനെ വിളിച്ചു പറയുന്നു, ഉണ്ണിയും സരോജിനിയും ഒരു ദിവസം ഡ്യൂട്ടിക്ക് ചേർന്നതാണ് - സരോജിനി രാവിലെയും, ഉണ്ണി വൈകുന്നേരവും, ഒരേ ദിവസം ജോലിയിൽ പ്രവേശിച്ചിട്ടും, സമയ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഉണ്ണിക്ക് സീനിയോറിറ്റി നഷ്ടപ്പെട്ട് സ്ഥാനക്കയറ്റവും നഷ്ടമായിരിക്കുന്നു, എന്നോട് വിരോധം ഒന്നും തോന്നരുത്, ഞാൻ രണ്ടാളുടെ പേരും ഒരേ പോലെയാണ് സജസ്റ്റ് ചെയ്തത്, അടുത്ത വർഷം വീണ്ടും പുട്ട് അപ് ചെയ്യു, നമുക്ക് നോക്കാം. ഉണ്ണികൃഷ്ണൻ സാരമില്ലെന്ന് പറഞ്ഞ് മാനേജരുടെ മുറിയിൽ നിന്നും പുറത്തേക്ക് വന്ന് തന്റെ ജോലി തുടരുന്നു.
സ്ഥാനക്കയറ്റം ആഘോഷിക്കാൻ സരോജിനി സഹപ്രവർത്തകർക്ക് പ്യൂൺ ശങ്കരൻ നായർ വഴി മിട്ടായി വിതരണം ചെയ്യുന്നു. ഉണ്ണി തനിക്ക് മധുരം ഇഷ്ടമല്ലെന്ന് പറഞ്ഞ് അതു നിരസിക്കുമ്പോൾ സരോജിനി അവനെ തുറിച്ചു നോക്കുന്നു. അന്നേരം കാഷ്യർ സ്വാമി (വീരൻ) ഒരു പ്രൊട്ടസ്ററ് എഴുതി അയക്കണം എന്നു പറയുമ്പോൾ, ഫോർഗെറ്റ് ഇറ്റ് എന്ന് ഉണ്ണി പറയുന്നു. എല്ലാവർക്കും കൊടുത്ത ശേഷം ബാക്കി വന്ന മിട്ടായി ശങ്കരൻ നായർ തിരിച്ച് സരോജിനിയെ ഏൽപ്പിക്കുമ്പോൾ, ഉണ്ണി മാത്രം എടുത്തില്ല എന്നു പറയുന്നു. അപ്പോൾ, ബാക്കി വന്നത് ശങ്കരൻ നായർ എടുത്തോളൂ എന്ന് സരോജിനി പറയുന്നു. അന്നേരം, മറ്റേ സാധനം കഴിക്കുന്നവർക്ക് അങ്ങനെയാ, എരിവേ പിടിക്കുള്ളു, മധുരം പിടിക്കില്ല. അതുകേട്ട്, സരോജിനി ആലോച്ചിരിക്കുന്നു.
ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ, കഴിഞ്ഞ മാസം വാങ്ങിയ പത്തു രൂപാ തിരിച്ചു തരാനുണ്ട്, ഭാര്യയ്ക്ക് സുഖമില്ല, മരുന്നു വാങ്ങാൻ ഒരു അഞ്ചു രൂപാ തന്നു സഹായിക്കണം എന്ന് ശങ്കരൻ നായർ ഉണ്ണിയോട് പറയുന്നു. അപ്പോൾ, കഴിഞ്ഞ മാസം ആർക്ക് സുഖമില്ലാന്ന് പറഞ്ഞാണ് കടം വാങ്ങിയത് - ഓ ഭാര്യടെ അമ്മയായിരുന്നു എന്ന് പരിഹാസ രൂപേണ ഉണ്ണി പറയുന്നു. അതുകേട്ട്, ഇക്കുറി വാക്ക് തെറ്റിയിട്ടില്ല, ഭാര്യയ്ക്ക് എന്നു പറഞ്ഞു നിർത്തുന്നു. അപ്പോൾ, ഉണ്ണി എന്തോ ഓർത്തുകൊണ്ടു നിൽക്കുന്നു. പിന്നീട്, രോഗങ്ങൾ നിന്റെ ഭാര്യയെയും, കുട്ടികളെയും അനുഗ്രഹിക്കാത്ത മാസമുണ്ടോ എന്നു പരിഹാസത്തോടെ ചോദിച്ചുകൊണ്ട് ശങ്കരൻ നായർ ചോദിച്ച പണം നൽകുന്നു.
ഓഫീസിൽ നിന്നും ഇറങ്ങി ബസ് പിടിക്കാൻ വേണ്ടി നടക്കുമ്പോൾ ഉണ്ണിയുടെ കൂടെ കാഷ്യർ സ്വാമിയും കൂടുന്നു. സ്ഥാനക്കയറ്റത്തിന് ഉണ്ണിയെ പരിഗണിക്കാതെ സരോജിനിയെ പരിഗണിച്ചതിനെ എതിർക്കണം എന്ന് സ്വാമി കൂടെക്കൂടെ പറയുമ്പോൾ ഉണ്ണി അരിശത്തോടെ ഇതൊന്ന് നിർത്താമോ എന്ന് അരിശത്തോടെ പറഞ്ഞ് അവിടുന്നും നടന്നു നീങ്ങുന്നു. ബസ് സ്റ്റോപ്പിൽ ഓഫീസിലെ മറ്റു പല സഹപ്രവർത്തകരോടൊപ്പം ദേവകിയമ്മയും (ശാന്തകുമാരി), സരോജിനിയും നിൽക്കുന്നുണ്ടായിരുന്നു. ഉണ്ണിയെ കണ്ടതും സരോജിനി ഉണ്ണിയുടെ അടുത്തു വരുമ്പോൾ ഉണ്ണി അവളെ അഭിനന്ദിക്കുന്നു. അപ്പോൾ, ഞാനൊന്നും എഴുതി അയച്ചിട്ടില്ലെന്നും, ശ്രമിച്ചിട്ടില്ലെന്നും സരോജിനി പറയുന്നു. അതുകേട്ട്, അറിയാം എന്ന് ഉണ്ണി പറയുന്നു. അപ്പോൾ, സാറിനാണ് ആദ്യം കിട്ടേണ്ടിയിരുന്നതെന്ന് സരോജിനി പറയുമ്പോൾ, ഫോർഗെറ്റ് ഇറ്റ് എന്ന് ഉണ്ണി പറയുന്നു. അതുകേട്ട്, സാറിന് എന്നോട് ദേഷ്യമുണ്ടാവും എന്ന് സരോജിനി പറയുന്നു. അതുകേട്ട്, ഇല്ലെന്ന് ഉണ്ണി പറയുന്നു. അന്നേരം, ദേവകിയമ്മ ഉണ്ണിയോട് തനിക്ക് ചെറുപ്പമാണ്, ഇനിയും ചാൻസ് ഉണ്ടെന്ന് പറയുമ്പോൾ, ദൈവം പ്രത്യക്ഷപ്പെട്ട് പറഞ്ഞാലും ചോദിക്കാൻ കണ്ട ഒരു പോസ്റ്റേയുള്ളു, അത് കിട്ടിയാൽ കൊള്ളാമെന്ന് ഉണ്ണി പറയുന്നു. ഉണ്ണി പറഞ്ഞതിന്റെ അർത്ഥം എന്തെന്നറിയാതെ ദേവകിയമ്മയും, സരോജിനിയും ഉണ്ണിയെ നോക്കുന്നു. അപ്പോൾ, ഉണ്ണി പറയുന്നു - ചിത്രഗുപ്തന്റെ, കാലന്റെ കണക്കെഴുത്തുകാരന്റെ. അതുകേട്ട്, തനിക്ക് വട്ടാണെന്ന് ദേവകിയമ്മ പറയുന്നു. അപ്പോൾ, ഗുമസ്തപ്പണി ചെയ്തു ചെയ്ത് ഒടുവിൽ മേശയുടെ മരം ആത്മാവിൽ കയറുന്ന കാര്യം പണ്ട് ലാംപ് പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണി പറയുന്നു. അതിന്, അങ്ങിനെ ഒരുത്തനും എന്നോട് കേറി അതുമിതും പറയില്ലെന്ന് ദേവകിയമ്മ പറയുന്നു. അതുകേട്ട്, ഞാൻ ചാൾസ് ലാമ്പിന്റെ കാര്യമാണ് പറഞ്ഞതെന്ന് ഉണ്ണി പറയുമ്പോൾ, ആരാണ് ആ വിദ്വാൻ എന്ന് ദേവകിയമ്മ ചോദിക്കുന്നു. അതിന്, ഒരു പഴയ എൻ ജി ഓ, തീരെ ഓർമ്മയില്ലേ എന്ന് ഉണ്ണി ചോദിക്കുന്നു. അതുകേട്ട്, ഈ കാലത്ത് പണിയെടുത്ത് ഒരു കാര്യവുമില്ലെന്നും, ആരും ഒരു നല്ല വാക്ക് പറയില്ലെന്നും, ഞാൻ പഴയ മെട്രിക് ആണെന്നും, ഞാൻ എഴുതണ നോട്ട് ഇപ്പഴത്തെ പിള്ളേർക്ക് മനസ്സിലാവുമോ എന്ന് ദേവകിയമ്മ ചോദിക്കുന്നു. ഉണ്ണി അവിടുന്നും നടന്നു നീങ്ങുന്നു.
ഉണ്ണിയെ എപ്പോഴും ഏതോ ഒരു വിഷമം അലട്ടുന്നുണ്ട്. അതിൽ നിന്നും വിമോചനം നേടാൻ ഉണ്ണി ആശ്രയിക്കുന്നത് മദ്യമാണ്. ഉണ്ണി താമസിക്കുന്നത് ഒരു വില കുറഞ്ഞ ലോഡ്ജിലാണ്. അവിടുത്തെ താമസക്കാർക്ക് ഭക്ഷണം നൽകുന്നത് അച്ചുമ്മാനാണ് (ശങ്കരാടി). അച്ചുമ്മാൻ പലപ്പോഴും ഉണ്ണിയെ ലഹരിക്ക് അടിമപ്പെടുന്നതിനെതിരെ ഗുണദോഷിക്കാറുണ്ട്.
ഞായറാഴ്ചകളിൽ ഉണ്ണിയുടെ പതിവ് താവളമാണ് ലൈബ്രറി. ഒരു ദിവസം സരോജിനി അതേ ലൈബ്രറിയിൽ തനിക്കാവശ്യമായ പുസ്തകം തിരഞ്ഞ് കിട്ടാതെ വിഷമിച്ചിരിക്കുമ്പോൾ ഉണ്ണി അവിടെയിരുന്ന് പുസ്തകം വായിക്കുന്നത് ശ്രദ്ധിച്ച് ഉണ്ണിയുടെ അടുത്തേക്ക് വരുന്നു. തനിക്കാവശ്യമുള്ള പുസ്തകം തേടിയിട്ടും കിട്ടിയില്ലെന്നും, ആരോ എടുത്ത് മാറ്റിവെച്ചതാണെന്ന് തോന്നുന്നു എന്ന് പറയുന്നു. അതുകേട്ട്, നിലാവും പ്രേമവും കണ്ണീരുമൊക്കെയുള്ള കഥകൾ വേറെ കാണുമല്ലോ എന്ന് ഉണ്ണി പറയുമ്പോൾ, വാട്ട് ഡു യൂ മീൻ എന്ന് സരോജിനി ഉറക്കെ ചോദിക്കുന്നു. അപ്പോൾ, ഉണ്ണി അവളെയും "നിശബ്ദത പാലിക്കുക" എന്നെഴുതി വെച്ചിരിക്കുന്ന ഫലകത്തിനെയും മാറി മാറി നോക്കുന്നു.
ഉണ്ണി കായൽ തീരത്ത് ഒറ്റക്കിരിക്കുമ്പോൾ അവിടേക്ക് സരോജിനി വരികയും, ക്ഷമിക്കണം ഞാൻ സാറിനെ വേട്ടയാടുകയല്ല എന്നും പറയുന്നു. അതുകേട്ട്, മനസ്സിലായില്ല എന്ന് ഉണ്ണി പറയുന്നു. അപ്പോൾ, സാറിന് എന്നോട് ദേഷ്യമാണോ എന്ന് സരോജിനി ചോദിക്കുന്നു. അതിന്, മാഡം യൂ ആർ മിസ്റ്റേക്കൻ എന്ന് ഉണ്ണി പറയുമ്പോൾ, ദയവു ചെയ്ത് ഈ മാഡം വിളിയൊന്ന് നിർത്താമോ എന്ന് സരോജിനി പറയുന്നു. അതുകേട്ട്, മറിച്ച് അങ്ങോട്ടും പറയാമല്ലോ എന്ന് ഉണ്ണി പറയുമ്പോൾ, പിന്നെ എന്തു വിളിക്കും എന്ന് സരോജിനി മയത്തിൽ ചോദിക്കുന്നു. അതിന്, നാട്ടുനടപ്പനുസരിച്ച് പേരു വിളിക്കാം എന്ന് ഉണ്ണി പറയുന്നു. അപ്പോൾ, അത്.... എന്ന് ഒന്നല്പം അമാന്തിച്ച ശേഷം, വീട്ടിൽ അനിയത്തിമാരും കസിൻസും എന്തു വിളിക്കും എന്നു ചോദിക്കുന്നു. അതിന്, എനിക്കങ്ങിനെ ആരുമില്ലെന്ന് പറഞ്ഞ ശേഷം, അതാ സെറ്റുകാർ പോവുന്നു എന്ന് ഉണ്ണി പറയുന്നു. അതുകേട്ട്, ഞാൻ ഒരു സെറ്റിലും വന്നതല്ലെന്ന് പറഞ്ഞ്, മടിച്ചു മടിച്ചു കൊണ്ട് ഇരിക്കാമോ എന്ന് സരോജിനി ചോദിക്കുമ്പോൾ, ഇതെന്റെ സ്വകാര്യ സ്ഥലമൊന്നുമല്ലല്ലോ എന്ന് ഉണ്ണി പറയുന്നു. അപ്പോൾ സരോജിനി ഉണ്ണിയുടെ അടുത്തിരുന്നുകൊണ്ട്, എന്തിനാണീ പരിഭവം, എനിക്കീ പോസ്റ്റ് വേണ്ടെന്ന് എഴുതിക്കൊടുക്കാം, ആരുടേയും ദുർമുഖം കാണാതിരിക്കാമല്ലോ എന്ന് പറയുന്നു. അതുകേട്ട്, ദുർമുഖം, സോറി എനിക്കാ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്ന് ഉണ്ണി പറയുന്നു. അപ്പോൾ, ആറു കൊല്ലം ഒരേ ഓഫീസിൽ ഇരുന്നു പണി ചെയ്തിട്ടുണ്ട്, ഒന്ന് ചിരിച്ചു സംസാരിച്ചിട്ടില്ല, എന്നും വല്യ മാന്യനായി അകന്നു നിന്നിട്ടേയുള്ളു, അതിന് നന്ദിയുണ്ടെന്ന് സരോജിനി പറയുന്നു. അതുകേട്ട്, തെറ്റി ഞാൻ മാന്യനല്ലെന്നും, മനസ്സിൽ വ്യഭിചാരിക്കുന്നതാണ് ഇവിടെ മാന്യത എന്ന് ഉണ്ണി പറയുന്നു. അതിന്, ആരോടാണീ അമർഷം എന്ന് സരോജിനി ചോദിക്കുന്നു. അതുകേട്ട്, ആരോടുമില്ലെന്നപോലെ ഉണ്ണി തല കുലുക്കുന്നു. അപ്പോൾ, പിന്നെ എന്ന് സരോജിനി ചോദിക്കുന്നു. അതുകേട്ട്, അല്പം അമർഷത്തോടെ ഈ ലോകത്തോട്, എന്നോട് എന്ന് ഉണ്ണി പറയുന്നു. പെട്ടെന്ന് തന്നെ, സോറി എന്നു പറഞ്ഞതിന് ശേഷം ഈ പ്രൊമോഷൻ കാര്യത്തെപ്പറ്റി താൻ ഒരിക്കലും ആലോച്ചിട്ടില്ലെന്ന് പറഞ്ഞ് എണീറ്റു നടക്കുന്നു.
ഒന്നാലോചിച്ചു ശേഷം സരോജിനിയും എണീറ്റ് ഉണ്ണിയുടെ പുറകെ നടക്കുന്നു. അപ്പോൾ, എന്താ വായിക്കാറെന്ന് ഉണ്ണി ചോദിക്കുമ്പോൾ, കവിത എന്നും, കവിത എഴുതിയിരുന്നുവെന്ന് കേട്ടു ... മുൻപ് എന്നും, ആരോ പറഞ്ഞതാ എന്നും സരോജിനി പറയുന്നു. അതുകേട്ട്, ആ... മുൻപ് പല വിഡ്ഢിത്തങ്ങളും ചെയ്തിരിക്കും എന്ന് ചിരിച്ചുകൊണ്ട് ഉണ്ണി പറയുന്നു. തുടർന്ന്, ചില ഞായറാഴ്ച ഏട്ടൻ വരും, മെഡിക്കൽ റെപ്രെസെന്ററ്റീവ് ആണെന്നും, ഇന്നു വരുമെന്ന് കരുതി അതുകൊണ്ട് ഈ ആഴ്ച നാട്ടിൽ പോയില്ലെന്നും, തിരുവില്വാമലയ്ക്കടുത്താ ഞങ്ങളുടെ നാട്, എവിടെയാ നാട് എന്ന് സരോജിനി പറയുന്നു. അതുകേട്ട്, കുറച്ചുകൂടി വടക്കെന്ന് ഉണ്ണി പറയുമ്പോൾ, സ്ഥലപ്പേരില്ലേ എന്ന് സരോജിനി ചോദിക്കുന്നു. അതിന്, പറഞ്ഞാൽ അറിയില്ലെന്നും, അത്ര പ്രസിദ്ധമൊന്നുമല്ല സ്ഥലം എന്നും പറയുന്നു. അപ്പോൾ, വീട്ടിൽ അവധിക്ക് പോകാറില്ലേ എന്ന് സരോജിനി ചോദിക്കുമ്പോൾ ഉണ്ണി മറുപടിയൊന്നും പറയുന്നില്ല. തുടർന്ന്, നാട്ടിൽ ആരൊക്കെയുണ്ടെന്ന് സരോജിനി ചോദിക്കുന്നു. അതിന് ആരുമില്ലെന്ന് ഉണ്ണി പറയുമ്പോൾ, വേണ്ടപ്പെട്ടവർ ആരും..... എന്ന് പറഞ്ഞു നിർത്തുമ്പോൾ, ഇല്ലെന്ന മട്ടിൽ ഉണ്ണി തലയാട്ടുന്നു.
ഉണ്ണി സരോജിനിയെ അവൾ താമസിക്കുന്ന വിമൻസ് ഹോസ്റ്റലിൽ ചെന്നു കാണുന്നു. കൂട്ടുകാരികൾ സിനിമ കാണാനുള്ള പുറപ്പാടിലാണെന്ന് പറയുമ്പോൾ, എന്നാൽ ഞാൻ പിന്നെ വരാമെന്ന് പറഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ പോകുന്നില്ലെന്ന് സരോജിനി പറയുന്നു. പിന്നീട് ഉണ്ണിയോട് സരോജിനി പറഞ്ഞു തുടങ്ങുന്നു - മുൻപൊക്കെ എല്ലാ തിയ്യറ്ററുകളിലും പോയി എല്ലാ സിനിമകളും കാണുമായിരുന്നുവെന്നും, പിന്നെ നിർത്തിയെന്നും, പുസ്തകം വില കൊടുത്തു വാങ്ങുന്നതും നിർത്തിയെന്നും, അതുകൊണ്ട് അമ്പതു രൂപാ കൂടുതൽ അയക്കാം വീട്ടിൽ എന്നും സരോജിനി പറയുന്നു. ഉണ്ണി അവളെത്തന്നെ നോക്കിയിരിക്കുന്നു. അപ്പോൾ, അരിയേഴ്സ് കിട്ടിയാൽ അച്ഛന്റെ ചില്ലറ കടങ്ങൾ വീട്ടാമെന്നും, അച്ഛൻ കിടപ്പിലാകുന്നത് വരെ ഞങ്ങൾക്കൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും, കുറച്ചു കൃഷി, ഞാനും ഏട്ടനും അയക്കുന്ന പൈസ മതി എന്നും, താഴെ ഉള്ളവർക്ക് തൊട്ടു മുൻപു തന്നെയാണ് ഹൈസ്കൂൾ എന്നും, ഒരു കൊല്ലമായി അച്ഛൻ പക്ഷവാതമാണെന്നും സരോജിനി പറയുന്നു. ഉണ്ണി അവളെത്തന്നെ നോക്കിയിരിക്കുന്നു. അപ്പോഴേക്കും മേട്രൺ (കല്ല്യാണിക്കുട്ടിയമ്മ) ഉണ്ണിക്ക് ചായ കൊണ്ടുവന്നു കൊടുക്കുന്നു. ഉണ്ണി ചായ കുടിച്ചു കഴിയുമ്പോൾ, എന്തെങ്കിലും പറയു എന്ന് സരോജിനി പറയുന്നു. ഉണ്ണി അപ്പോഴും മൗനം പാലിക്കുമ്പോൾ, അമർഷമാണെങ്കിലും കേൾക്കാൻ രസമുണ്ടെന്ന് സരോജിനി പറയുന്നു. തുടർന്ന്, പൊതുവെ സംസാരിക്കാത്ത ആളാണെന്ന് ഓഫീസിലുള്ള എല്ലാവരും പറയുമെന്നും, പ്യൂൺ ശങ്കരൻ നായരുടെ പക്കൽ എല്ലാവരെക്കുറിച്ചും ഓരോ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഉണ്ടെന്നും സരോജിനി പറയുമ്പോൾ, ഉവ്വോ എന്ന് ഉണ്ണി ചോദിക്കുന്നു. അപ്പോൾ, ഓഫീസിൽ ഒരാൾക്കേ കത്തുകൾ വരാതെയുള്ളുവത്രെ എന്ന് സരോജിനി പറയുമ്പോൾ ഉണ്ണി അവളെത്തന്നെ നോക്കിയിരിക്കുന്നു. അപ്പോൾ, ബാധ്യതയില്ല, ആർക്കും പണം അയച്ചു കൊടുക്കേണ്ടാ എന്നു പറഞ്ഞ ശേഷം പിന്നെ..... എന്നു പറഞ്ഞ് സരോജിനി മടിച്ചു നിന്ന ശേഷം, പറയട്ടെ എന്ന് ചോദിക്കുന്നു. അതിന്, പറയു ഞാൻ കേൾക്കാനുള്ള മൂഡിലാണെന്ന് എന്ന് ഉണ്ണി പറയുന്നു. അതുകേട്ട്, ആളുകൾ പറയുന്നത് നേരാണോ, കുടിക്കുമോ എന്ന് സരോജിനി ചോദിക്കുമ്പോൾ, ചിലപ്പോൾ എന്ന് ഉണ്ണി പറയുന്നു. അതിന്, ഇനി ടൂറിന് വരുമ്പോൾ പരിചയപ്പെടണമെന്ന് ഏട്ടൻ എഴുതിയിട്ടുണ്ടെന്ന് സരോജിനി പറയുന്നു. അതുകേട്ട്, എന്തിനെന്ന് ഉണ്ണി ചോദിക്കുന്നു. അതിന്, വെറുതെ എന്നും, ഏട്ടൻ ഇവിടെ കമ്പനി ഇല്ലെന്നും സരോജിനി പറയുമ്പോൾ, ഞാൻ കമ്പനിക്ക് കൂടില്ലെന്ന് ഉണ്ണി പറയുന്നു. അതുകേട്ട്, ഏട്ടനും അധികം സംസാരിക്കില്ലെന്ന് സരോജിനി പറയുന്നു. അപ്പോൾ, ഉണ്ണി എണീറ്റു നിന്ന് ഇറങ്ങട്ടെയെന്ന് പറയുന്നു. അതുകേട്ട്, ഇനിയെങ്ങോട്ടാ എന്ന് സരോജിനി ചോദിക്കുമ്പോൾ, വെറുതെ നടക്കുമെന്ന് ഉണ്ണി പറയുന്നു. അന്നേരം, വെള്ളിയാഴ്ച കാഷ്വൽ ലീവെടുത്താൽ നാലു ദിവസം അവധി കിട്ടും, ദീപാവലിക്ക് നാട്ടിലേക്ക് പോകുന്നുണ്ടോ എന്ന് സരോജിനി ചോദിക്കുന്നു. ഇല്ലെന്ന് ഉണ്ണി തലയാട്ടുന്നു. അപ്പോൾ, നല്ല ഭംഗിയുള്ള സ്ഥലമാണ് ഞങ്ങളുടേത്, ഭാരതപ്പുഴ കാണാം മുറ്റത്ത് നിന്നാലെന്നും, കവികൾക്ക് ഇഷ്ടമാവും എന്നും സരോജിനി പറയുന്നു. ഉണ്ണി മറുപടിയൊന്നും പറയാതെ ഇറങ്ങുമ്പോൾ, ഒഴിവുള്ളപ്പോഴൊക്കെ വരൂ എന്നും, അധികം ബോറാക്കാതെ നോക്കാമെന്നും പറഞ്ഞ ശേഷം ഒരു കാര്യം കൂടി എന്നു പറഞ്ഞ് സരോജിനി നിർത്തുന്നു. ഉണ്ണി അവളെത്തന്നെ സംശയത്തോടെ നോക്കി നിൽക്കുന്നു. അപ്പോൾ, മടിച്ചു മടിച്ചു കൊണ്ട്, പറഞ്ഞാൽ ദേഷ്യപ്പെടരുതെന്നും, ഒരപേക്ഷയാണെന്നും, കുടിക്കരുതെന്നും സരോജിനി പറയുന്നു. അവളെത്തന്നെ ഒന്ന് നോക്കിയാ ശേഷം ഉണ്ണി അവിടുന്നും ഇറങ്ങുന്നു. സരോജിനി ഉണ്ണിയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. ഉണ്ണിക്കും അത് മനസ്സിലാവുന്നുണ്ടെങ്കിലും, അവൻ പ്രതികരിക്കുന്നില്ല.
അടുപ്പിച്ച് മൂന്നു നാലു ദിവസങ്ങൾ അവധിയായതു കൊണ്ട് ലോഡ്ജിലെ എല്ലാ അന്തേവാസികളും അവരവരുടെ നാട്ടിലേക്ക് പോകുന്നു. ഉണ്ണി മാത്രം അവിടെ തനിച്ചാവുന്നു. അപ്പോൾ ഉണ്ണിയുടെയടുത്തേക്ക് അച്ചുമ്മാൻ വരുന്നു. ഉണ്ണി പോവുന്നില്ലേയെന്ന് അച്ചുമ്മാൻ ചോദിക്കുമ്പോൾ ഇല്ലെന്ന് ഉണ്ണി തലയാട്ടുന്നു. എന്നിട്ട്, വരുന്നവരെ ഞാൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചോളാമെന്നും, വേണമെങ്കിൽ അച്ചുമ്മാനും പൊയ്ക്കോളൂ എന്നും ഉണ്ണി പറയുമ്പോൾ, ഒരു നെടുവീർപ്പിട്ടുകൊണ്ട് അച്ചുമ്മാൻ എവിടെക്കാ എന്ന് പറയുന്നു. അല്പനേരത്തെ മൗനത്തിന് ശേഷം ഉണ്ണി കുറച്ചു കാശെടുത്ത് അച്ചുമ്മാന്റെ കൈയ്യിൽ കൊടുക്കുമ്പോൾ അച്ചുമ്മാൻ അർത്ഥഗർഭമായി ഒന്നു ചിരിക്കുന്നു. രാത്രി രണ്ടുപേരും മദ്യപിക്കാനിരിക്കുന്നു. പുറത്ത് ആളുകൾ ദീപാവലി ആഘോഷിക്കുകയാണ്. അച്ചുമ്മാൻ താൻ ആരാണെന്നും, വലിയ തറവാട്ടിലെ അംഗമാണെന്നും, ഇപ്പോൾ തന്റെ സ്ഥിതി എന്താണെന്നുമൊക്കെ പറഞ്ഞു തുടങ്ങുമ്പോൾ, ഒക്കെ അറിയാമെന്നും, ഒരുപാട് തവണ കേട്ടതല്ലേയെന്നും ഉണ്ണി പറയുന്നു. എന്നിട്ട്, കുറച്ച് പണം അച്ചുമ്മാന് കൊടുക്കുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് അത് വാങ്ങി മടിയിൽ തിരുകി വെക്കുന്നു. അച്ചുമ്മാൻ പിന്നീട് പഴയൊരു ഹിന്ദി ഗാനവും മൂളിക്കൊണ്ട് തന്റെ മുറിയിലേക്ക് പോകുന്നു. ഉണ്ണി തന്റെ ബാല്യകാലം ഓർത്തുകൊണ്ട് കിടക്കുന്നു.
അവധികഴിഞ്ഞ് ലോഡ്ജിലെ മറ്റു അന്തേവാസികളെല്ലാം തിരിച്ചു വരുമ്പോൾ ഉണ്ണി പനിപിടിച്ച് കിടപ്പാണ്. അതിലൊരാൾ (കുഞ്ചൻ) ഡോക്ടറെ വിളിക്കണമെന്നാണ് തോന്നുന്നതെന്ന് പറയുമ്പോൾ, ഉണ്ണി അരിശത്തോടെ നിങ്ങളെല്ലാം അങ്ങ് പോയിത്തന്നാൽ മതിയെന്ന് പറയുന്നു. അയാൾ അപ്പോഴും അവിടുന്ന് പോകാതെ, ഞാൻ അവധിയെടുക്കണോ എന്ന് ചോദിക്കുമ്പോൾ, വേണ്ടെന്നും, അച്ചുമ്മാൻ ഉണ്ടെന്നും ഉണ്ണി പറയുന്നു. എന്നിട്ട്, ഞാൻ വരുന്നില്ലെന്ന് പറഞ്ഞ് എന്റെ ഓഫീസിലേക്ക് ഒന്ന് ഫോൺ ചെയ്തു പറഞ്ഞേക്കെന്നും പറയുന്നു. അയാൾ ശരിയെന്ന് പറഞ്ഞ് പോകുന്നു. ഉണ്ണിക്ക് സുഖമില്ലെന്നുള്ള വിവരം അറിഞ്ഞ് സരോജിനി ഉണ്ണിയെ കാണാനെത്തുമ്പോൾ വെള്ളം നിറച്ചുകൊണ്ടിരിക്കുന്ന അച്ചുമ്മാൻ, ഇത് ആണുങ്ങൾ താമസിക്കുന്ന സ്ഥലമാണ്, ഓഫീസിലെ കാര്യങ്ങളൊക്കെ ഓഫീസിലാവുന്നതാ ഭേദം എന്ന് നീരസത്തോടെ പറയുന്നു. സരോജിനി അത് വകവെക്കാതെ മുകളിലേക്ക് കയറിപ്പോവുന്നു. അപ്രതീക്ഷിതമായി സരോജിനിയെ അവിടെ കണ്ടതും ഉണ്ണി എണീറ്റിരുന്ന് അവളോട് ഇരിക്കാൻ പറയുന്നു. പനിയാണോ എന്ന് സരോജിനി ചോദിക്കുമ്പോൾ, ആയിരുന്നുവെന്ന് ഉണ്ണി പറയുന്നു. അപ്പോൾ, പ്യൂൺ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞതെന്ന് സരോജിനി പറയുമ്പോൾ ഉണ്ണി അവളെത്തന്നെ നോക്കിയിരിക്കുന്നു. സരോജിനി തുടരുന്നു - ഒരു ദിവസം കൂടി ലീവ് എടുത്തുവെന്നും, കാലത്തെ വന്നുള്ളുവെന്നും പറഞ്ഞ ശേഷം മുറിയിലാകെ ഒന്ന് കണ്ണോടിച്ചു നോക്കുന്നു സരോജിനി. മുറിയിലെ ദയനീയ സ്ഥിതി ശ്രദ്ധിച്ച്, ഇത് കഷ്ടമാണെന്ന് സരോജിനി പറയുന്നു. അപ്പോൾ, ഏതെന്ന് ഉണ്ണി ചോദിക്കുമ്പോൾ, ഈ ജീവിതമെന്ന് സരോജിനി പറയുന്നു. ഉണ്ണി ഒന്നും പറയാതെ ഒരു സിഗരറ്റ് എടുത്ത് കത്തിക്കുന്നു. അല്പനേര മൗനത്തിന് ശേഷം, ഞാൻ ഉണ്ണിയെപ്പറ്റി അച്ഛനോട് പറഞ്ഞിരുന്നുവെന്നും, ഒരിക്കൽ വീട്ടിലേക്ക് വരൂവെന്നും സരോജിനി പറയുന്നു. അതുകേട്ട്, ഒന്നും പറയാതെ ഉണ്ണി അവളെത്തന്നെ തുറിച്ചു നോക്കുമ്പോൾ, ഒന്നിനുമല്ല, ഞങ്ങളുടെ വീടും നാടുമൊക്കെ ഒന്ന് കാണാനെന്ന് സരോജിനി പറയുമ്പോൾ ഉണ്ണി തല കുലുക്കുന്നു. പിന്നീട് എന്തോ പറയാൻ തുടങ്ങുന്ന സരോജിനി അതു വേണ്ടെന്ന് വെച്ച്, ഒന്നുമില്ല പിന്നെ പറയാമെന്ന് പറയുന്നു. എന്നിട്ട്, ഹോസ്റ്റലിൽ നിന്ന് കഞ്ഞി കൊടുത്തയക്കട്ടെ എന്ന് ചോദിക്കുമ്പോൾ, അതുകേട്ടുകൊണ്ട് അവിടെയെത്തുന്ന അച്ചുമ്മാൻ ഇവിടെ അത്യാവശ്യത്തിന് അതൊക്കെയുണ്ടെന്ന് പറയുമ്പോൾ, സരോജിനി പുഞ്ചിരിക്കുന്നു. പിന്നീട്, ഒരു പൊതി ഉണ്ണിയുടെ അരികിൽ വെച്ചുകൊണ്ട്, ദീപാവലി പ്രമാണിച്ച് കുറച്ച് മധുരപലഹാരങ്ങളാണ്, മധുരം ഇഷ്ടമാണോ എന്നറിയില്ല, ഇല്ലെങ്കിൽ കൂട്ടുകാർക്ക് കൊടുത്തോളു, കുറച്ച് ഈ അൾസേഷനും കൊടുക്കു എന്ന് പറഞ്ഞ് സരോജിനി അച്ചുമ്മാനെ നോക്കുമ്പോൾ അദ്ദേഹം അവളെ കടുപ്പിച്ച് നോക്കുന്നു. ഇറങ്ങുന്നതിന് മുൻപ് ഓഫീസിൽ എന്തെങ്കിലും പറയാനുണ്ടോ എന്ന് സരോജിനി ചോദിക്കുമ്പോൾ, ഒന്നുമില്ലെന്ന് ഉണ്ണി പറയുന്നു. സരോജിനി പോയ ശേഷം അച്ചുമ്മാൻ അകത്തേക്ക് വന്ന് എന്താ ഈ സൂക്കേടിന്റെ പേരെന്ന് ചോദിക്കുമ്പോൾ, ഉണ്ണി റൊമാന്റിക് ആയിട്ട് സരോജിനി എന്ന് പറയുന്നു.
ഉണ്ണിക്ക് സുഖമായി ജോലിയിൽ പോയ ദിവസം വൈകുന്നേരം സരോജിനി ഓഫീസിന് പുറത്ത് അവനെയും കാത്ത് നിൽക്കുന്നു. ഉണ്ണി അവിടെയെത്തുമ്പോൾ നാളെ തിരക്കുണ്ടോ എന്ന് സരോജിനി ചോദിക്കുമ്പോൾ, ഒഴിവു ദിവസം എന്ത് തിരക്കെന്ന് ഉണ്ണി പറയുന്നു. അപ്പോൾ, ഫ്രീ ആണെങ്കിൽ ഹോസ്റ്റലിൽ വരൂ എന്നും, നമുക്കൊരുമിച്ച് ഇറങ്ങാമെന്നും, കുറച്ചു നടക്കാമെന്നും സരോജിനി പറയുമ്പോൾ, എവിടേക്കെന്ന് ഉണ്ണി ചോദിക്കുന്നു. അതിന്, എവിടേക്കെങ്കിലും എന്ന് സരോജിനി പറഞ്ഞതും, വിശേഷിച്ച് എന്ന് ഉണ്ണി ചോദിക്കുന്നു. അതുകേട്ട്, വിശേഷിച്ച് ഒന്നുമില്ലെന്നും, എന്തെങ്കിലും സംസാരിക്കണമെന്നും, പിന്നെ ലൈബ്രറിയിലേക്ക് പോകാമെന്നും സരോജിനി പറയുന്നു. അപ്പോൾ ഉണ്ണി അവളെത്തന്നെ നോക്കി നിൽക്കുന്നു. അന്നേരം, എനിക്ക് ചിലത് പറയാനുണ്ടെന്ന് സരോജിനി പറയുമ്പോൾ, പറയാനുള്ളത് ഏകാന്ത തീരങ്ങൾ, പൂവനങ്ങൾ, ഇതൊന്നുമില്ലാതെ പറയാമെന്നും, ഞാൻ റൊമാന്റിക് അല്ലെന്നും ഉണ്ണി അല്പം പരിഹാസത്തോടെ പറയുന്നു. അതുകേട്ട്, ഞാൻ റൊമാന്സിനല്ല വിളിച്ചതെന്ന് സരോജിനി പരിഭവത്തോടെ പറയുന്നു. അപ്പോൾ, വാക്കുകൾ വിലകൂടിയ വാക്കുകൾ വെറുതെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ഉണ്ണി പറയുന്നു. അതുകേട്ട്, സരോജിനി അരിശത്തോടെ നോക്കിയ ശേഷം അവിടുന്ന് നടക്കാൻ തുടങ്ങുന്നു. അന്നേരം, വിഷമിക്കണ്ടാ ഞാൻ വരാമെന്ന് ഉണ്ണി പറയുമ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു.
പറഞ്ഞപോലെ അടുത്ത ദിവസം ഉണ്ണി അവളോടൊപ്പം നടക്കുമ്പോൾ ഞാനിപ്പോൾ റൊമാന്റിക് ആയി ഫീൽ ചെയ്യന്നു എന്ന് ഉണ്ണി പറയുമ്പോൾ, ഇല്ലാത്തത് ഉണ്ടാക്കാൻ നോക്കേണ്ടെന്ന് സരോജിനി പറയുന്നു. അപ്പോൾ, എല്ലാം ഒരു മാറ്റത്തിന് വേണ്ടി ഒരു പ്രാവശ്യം ഞാൻ ട്രൈ ചെയ്യുമെന്ന് ഉണ്ണി പറയുന്നു. അവർ നടത്തം ആരംഭിക്കുന്നു. രണ്ടുപേരും ഒരു സംഗീത കച്ചേരിക്ക് പോകുന്നു. കച്ചേരി കഴിഞ്ഞ് മടങ്ങുമ്പോൾ ഉണ്ണി അവളോട് ചോദിക്കുന്നു - എന്തോ പറയാനുണ്ടെന്ന് പറഞ്ഞല്ലോ, എന്താണ് എന്ന്. അതുകേട്ട്, പറയാം, പക്ഷേ പറയാനുള്ളതെല്ലാം മറന്നു പോയി എന്ന് പറഞ്ഞ ശേഷം സരോജിനി പറഞ്ഞു തുടങ്ങുന്നു - എന്തെങ്കിലും സംസാരിച്ചുവോ എന്ന് അച്ഛൻ എഴുതി ചോദിച്ചിട്ടുണ്ടെന്നും, ഒന്നും ഇങ്ങോട്ട് പറയാതെ ഏട്ടനും വന്നു കാണാൻ വിഷമമെന്നും, അച്ഛന് കത്തെഴുതാൻ വയ്യെന്നും അനിയത്തിക്ക് പറഞ്ഞുകൊടുത്ത് എഴുതിച്ചതാണെന്നും പറഞ്ഞ ശേഷം, എന്താ മിണ്ടാത്തതെന് സരോജിനി ചോദിക്കുന്നു. അതുകേട്ട്, മനസ്സിലായില്ലെന്ന് ഉണ്ണി പറയുമ്പോൾ, മനസ്സിലായില്ലെന്ന് ഭാവിക്കുകയല്ലയെന്ന് സരോജിനി ചോദിക്കുന്നു. അപ്പോൾ, തനിക്ക് ശരിക്കും മനസ്സിലായില്ലെന്നും, കടംകഥ പോലെ സംസാരിച്ചാൽ മനസ്സിലാവില്ലെന്നും ഉണ്ണി പറയുമ്പോൾ, മനസ്സിലാവില്ല, ഒന്നും മനസ്സിലാവില്ല, ഞാൻ കരയണം, കാലു പിടിക്കണം, മൂന്നാംകിട മെലോഡ്രാമ പോലെ പ്രസംഗിക്കണം എന്ന് സരോജിനി ദേഷ്യത്തോടെ പറഞ്ഞ ശേഷം അവിടുന്നും ആവേശത്തോടെ പോകുന്നു. ഉണ്ണി അവളെത്തന്നെ മിഴിച്ചു നോക്കിക്കൊണ്ട് നിൽക്കുന്നു.
ഉണ്ണിക്ക് ആദ്യമായി ഒരു കത്ത് വരുന്നത് കാണുമ്പോൾ ഓഫീസിലെ എല്ലാവരും ആശ്ചര്യത്തോടെ നോക്കുന്നു. അനുജത്തി തങ്കത്തിന്റെതാണ് ആ കത്ത്. അമ്മയ്ക്കും അവൾക്കും ഉണ്ണിയെ കാണണമെന്നുണ്ടെന്നും, അവർക്ക് ഇങ്ങോട്ട് വരാൻ സാധിക്കാത്തത് കൊണ്ട് ഉണ്ണിയെ അവിടേക്ക് വരണം എന്ന് ക്ഷണിച്ചുകൊണ്ടുള്ളതാണ് ആ കത്ത്. കത്ത് വായിച്ച ശേഷം അസ്വസ്ഥനായി കാണപ്പെടുന്ന ഉണ്ണിയെ കാഷ്യർ സ്വാമിയും, സരോജിനിയും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്വാമി കാര്യമെന്തെന്ന് ചോദിക്കുമ്പോൾ, ഒന്നുമില്ലെന്ന് ഉണ്ണി പറയുന്നു.
വൈകുന്നേരം ലോഡ്ജിൽ എത്തിയതും ഉണ്ണി ആ കത്ത് അച്ചുമ്മാനെ കാണിക്കുന്നു. അതു വായിച്ച ശേഷം, അപ്പോ അവകാശികൾ ഉണ്ടല്ലേ എന്ന് ചോദിക്കുമ്പോൾ, ഇപ്പോ എന്ന് ഉണ്ണി പറയുന്നു. തുടർന്ന്, ആരുമില്ലെന്ന് പറഞ്ഞത് വെറുതെ ആയിരുന്നുവല്ലേന്നും, അച്ഛൻ മരിച്ചിരുന്നില്ല ല്ലേ എന്നും അച്ചുമ്മാൻ പറയുന്നു. അതുകേട്ട്, ഉണ്ണി ഓർമ്മകളിൽ മുഴുകുന്നു - ഉണ്ണിയുടെ ബാല്യകാലം - ഉണ്ണിയും അമ്മയും അകത്തിരിക്കുമ്പോൾ വീട്ടിലെ കാരണവർ (നിലമ്പൂർ ബാലൻ) അച്ഛനോട് പറയുന്നു - എടോ നായരെ, ഇവിടെ വേറെയും സംബന്ധക്കാരുണ്ട്, അവര് അവരുടെ ഭാര്യമാർക്ക് ഈ തറവാടിന്റെ അന്തസ്സിനനുസരിച്ച് ചെലവിനും കൊടുക്കുന്നുണ്ട്, താനോ, എന്നിട്ട് ഭാര്യടെ ഓഹരി ചോദിക്കുന്നു, കുഞ്ഞൂട്ടി ഇന്നു മുതൽ ഇയാൾക്ക് പായ പുറത്ത് - ഇതു കേട്ടതും അച്ഛൻ അവിടുന്നും ഇറങ്ങിപ്പോവുന്നു. അച്ഛൻ ഒരു കൂട്ടം ആൾക്കാരുടെ മുൻപിൽ പുതിയ ഉടുപ്പും ധരിച്ച് പാടവരമ്പിലൂടെ നടന്നു പോവുന്നത് കാണുന്ന ഉണ്ണി അമ്മയോട് ചോദിക്കുന്നു - പുതിയ കുപ്പായമിട്ട് മുൻപിൽ നടക്കുന്നത് അച്ഛനല്ലേ അമ്മേ? അമ്മ മറുപടിയൊന്നും പറയാതെ വിതുമ്പിക്കൊണ്ട് ഉണ്ണിയെ മാറോടു ചേർത്തു പിടിക്കുന്നു.
ഉണ്ണി ഓർമ്മകളിൽ നിന്നും തിരിച്ചെത്തി അച്ചുമ്മാനോട് പറയുന്നു - അച്ഛൻ അന്നേ മരിച്ചു, ആറു വയസ്സുള്ള കുട്ടിയുടെ മനസ്സിൽ, ജീവിച്ചിരുന്ന ആ ആൾ എനിക്കാരുമായിരുന്നില്ല. അതുകേട്ട്, എന്നാലും .... അമ്മ ... എന്ന് ചോദിക്കുമ്പോൾ, മരിക്കുമ്പോൾ ഞാനുണ്ടായിരുന്നില്ല എന്നും, കള്ളവണ്ടി കേറി എവിടെയോ തെണ്ടുകയായിരുന്നുവെന്നും, അറിഞ്ഞത് കുറെ കഴിഞ്ഞാണെന്നും ഉണ്ണി പറയുന്നു. അപ്പോൾ, നാട്ടിൽ പോവുന്നുണ്ടോ എന്ന് അച്ചുമ്മാൻ ചോദിക്കുമ്പോൾ, അതെയെന്ന് ഉണ്ണി പറയുന്നു. അതുകേട്ട്, രണ്ടാനമ്മേം മകളെയും കണ്ടിട്ടില്ല എന്ന് അച്ചുമ്മാൻ ചോദിക്കുമ്പോൾ, കാണാൻ പോകുന്നു എന്ന് ഉണ്ണി പറയുന്നു.
ഉണ്ണി അവധിക്ക് കത്തെഴുതിക്കൊടുത്ത് ലീവിൽ പോവുന്നു സാർ, ഒരു മാസം എന്ന് പറയുമ്പോൾ, മാനേജർ വിശേഷിച്ച് എന്ന് ചോദിക്കുന്നു. അതിന്, ഒന്നുമില്ല എന്നും, തനിക്ക് മൂന്നു മാസത്തെ ലീവ് ക്രെഡിറ്റിലുണ്ടെന്നും ഉണ്ണി പറയുന്നു. അതുകേട്ട്, എവിടേക്കാണ് എന്ന് മാനേജർ ചോദിക്കുമ്പോൾ, അങ്ങിനെയൊന്നുമില്ലെന്ന് ഉണ്ണി പറയുന്നു. മാനേജർ ശുഭയാത്ര നേരുന്നു.
അച്ചുമ്മാനും ഉണ്ണിയും കൂടി വൈകുന്നേരം പുറത്തു കറങ്ങി തിരിച്ചു വരുമ്പോൾ, രണ്ടാനമ്മയ്ക്കും അനിയത്തിക്കും ഒന്നും വാങ്ങിക്കുന്നില്ലേ എന്ന് അച്ചുമ്മാൻ ഉണ്ണിയോട് ചോദിക്കുമ്പോൾ ഉണ്ണി മറുപടിയൊന്നും പറയുന്നില്ല. പിന്നീട്, സരോജിനി താമസിക്കുന്ന ഹോസ്റ്റലിന്റെ മുന്നിൽ ഉണ്ണി നിൽക്കുമ്പോൾ, അവിടെക്കൊന്നും പോയേക്കരുത്, സ്ത്രീകൾ മാത്രം താമസിക്കുന്ന സ്ഥലമാ എന്ന് അച്ചുമ്മാൻ പറയുന്നു. ഉണ്ണി അതു കൂട്ടാക്കാതെ ഗേറ്റ് തുറന്ന് അകത്തേക്ക് പോകുന്നു. അവിടെ സരോജിനിക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, സരോജിനി ഇവിടില്ല എന്ന് മേട്രൺ പറയുന്നു. അതുകേട്ട്, എപ്പോ വരും എന്ന് ഉണ്ണി ചോദിക്കുമ്പോൾ, നാട്ടിൽ നിന്ന് കാറും കൊണ്ട് ഏട്ടൻ വന്നിരുന്നുവെന്നും, അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോവണം ന്നാ തോന്നണേ എന്നും, ചിലപ്പോ വൈകും എന്നും, നാളെ ഞായറാഴ്ച ആയത് കൊണ്ട് അവളവിടെ പോകുവോ ആവോ എന്നും, ഇവിടെ വന്ന് പറഞ്ഞിട്ടേ പോകു എന്നും, എന്തെങ്കിലും പറയണോ എന്നും മേട്രൺ പറയുന്നു. അതിന്, ഒരു കഷണം കടലാസ് തരു എന്ന് ഉണ്ണി പറയുന്നു. മേട്രൺ കടലാസ് എടുക്കാൻ അകത്തേക്ക് പോകുമ്പോൾ, നില്ക്കു വേണ്ടാ, ഒന്നുമില്ലെന്ന് പറഞ്ഞ് ഉണ്ണി അവിടുന്നും പോകുന്നു.
ഉണ്ണി മുറി പൂട്ടി പെട്ടിയുമായി ഇറങ്ങുമ്പോൾ, അന്തേവാസികൾ എങ്ങോട്ടാ എന്ന് ചോദിക്കുമ്പോൾ, നാട്ടിലേക്കാണെന്ന് ഉണ്ണി പറയുന്നു. അതുകേട്ട്, അപ്പോൾ നാടുണ്ടല്ലേ എന്ന് അന്തേവാസികൾ ചോദിക്കുമ്പോൾ ഉണ്ണി മറുപടിയൊന്നും പറയുന്നില്ല. അപ്പോൾ, മറ്റൊരാൾ എന്നു വരും എന്ന് ചോദിക്കുമ്പോൾ, ഒരു മാസം കഴിഞ്ഞെന്ന് ഉണ്ണി പറയുന്നു. അന്നേരം അച്ചുമ്മാൻ വന്ന് ദോശ ചുട്ടു തരാമെന്ന് പറയുമ്പോൾ വേണ്ടെന്ന് പറഞ്ഞ് ഉണ്ണി ഇറങ്ങുന്നു.
നാട്ടിലെത്തിയതും ഉണ്ണി ടൂറിസ്റ്റ് ബംഗ്ലാവിൽ മുറിയെടുക്കുന്നു. എന്നിട്ട് വാച്ച്മാനോട് തന്റെ തറവാടിനെക്കുറിച്ച് ചോദിക്കുമ്പോൾ, അവിടെ ആരുമില്ലെന്നും, എല്ലാം പൊളിച്ചു വിറ്റിട്ടല്ലേ കാരണവര് ഭാര്യ വീട്ടിൽ താമസമാക്കിയതെന്ന് അദ്ദേഹം പറയുന്നു. അതുകേട്ട്, രണ്ടാനമ്മയുടെ തറവാടിനെക്കുറിച്ച് ഉണ്ണി ചോദിക്കുന്നു. അതിന്, അവിടുത്തെ കാര്യം കഷ്ടമാണെന്ന് അദ്ദേഹം പറയുന്നു.
ഉണ്ണി രണ്ടാനമ്മയുടെ വീട്ടിലേക്ക് പോകുന്നു. അനിയത്തി തങ്കമാണ് (ശോഭ) ഉണ്ണി വന്നത് ശ്രദ്ധിക്കുന്നത്. അവൾ ഉണ്ണിയെ ഇരിക്കാൻ പറഞ്ഞിട്ട് അമ്മയെ വിളിക്കാൻ പോകുന്നു. തങ്കം അമ്മയെ വിളിച്ച ശേഷം പുറത്തേക്ക് തിരികെ വന്ന്, വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നുവെന്നും, അമ്മയ്ക്ക് പിന്നേം സംശയമായിരുന്നുവെന്നും പറയുന്നു. ഉണ്ണി ഒന്നും പറയാതെ അവളെത്തന്നെ നോക്കിയിരിക്കുന്നു. അപ്പോഴേക്കും രണ്ടാനമ്മ ( ശ്രീദേവി അന്തർജ്ജനം) പുറത്തേക്ക് വരികയും, കണ്ടിട്ടില്ല, എന്നാലും ആരും പറഞ്ഞു തരേണ്ട, തനി സ്വരൂപം എന്ന് പറയുന്നു. ഉണ്ണി അവരെത്തന്നെ നോക്കിയിരിക്കുന്നു.
തങ്കം ചായ ഉണ്ടാക്കാൻ വേണ്ടി അകത്തു ചെന്നതും, എനിക്കും വയ്യെന്നും, എന്നാ വീഴ്ചയുണ്ടാവുക എന്നറിയില്ല എന്നും, ഒന്ന് കാണണംന്നുണ്ടായിരുന്നു എന്നും, അതിനാ പെണ്ണിനെക്കൊണ്ടെഴുതിച്ചത് എന്നും രണ്ടാനമ്മ പറയുന്നു. ഉണ്ണി ഒന്നും പറയാതെ അവരെത്തന്നെ നോക്കിയിരിക്കുന്നു. അപ്പോൾ, രണ്ടാനമ്മ തുടരുന്നു - ഒരു മാസം കിടന്നു, ഡോക്ടർമാരെയൊക്കെ കൊണ്ടുവന്നു, ഒരു ഫലവുമുണ്ടായില്ല - അച്ഛനെക്കുറിച്ചാണ് അവർ പറഞ്ഞത്. ഉണ്ണി അതുകേട്ട് എന്തോ ആലോചിച്ചിരിക്കുന്നു. അപ്പോഴേക്കും തങ്കം ചായയുമായെത്തുന്നു. കഴിക്കാനൊന്നുമില്ലേ തങ്കം എന്ന് അമ്മ ചോദിക്കുമ്പോൾ, തങ്കം ഒന്നും പറയാതെ നിൽക്കുന്നു. അന്നേരം, പെട്ടിയും സാധനങ്ങളുമൊക്കെ ........ എന്ന് ചോദിക്കുമ്പോൾ, ടിബിയിൽ ഒരു മുറിയെടുത്തിട്ടുണ്ടെന്ന് ഉണ്ണി പറയുന്നു. അന്നേരം, അവരുണ്ടായിരുന്നപ്പോ എങ്ങിനെയെങ്കിലും കഴിഞ്ഞിരുന്നു, ഇനി ...... എന്ന് പറയാൻ വന്നത് പറയാൻ കഴിയാതെ രണ്ടാനമ്മ വിതുമ്പിക്കൊണ്ട് അകത്തേക്ക് പോകുന്നു. അപ്പോൾ, വിലാസം എനിക്കറിഞ്ഞിരുന്നില്ലെന്നും, അച്ഛൻ മുൻപ് പറഞ്ഞിരുന്ന ഓർമ്മ വച്ചെഴുതി എന്നും തങ്കം പറയുമ്പോൾ, കിട്ടി എന്ന് ഗദ്ഗദത്തോടെ ഉണ്ണി പറയുന്നു.
പിന്നീട് ഉണ്ണി എഴുന്നേറ്റ് കുറച്ചു പണമെടുത്ത് നീട്ടിക്കൊണ്ട് ഇതു വെച്ചോളൂ എന്ന് തങ്കത്തിനോട് പറയുന്നു. അതുകണ്ട്, ഏട്ടാ എന്തായിത് എന്ന് തങ്കം ചോദിക്കുമ്പോൾ, ഉണ്ണി വീണ്ടും ഇതു വെച്ചോളൂ എന്ന് പറയുന്നു. അതുകേട്ട്, ഇതിനു വേണ്ടിയല്ല ഞാൻ എഴുതിയതെന്നും, ഒന്ന് കാണാനാണെന്നും, വെറുതെ എന്ന് പറയുമ്പോൾ, ഉണ്ണി ഞാൻ പോട്ടെ പിന്നെ വരാമെന്ന് പറഞ്ഞ് ഇറങ്ങാൻ നിൽക്കുന്നു. അപ്പോൾ, പറ്റില്ല എന്നും, ഇവിടെ ഞങ്ങൾ ഉണ്ടാവുമ്പോൾ ടിബിയിലെ മുറിയിൽ ...... എന്ന് പറഞ്ഞ് നിർത്തുമ്പോൾ അമ്മ പുറത്തേക്ക് വന്നു ചുമച്ചുകൊണ്ട് എന്താടീന്ന് ചോദിക്കുന്നു. അതിന്, ഒന്നുമില്ലെന്ന് പറഞ്ഞ് അമ്മയോട് അകത്തു പോയി കിടന്നോളാൻ പറയുന്നു തങ്കം. എന്നിട്ട്, ആളെവിട്ട് ടിബിയിൽ നിന്നും സാധനങ്ങളെല്ലാം കൊണ്ടുവരാൻ പറയണം എന്ന് തങ്കം ഉണ്ണിയോട് പറയുന്നു. അന്നേരം അമ്മ അകത്തേക്ക് പോകുന്നു. ഉണ്ണി ആലോചിച്ചു നിൽക്കുമ്പോൾ, എന്താ വിചാരിക്കണേ എന്ന് ഉണ്ണിയോട് ചോദിക്കുമ്പോൾ, ഒന്നുമില്ലെന്ന പോലെ ഉണ്ണി തലയാട്ടുന്നു. അപ്പോൾ തങ്കം തുടരുന്നു - ഇവിടെ സൗകര്യം കുറവാകും, ഏട്ടന്റെ സ്ഥിതിക്ക് ഒന്നും മതിയാവില്ല, നാട്ടിൽ താമസിക്കുന്നുവെങ്കിൽ ഇവിടെ വേണം, ഇവിടുന്നെ കഴിക്കാനും പാടുള്ളു - എന്നു പറഞ്ഞ് തങ്കം നിർത്തുമ്പോൾ ഉണ്ണി അവളെ ഒരു ചെറുപുഞ്ചിരിയോടെ നോക്കുന്നു. അപ്പോൾ, പറ്റില്ലെങ്കിൽ ഇപ്പോൾ തന്നെ പോകാം എന്നും, ആളുകൾ ചോദിക്കുമ്പോ ഞാൻ എന്തെങ്കിലും പറഞ്ഞോളാം എന്നും തങ്കം പറയുന്നു. ഉണ്ണി അതുകേട്ട് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുന്നു. അന്നേരം, ഞാൻ അടുക്കളയിലെ പണി നോക്കട്ടെ, അതുവരെ ഇവിടെ ഇരിക്കാം, അല്ലെങ്കിൽ തൊടിയിലോ പറമ്പിലോ ഒന്ന് ചുറ്റി നടന്നോളു, അപ്പോഴേക്കും ഊണാവും എന്ന് പറഞ്ഞ് തങ്കം അകത്തേക്ക് ഓടുന്നു. ഉണ്ണി പണം കീശയിൽ ഇട്ട് അവിടെത്തന്നെ നിൽക്കുന്നു.
ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ജോലി സ്ഥലത്ത് ശാപ്പാടൊക്കെ എങ്ങിനെയാ എന്ന് രണ്ടാനമ്മ ചോദിക്കുമ്പോൾ ലോഡ്ജിൽ എന്നും, ചിലപ്പോൾ ഹോട്ടലിലും എന്ന് ഉണ്ണി പറയുന്നു. അതുകേട്ട്, ഒരു ചെറിയ വീടെടുത്ത് താമസിച്ചൂടെ എന്ന് അവർ വീണ്ടും ചോദിക്കുമ്പോൾ ഉണ്ണി അവരെത്തന്നെ നോക്കിയിരിക്കുന്നു. തങ്കം ഉണ്ണിയേയും നോക്കി നിൽക്കുന്നു.
ആഹാരം കഴിച്ച് ഉണ്ണി വിശ്രമിക്കുമ്പോൾ, തങ്കത്തിന് ഒരു ആലോചന വന്നതായിരുന്നുവെന്നും, ഒക്കെ നിശ്ചയിച്ചിരുപ്പിക്കാമെന്ന് വിചാരിപ്പോഴാ അവളുടെ അച്ഛൻ ദണ്ണമായിട്ട് കിടപ്പിലായതെന്നും രണ്ടാനമ്മ പറയുമ്പോൾ ഉണ്ണി അസ്വസ്ഥതയോടെ കേട്ടിരിക്കുന്നു. അപ്പോൾ അവർ വീണ്ടും തുടരുന്നു - പഞ്ചായത്താഫീസിൽ ജോലിയാ, കരാറുകാരൻ കൃഷ്ണൻകുട്ടിടെ അനിയൻ, ഇനി അത് നടക്കുവോ നടക്കില്ലേ ആരു കണ്ടു, കാശും പണവും കുറവായിരുന്നെങ്കിലും ഒരു പേരുണ്ടായിരുന്നു - എന്നവർ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, തങ്കം ഓടിവന്ന് അമ്മ ആഹാരം കഴിക്കാറായില്ലേ എന്ന് ചോദിക്കുന്നു. അപ്പോൾ, അവർ അവളോട് നീയോ എന്ന് ചോദിക്കുന്നു. അതുകേട്ട്, ഞാൻ പിന്നെ കഴിച്ചോളാമെന്ന് തങ്കം പറയുകയും, തുടർന്ന് ഉണ്ണിയോട് ഊണു കഴിഞ്ഞ് കിടക്കാറുണ്ടോ എന്ന് ചോദിച്ച് അകത്ത് വിരിച്ചു തരാം എന്ന് പറയുന്നു. അതിന്, വേണ്ടാ എന്ന് ഉണ്ണി പറയുന്നു. അപ്പോൾ, ചെറുമച്ചെക്കൻ വരുമെന്നും, അവനെക്കൂട്ടിപ്പോയി ആ സാധനങ്ങളൊക്കെ എടുപ്പിച്ച് സന്ധ്യയ്ക്കു മുൻപ് തന്നെ ഇങ്ങ് മടങ്ങണം എന്ന് തങ്കം പറയുന്നു. അതുകേട്ട്, നോക്കാം എന്ന് ഉണ്ണി പറയുമ്പോൾ, നോക്കാനൊന്നുമില്ലെന്നും, തെക്കേതിലെ മുറി ശരിയാക്കിയിട്ടുണ്ടെന്നും, കാറ്റ് പോരാന്നുവെച്ചാൽ ഉമ്മറത്തും കിടക്കാം എന്ന് തങ്കം പറയുന്നു. അതു പറഞ്ഞ് തങ്കം അകത്തേക്ക് പോകുമ്പോൾ ഉണ്ണി ഒരു ചെറുപുഞ്ചിരിയോടെ അവളെത്തന്നെ നോക്കിയിരിക്കുന്നു. അവന്റെ മനസ്സിൽ അപ്പോൾ അവന്റെ ബാല്യകാലം മിന്നി മറയുന്നു - തറവാട്ടിലെ മറ്റു കുട്ടികളോടൊപ്പം സന്ധ്യയ്ക്ക് നാമം ചൊല്ലുന്നത് പോലെ. സന്ധ്യാനേരത്ത് തങ്കം നാമം ജപിക്കുമ്പോൾ ഉണ്ണി വീണ്ടും തന്റെ ബാല്യകാലം ഓർത്തുപോവുന്നു.
ഉണ്ണി രാവിലെ പ്രഭാത കർമ്മങ്ങൾ നിർവ്വഹിച്ചുകൊണ്ടിരിക്കുമ്പോൾ കിണറ്റിനരികിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും, അവിടെ കുളിക്കാം എന്നും, ഞങ്ങളൊക്കെ പുഴയിലാണ് കുളിക്കാറെന്നും തങ്കം പറയുമ്പോൾ, ഞാൻ പുഴയിൽ പൊയ്ക്കോളാം എന്ന് ഉണ്ണി പറയുന്നു. കുളി കഴിഞ്ഞ് രണ്ടുപേരും അടുത്തുള്ള അമ്പലത്തിൽ പോവുന്നു. ഉണ്ണി അമ്പലത്തിൽ കേറാതെ പടിക്കെട്ടിൽ തന്നെ കാത്തു നിൽക്കുന്നു. തങ്കം തൊഴുതു മടങ്ങി ഉണ്ണിക്ക് നേരെ പ്രസാദം നീട്ടുമ്പോൾ ആദ്യം ഒന്ന് മടിച്ച ശേഷം പ്രസാദം നെറ്റിയിൽ തൊടുന്നു.
വീട്ടിലെത്തി മടങ്ങിയതും അയയിൽ നിന്നും ഷർട്ട് എടുത്തു ഉണ്ണിക്ക് കൊടുക്കുമ്പോൾ, അതു വാങ്ങി ധരിച്ചുകൊണ്ട്, കൊള്ളാം ഞാനിപ്പോൾ ശരിക്കും ധനികനായിരിക്കുന്നു എന്നും, ധൂർത്തടിക്കാൻ വേണ്ടത്ര സമയം എന്നും ഉണ്ണി പറയുന്നു. അതുകേട്ട്, പട്ടണത്തിൽ താമസിക്കുന്ന സ്ഥലത്ത് അമ്പലമുണ്ടോ എന്ന് തങ്കം ചോദിക്കുന്നു. അതിന്, ഉണ്ടാവും പോയിട്ടില്ലെന്ന് ഉണ്ണി പറയുമ്പോൾ, ദിവസവും കുളിച്ചു തൊഴണം എന്ന് തങ്കം പറയുന്നു. അതുകേട്ട്, എന്തിന് എന്ന് ഉണ്ണി ചോദിക്കുമ്പോൾ, ചിരിച്ചുകൊണ്ട് നല്ല ചോദ്യം എന്തിനാ കുളിച്ചു തൊഴുന്നത് എല്ലാവരും എന്ന് തങ്കം തിരിച്ചു ചോദിക്കുന്നു. അപ്പോൾ, കുറെ ആവശ്യങ്ങൾ ദൈവത്തിന് സമർപ്പിക്കാൻ എന്നും, എനിക്കൊരു വരവും വേണ്ടെന്നും ഉണ്ണി വ്യംഗ്യ രൂപത്തിൽ പറയുന്നു. അതുകേട്ട്, എല്ലാവരും അങ്ങിനെയെന്നാ വിചാരിച്ചേ എന്ന് തങ്കം ചോദിക്കുമ്പോൾ, ആവോ എന്ന് ഉണ്ണി പറയുന്നു. അപ്പോൾ, ഞാൻ തൊഴുന്നത് അതിനൊന്നുമല്ലെന്നും, ഒരു സമാധാനത്തിനാണെന്നും തങ്കം പറയുന്നു. അതുകേട്ട്, നിനക്കെന്താ അസ്വാസ്ഥ്യം എന്ന് ഉണ്ണി ചോദിക്കുന്നു. അതിനവൾ മറുപടിയൊന്നും പറയാതെ തലയും കുനിച്ചുകൊണ്ട് അകത്തേക്ക് പോകുന്നു. ഉണ്ണി അവളെത്തന്നെ നോക്കി നിൽക്കുന്നു.
വീട്ടിലേക്കുള്ള പലചരക്കും, പച്ചക്കറികളും വാങ്ങി ഒരാളുടെ പക്കൽ കൊടുത്തയച്ച ശേഷം നടക്കുമ്പോൾ ഉണ്ണിയുടെ കണ്ണിൽ ചാരായ ഷോപ്പ് ഉടക്കുന്നു. ഒരു നിമിഷം അവിടെ നിന്ന് ആലോചിച്ച ശേഷം ഉണ്ണി വീട്ടിലേക്ക് മടങ്ങുന്നു. വീട്ടിലെത്തിയതും ഉണ്ണി തങ്കത്തിനെ വിളിച്ച് ഒരു പൊതി നൽകുന്നു. അപ്പോൾ, എന്തിനാ ഇത്രയും സാധനങ്ങളൊക്കെ വാങ്ങിയതെന്ന് തങ്കം ചോദിക്കുമ്പോൾ, ഉണ്ണി ഒന്നും പറയാതെയിരിക്കുന്നു. അപ്പോൾ വീട്ടിലേക്ക് ആരോ വരുന്നത് ശ്രദ്ധിക്കുന്ന തങ്കം, ആരോ വരുന്നെന്ന് പറയുന്നു. ഉണ്ണി അവളോട് അകത്തേക്ക് പോകാൻ പറയുന്നു. വന്നയാൾ ഉണ്ണിയെ നോക്കി ചിരിച്ചുകൊണ്ട് ഉണ്ണികൃഷ്ണൻ അല്ലേ എന്ന് ചോദിക്കുന്നു. ഉണ്ണി മറുപടിയൊന്നും പറയാതെ അയാൾക്ക് മുഖം കൊടുക്കാതെ മുഖം കുനിച്ചിരിക്കുന്നു. വന്ന വ്യക്തി, നീ വന്നു എന്നറിഞ്ഞു എന്നും, ഇവിടെയാണെന്ന് ഇന്നലെ രാത്രീലാ അറിഞ്ഞതെന്നും പറയുമ്പോൾ ഉണ്ണി "ഉം..." എന്ന് മാത്രം മൂളുന്നു. അപ്പോൾ അയാൾ തുടരുന്നു - എനിക്കാച്ചാ ദേഹത്തിന് വയ്യ, കൃഷിയൊക്കെ അന്യാധീനപ്പെട്ടു, നാലഞ്ചു പെൺകുട്ടികളും, പ്രാരാബ്ധവും കഷ്ടപ്പാടും, ആരോട് പറയാൻ എന്നയാൾ പറഞ്ഞു നിർത്തുമ്പോൾ ഉണ്ണി പഴയ ഓർമ്മകളിലേക്ക് വഴുതിപ്പോവുന്നു.
ഉണ്ണിയുടെ കൗമാരപ്രായം - ഇപ്പോൾ വന്നിരിക്കുന്ന കാരണവർ ഉണ്ണിയോട് കയർക്കുന്നു - പരീക്ഷാ ഫീസ് പതിനഞ്ചു ഉറുപ്പിക, നീയൊക്കെ പരീക്ഷക്കെഴുതിയിട്ടാണിപ്പോ സുക്രിസായിപ്പാവാൻ പോണത്, നിന്റെ തന്ത ചത്തിട്ടില്ലല്ലോ, ബന്ധം മാറ്റിയാലും മക്കൾക്ക് ആണുങ്ങൾ ചിലവിന് കൊടുക്കും, പോടാ ..... ഉണ്ണി നിരാശയോടെ നടന്നു നീങ്ങുന്നു - ഉണ്ണി ഓർമ്മകളിൽ നിന്നും മടങ്ങിയെത്തുന്നു. കുറച്ചു പണമെടുത്ത് കാരണവർക്ക് നേരെ നീട്ടുന്നു. കാരണവർ അതു വാങ്ങിച്ചുകൊണ്ട് എന്തോ പറയാൻ വന്നത് പറയാതെ വേച്ചു വേച്ച് ഇറങ്ങിപ്പോവുന്നു. കാരണവർ പോയതും തങ്കം പുറത്തേക്ക് വന്ന് ആരാ വന്നിരുന്നതെന്ന് ചോദിക്കുമ്പോൾ, കഴിഞ്ഞ കാലത്തിന്റെ ഒരു നിഴൽ എന്ന് ഉണ്ണി പറയുമ്പോൾ, തങ്കം ഒന്നും മനസ്സിലാവാതെ അവനെത്തന്നെ നോക്കി നിൽക്കുന്നു.
അപ്പോൾ, ഒന്നൂല്ല ന്ന് പറഞ്ഞ്, ഞാനൊന്ന് നടന്നിട്ടു വരാമെന്നും, എവിടെയാണ് പഞ്ചായത്താഫീസെന്നും ഉണ്ണി ചോദിക്കുമ്പോൾ, എന്തിനാണെന്ന് തങ്കം ചോദിക്കുന്നു. അതിന് ഒന്നിനുമല്ലെന്നും, തനിക്കൊരാളെ കാണാനുണ്ടെന്നും ഉണ്ണി പറയുമ്പോൾ, തങ്കം നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് തലകുനിച്ചു നിൽക്കുന്നു.
ഉണ്ണി തങ്കത്തിന് ആലോചിച്ച പയ്യൻ ഗോപിയെ (ഗോപാലകൃഷ്ണൻ) കാണാൻ പഞ്ചായത്താഫീസിലേക്ക് പോകുന്നു. അവിടെച്ചെന്ന് ആ പയ്യനോട് തന്റെ പേരു പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ, ഗോപി അല്പം ഗൗരവത്തോടെ ഞങ്ങൾക്കിന്നൊരു കോൺഫറൻസ് ഉണ്ടെന്നും, വേഗം വന്ന കാര്യം പറയണമെന്നും പറയുന്നു. അതുകേട്ട്, ഉണ്ണി എണീറ്റു കൊണ്ട്, അത്ര തിരക്കാണെങ്കിൽ പിന്നെ വരാം എന്ന് പറയുമ്പോൾ, ഇല്ല പറഞ്ഞോളൂ എന്ന് ഗോപി പറയുന്നു. അപ്പോൾ, ഉണ്ണി പറയുന്നു - കുറച്ചു മിനിറ്റുകൾ മതി, നിങ്ങൾക്കൊരു കല്യാണാലോചന നടന്നില്ലേ, കുട്ടിയുടെ പേര് തങ്കം. അതുകേട്ട്, ഗോപി അല്പം വിഷമത്തോടെ ഏട്ടൻ പറഞ്ഞിരുന്നുവെന്നും, ഏട്ടനാണ് .... എന്ന് പറയാൻ വന്നത് പറയാതെ നിർത്തുന്നു. അതിന്, നിങ്ങൾ അതിന് തയ്യാറാണോ എന്ന് ഉണ്ണി ചോദിക്കുമ്പോൾ, നിങ്ങൾക്കെന്ത് കാര്യം എന്ന് ഗോപി തിരിച്ചു ചോദിക്കുന്നു. അതുകേട്ട്, ചോദ്യത്തിന് ആദ്യം മറുപടി പറയണമെന്നും, തയ്യാറാണോ എന്നും ഉണ്ണി വീണ്ടും ചോദിക്കുന്നു. അതിന് ഗോപി ,ഏട്ടനാ പറയേണ്ടതെന്നും, നാരായണൻ നായർ ഉണ്ടായിരുന്ന കാലത്ത് ഒരാലോചന വന്നുവെന്നും, ഏട്ടനിപ്പോൾ സംശയമെന്നും, വലിയ പ്രാരാബ്ദമുള്ള കുടുംബമാണെന്നും, ആ വാഴത്തോട്ടത്തിൽ നിന്നും വലിയ ആദായമൊന്നുമില്ലെന്നും പറയുന്നു. അതുകേട്ട്, വാഴത്തോട്ടത്തെ അല്ലല്ലോ നിങ്ങൾ കല്യാണം കഴിക്കുന്നതെന്ന് ഉണ്ണി പറയുമ്പോൾ, ഞാനല്ലല്ലോ ഏട്ടനാ പറഞ്ഞതെന്നും, പിന്നെ കാര്യങ്ങളൊക്കെ നടത്താൻ അവർക്കാറുമില്ലെന്നും ഗോപി പറയുന്നു. അതിന്, ആ കുട്ടിക്ക് ഒരു എട്ടാനുണ്ടെന്നും, ഞാനാണ് എന്നും ഉണ്ണി പറയുമ്പോൾ, ഗോപി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഉണ്ണിയെ നോക്കിയ ശേഷം കേട്ടിട്ടുണ്ടെന്നും, നാരായണൻ നായരുടെ ..... എന്ന് ചോദിക്കുന്നു. അതെയെന്ന് ഉണ്ണി പറയുന്നു. പിന്നീട് ഗോപി മടിച്ചുകൊണ്ട് എനിക്ക് ..... എന്ന് പറയുമ്പോൾ, മനസ്സിലായി, ജോലിയുണ്ട്, വീട്ടുമുറ്റത്തു ശമ്പളം കിട്ടും, നിങ്ങൾക്ക് കുറച്ചു കൂടെ കാശുള്ള വീട്ടീന്ന് ബന്ധവുമാവാം, വേണമെങ്കിൽ കല്യാണച്ചിലവിന് എന്നും പറഞ്ഞ് കുറച്ചു കാശും വാങ്ങാം, ഡൗറി എന്ന് പറയാൻ ലജ്ജയുള്ളോർക്ക് ഒരു സൗകര്യം എന്ന് ഉണ്ണി അല്പം ആവേശത്തോടെ പറയുന്നു. അതുകേട്ട്, ഏട്ടനാണ് നിശ്ചയിക്കേണ്ടതെന്നും, എനിക്കെതിരില്ലെന്നും, ആ കുട്ടിയെ ഞാൻ കണ്ടിട്ടുണ്ടെന്നും ഗോപി പറയുന്നു. അപ്പോൾ, രക്ഷിതാവായ ഈ ഏട്ടനെ എവിടെ കാണും എന്ന് ഉണ്ണി ചോദിക്കുമ്പോൾ, ഭാര്യവീട്ടിലാണെന്ന് പറഞ്ഞ് ഗോപി വിലാസം പറയുന്നു. അതുകേട്ടതും, ഹെഡ്മാസ്റ്റർ ആയിരുന്ന ശങ്കരൻ മേനോൻ എന്ന് ഉണ്ണി ചിരിച്ചുകൊണ്ട് പറയുമ്പോൾ, അറിയുമോ എന്ന് ഗോപി ചോദിക്കുന്നു. അതിന്, ഞാനീ പരിസരത്തൊക്കെയാണ് ജീവിച്ചിരുന്നതെന്നും, പണ്ട് എന്നും പറഞ്ഞ് ഉണ്ണി അവിടെ നിന്നും പോകുന്നു.
ഉണ്ണി വീട്ടിലെത്തി തങ്കത്തിനോട് ആളെ ഞാൻ കണ്ടു എന്നു പറയുമ്പോൾ അവൾ നാണിച്ചു നിൽക്കുന്നു. അപ്പോൾ, ആളൊരു പാവമാണെന്ന് തോന്നി എന്നും, നിനക്ക് ഇതിൽക്കൂടുതൽ എന്തൊക്കെയോ അർഹതയുണ്ടെന്ന് തോന്നി എന്നും, നീ കണ്ടിട്ടുണ്ടോ എന്നും ഉണ്ണി ചോദിക്കുന്നു. അതിന്, വരമ്പത്തു കൂടി പോവുമ്പോൾ തെക്കേലെ പാറുവമ്മ കാണിച്ചു തന്നിട്ടുണ്ടെന്ന് തങ്കം പറയുന്നു. അതുകേട്ട്, എന്തു തോന്നി എന്ന് ഉണ്ണി ചോദിക്കുമ്പോൾ, തങ്കം ചിരിച്ചുകൊണ്ട് എന്ത് തോന്നാൻ എന്ന് പറഞ്ഞ ശേഷം, കഥാ പുസ്തകങ്ങളൊക്കെ ഞാനും വായിച്ചിട്ടുണ്ട്, ഒരു രാജകുമാരൻ സ്വയംവരത്തിന് വേഷം മാറി വരും എന്ന് വിചാരിക്കാൻ മാത്രം വിഡ്ഢിയോന്നുമല്ല ഞാൻ എന്ന് പറഞ്ഞു നിർത്തുന്നു. ഉണ്ണി അവളെത്തന്നെ നോക്കി നിൽക്കുന്നു. പിന്നീട്, അത് അച്ഛനും അറിഞ്ഞിരുന്നുവെന്ന് തങ്കം പറയുമ്പോൾ, നിനക്കും സ്വപ്നങ്ങൾ ഉണ്ടാവുമല്ലോ എന്ന് ഞാൻ കരുതിയെന്ന് ഉണ്ണി പറയുന്നു. അതുകേട്ട്, അതിനും ഇത്തിരി ഭാഗ്യം വേണ്ടേ ഏട്ടാ എന്നവൾ നെടുവീർപ്പിട്ടുകൊണ്ട് ചോദിക്കുന്നു. ഉണ്ണി അവളെത്തന്നെ നോക്കി നിൽക്കുന്നു.
ഉണ്ണി ശങ്കരൻ മേനോനെ കാണാൻ ചെല്ലുമ്പോൾ ഉണ്ണിക്ക് പരിചയമുള്ള അമ്മിണിയാണ് (തൃശൂർ എൽസി) ഉണ്ണിയെ സ്വീകരിക്കുന്നത്. അമ്മിണി ഉണ്ണിയെ തിരിച്ചറിയുന്നുണ്ടെങ്കിലും ഉണ്ണിക്ക് അമ്മിണി ആദ്യം മനസ്സിലാവുന്നില്ല. അപ്പോൾ, എനിക്കൊരു മാറ്റവുമില്ലെന്ന് അമ്മിണി പറയുന്നു. ഉണ്ണി അച്ഛനില്ലേയെന്ന് ചോദിക്കുമ്പോൾ, അച്ഛനെ വിളിക്കാമെന്ന് അമ്മിണി പറയുന്നു. അതിന്, അമ്മിണിയുടെ ഭർത്താവിനെക്കണ്ടും ഒരു കാര്യമുണ്ടെന്ന് ഉണ്ണി പറയുന്നു. അപ്പോൾ, എല്ലാവരെയും കണ്ട് സംസാരിച്ച്, ഊണും കഴിച്ച് സാവധാനത്തിലെ ഇന്നിവിടെ നിന്നും പോവുള്ളു എന്ന് പറഞ്ഞ് അമ്മിണി അകത്തേക്ക് പോകുന്നു. ശങ്കരൻ മേനോൻ (കുഞ്ഞാണ്ടി) ഉമ്മറത്തേക്ക് വന്ന് ഗോപി പറഞ്ഞ് വിവരം പറഞ്ഞു എന്ന് പറയുന്നു. അപ്പോൾ, അമ്മിണിയുടെ ഭർത്താവിന്റെ അനിയനാണെന്ന് പിന്നല്ലേ അറിഞ്ഞതെന്ന് ഉണ്ണി പറയുന്നു. അല്പം മൗനത്തിന് ശേഷം ഉണ്ണി തടിച്ചു പോയി എന്ന് ശങ്കരൻ മേനോൻ പറയുന്നു. അപ്പോൾ, മാസ്റ്റർക്ക് എഴുതണമെന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ടെന്ന് ഉണ്ണി പറയുന്നു. അതുകേട്ട്, അമ്മ മരിച്ച വിവരത്തിന് ഞാൻ കമ്പിയടിച്ചതെന്നും, ഏതോ ഒരു ഹോട്ടലിന്റെ കെയർ ഓഫിൽ എന്നും അദ്ദേഹം പറയുന്നു. അതിന്, പതിനെട്ട് ദിവസം കഴിഞ്ഞ് കിട്ടിയെന്നും, താൻ തമിഴ് നാട്ടിൽ അലയുകയായിരുന്നുവെന്നും ഉണ്ണി പറയുന്നു. അമ്മിണി വന്ന് ഉണ്ണിക്ക് ചായ കൊടുക്കുന്നു. ചായ കുടിച്ചുകൊണ്ട് തന്റെ വരവ് കുറച്ചു ഔദ്യോഗികമാണെന്ന് ഉണ്ണി പറയുന്നു. അപ്പോൾ, അറിയാമെന്നും, ഗോപിയുടെ കാര്യമല്ലേ, രാഘവൻ വന്നാൽ അങ്ങോട്ട് അയക്കാമെന്നും മാസ്റ്റർ പറയുന്നു. അപ്പോൾ അമ്മിണി അവിടെ വന്ന് തമ്മിൽ കണ്ടിട്ട് പോയാൽ മതിയെന്ന് പറയുന്നു. അപ്പോൾ, തങ്കത്തിന്റെ അമ്മയ്ക്ക് സമാധാനമാവട്ടെ, വൈകുന്നേരം അങ്ങോട്ട് വരാൻ പറയു എന്ന് ഉണ്ണി പറയുന്നു. അന്നേരം, അച്ഛനും രാഘവേട്ടനും ഉണ്ണീടെ കാര്യം ആലോചിക്കുന്നില്ലേ എന്ന് പറയുമ്പോൾ, ഞങ്ങൾ പറയാതെ തന്നെ നീ കല്യാണാലോചന തുടങ്ങിക്കോളും എന്ന് മാസ്റ്റർ പറയുന്നു. അതുകേട്ട്, ഉണ്ണി സ്വന്തം കാര്യം പറയുമോ, നമ്മൾ അറിഞ്ഞ് ചെയ്യേണ്ടേ എന്ന് അമ്മിണി പറയുന്നു. അതുകേട്ട് ഉണ്ണി പുഞ്ചിരിക്കുമ്പോൾ, ഇത് കഴിയട്ടെ, അല്ലേ അമ്മിണി എന്ന് മാസ്റ്റർ പറയുന്നു. അപ്പോൾ, എന്നെ കുഴപ്പത്തിലാക്കരുതെന്നും, വല്ലതും പ്ലാൻ ഇട്ടിട്ടുണ്ടെങ്കിൽ നേരത്തെ ഇങ്ങോട്ട് പറഞ്ഞേക്കണമെന്നും, ആളെ വിഡ്ഢിയാക്കരുതെന്നും അമ്മിണി പറയുമ്പോൾ എല്ലാവരും ചിരിക്കുന്നു. ഉണ്ണി അവരോട് വിടപറഞ്ഞിറങ്ങുന്നു.
Audio & Recording
Video & Shooting
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
രാഗം ശ്രീരാഗംശ്രീ, ഹംസധ്വനി, വസന്ത, മലയമാരുതം |
ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസൻ | പി ജയചന്ദ്രൻ |
2 |
കണി കാണേണം കൃഷ്ണാആനന്ദഭൈരവി, ശഹാന |
ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസൻ | ലീല മേനോൻ, കോറസ് |
3 |
രാഗം ശ്രീരാഗം - Fശ്രീ, ഹംസധ്വനി, വസന്ത, മലയമാരുതം |
ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസൻ | വാണി ജയറാം |