നിലമ്പൂർ വിജയലക്ഷ്മി
പറങ്ങോടന്റേയും കല്യാണിയുടേയും മകളായി കോഴിക്കോട് ജനിച്ചു. രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛനെ നഷ്ടപ്പെട്ട വിജയലക്ഷ്മിയെ പിന്നീട് വളരെ കഷ്ടപ്പെട്ട അമ്മയാണ് വളര്‍ത്തിയത്. കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കം യു.പി.സ്‌കൂൾ, പ്രൊവിഡന്‍സ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിജയലക്ഷ്മിയുടെ വിദ്യാഭ്യാസം. സ്കൂൾ പഠനകാലത്തുതന്നെ നൃത്തവും പാട്ടും അഭ്യസിച്ചു. സാമ്പത്തിക ബുദ്ധിമുട്ട്മൂലം സ്കൂൾ വിദ്യാഭാസം നിർത്തേണ്ടി വന്നെങ്കിലും വിജയലക്ഷ്മി തന്റെ കലാപഠനം മുന്നോട്ട് കൊണ്ടുപോയി.
പന്ത്രണ്ടാംവയസ്സിൽ "തോട്ടക്കാരൻ" എന്ന നാടകത്തിൽ വൃദ്ധയുടെ വേഷം അഭിനയിച്ചുകൊണ്ടാണ് വിജയലക്ഷ്മി തന്റെ അഭിനയ ജിവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം വി.ടി. ഇന്ദുചൂഡന്‍ എഴുതിയ 'കാരാഗൃഹം' എന്ന നാടകത്തിലും അഭിനയിച്ചു. തുടർന്ന് 'പ്രതിഭ ആര്‍ട്ട്‌സി'നുവേണ്ടിയും, 'എക്‌സ്പിരിമെന്റല്‍ തീയേറ്റേഴ്‌സിന് വേണ്ടിയും 'വെളിച്ചം വിളക്കന്വേഷിക്കുന്നു', 'മനുഷ്യന്‍ കാരാഗൃഹത്തിലാണ്', 'ചുവന്ന ഘടികാരം', 'സൃഷ്ടി സ്ഥിതി സംഹാരം', 'സനാതനം', 'സമന്വയം' തുടങ്ങി നിരവധി നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വിജയലക്ഷ്മി നാടകരംഗത്ത് സജീവമായി.
1957-ലാണ് നാടക-സിനിമാ അഭിനേതാവും സാംസ്ക്കാരിക പ്രവർത്തകനുമായ നിലമ്പൂര്‍ ബാലനുമായുള്ള വിജയലക്ഷ്മിയുടെ വിവാഹം. അതിനുശേഷം നിലമ്പൂര്‍ യുവജന കലാസമിതിക്കുവേണ്ടി നാടകങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിക്കാന്‍ തുടങ്ങി. ഇരുവരും ചേര്‍ന്ന് 'കളിത്തറ' എന്ന പേരില്‍ ഒരു നാടകസമിതി ആരംഭിച്ചു. കോഴിക്കോടു മ്യൂസിക്കല്‍ തീയേറ്റേഴ്‌സ്, കായംകുളം പീപ്പിള്‍സ് തീയേറ്റേഴ്‌സ്, മലബാര്‍ തീയേറ്റേഴ്‌സ്, സംഗമം തീയേറ്റേഴ്‌സ്, കലിംഗ തീയേറ്റേഴ്‌സ് തുടങ്ങിയ സമിതികളിലെ സജീവ സാന്നിദ്ധ്യമായിരുന്ന വിജയലക്ഷ്മിയുടെ ഗോപുരനടയില്‍, മഹാഭാരതം, മാന്ത്രികച്ചെണ്ട, വിശ്വരൂപം, വഴിയമ്പലം, കാട്ടുകടന്നല്‍ തുടങ്ങിയ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിലമ്പൂർ ബാലനോടോപ്പം നിർമ്മാല്യം എന്ന സിനിമയിലെ 'ശ്രീമഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട്' എന്ന ഗാന രംഗത്ത് അഭിനയിച്ചുകൊണ്ട് വിജയലക്ഷ്നി നാടകരംഗത്തുനിന്നും ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു. തുടർന്ന് ഹർഷബാഷ്പം., സൂര്യകാന്തി, ബന്ധനം, തീർത്ഥാടനം, കയ്യൊപ്പ്.. എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ വിജയലക്ഷ്മി അഭിനയിച്ചു. 2024 -ൽ രാഹുൽ കൈമലയുടെ ചോപ്പ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. നിലമ്പൂർ ബാലന്റെ ഭാര്യയായിത്തന്നെ ഇതിൽ വേഷമിട്ടു. കോട്ടയം നസീറാണ് ബാലനെ അവതരിപ്പിച്ചത്. കൂടാതെ ടെലിവിഷൻ പരമ്പരകളിലും ടെലിഫിലിമുകളിലും വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
വിജയകുമാര്‍, ആശ, സന്തോഷ് കുമാര്‍ എന്നിവരാണ് വിജയലക്ഷ്മിയുടെ മക്കൾ.