മോഹൻ ജോസ്

Mohan Jose

മലയാള ചലച്ചിത്ര നടൻ. പ്രശസ്ത ഗായകൻ പാപ്പുക്കുട്ടി ഭാഗവതരുടെ മൂത്ത മകനായി എറണാംകുളത്ത് വൈപ്പിൻ കരയിൽ ജനിച്ചു. അമ്മയുടെ പേര് ബേബി. ഗായിക സെൽമ ജോർജ്ജ് മോഹൻ ജോസിന്റെ സഹോദരിയാണ്. പ്രശസ്ത സംവിധായകൻ കെ ജി ജോർജ്ജ് സഹോദരി ഭർത്താവാണ്. മോഹൻ ജോസിന്റെ പ്രാഥമിക വിദ്യാഭ്യാസം M.G.M School തിരുവല്ലയിലും,  Santa Cruz High School എറണാംകുളത്തുമായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം മുംബൈയിൽ ഗവണ്മെന്റ് ഓഫീസറായി അദ്ദേഹം ജോലി ചെയ്യുകയായിരുന്നു. 

ഭരതൻ സംവിധാനം ചെയ്ത ചാമരം എന്ന ചിത്രത്തിലൂടെ 1980-ൽ ആണ് മോഹൻ ജോസ് സിനിമാഭിനയം ആരംഭിക്കുന്നത്. യവനിക, ജസ്റ്റിസ് രാജ, ആദാമിന്റെ വാരിയെല്ല് തുടങ്ങി ആദ്യകാലത്തെ ചില സിനിമകളിൽ സജയ് എന്ന പേരിലാണ് അഭിനയിച്ചത്. തുടക്കകാലത്ത് കൂടുതലും വില്ലൻ വേഷങ്ങളിലാണ് മോഹൻ ജോസ് അഭിനയിച്ചിരുന്നത്. പിന്നീട് വ്യത്യസ്ഥമായ വേഷങ്ങൾ ചെയ്യാൻ തുടങ്ങി. രാജാവിന്റെ മകൻ, ന്യൂഡൽഹി, ഏയ് ഓട്ടോ,ലേലം... തുടങ്ങി നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

മോഹൻ ജോസിന്റെ വിവാഹം 1988-ൽ ആയിരുന്നു. ഭാര്യയുടെ പേര് ഫെലീഷ്യ. മോഹൻ - ഫെലീഷ്യ ദമ്പതികൾക്ക് ഒരു മകളാണൂള്ളത്. പേര് ലൊവന. മോഹൻ ജോസ് കുടുംബത്തോടൊപ്പം കൊച്ചിയിൽ താമസിയ്ക്കുന്നു.