മലയാറ്റൂർ രാമകൃഷ്ണൻ

Malayatoor Ramakrishnan
Date of Birth: 
Friday, 27 May, 1927
Date of Death: 
Saturday, 27 December, 1997
എഴുതിയ ഗാനങ്ങൾ: 2
സംവിധാനം: 1
കഥ: 11
സംഭാഷണം: 8
തിരക്കഥ: 7

കെ.ആർ. വിശ്വനാഥസ്വാമിയുടെയും ജാനകി അമ്മാളുടെയും മകനായി പാലക്കാട് കല്പാത്തിയിൽ 1927 മേയ് 27 ആം തിയതി കെ.വി. രാമകൃഷ്ണ അയ്യർ എന്ന മലയാറ്റൂർ രാമകൃഷ്ണൻ ജനിച്ചു. 

തിരുവനന്തപുരം/മൂവാറ്റുപുഴ/കൊല്ലം/ തിരുവല്ല/പെരുമ്പാവൂർ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1944 ൽ ആലുവ യു.സി. കോളേജിൽ നിന്നും ഇന്റർമീഡിയേറ്റും ജയിച്ചു. 

1946 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഏതാനും മാസം ആലുവ യു.സി. കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി നോക്കി.. 1949 ൽ തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബി.എൽ. ബിരുദം നേടി വക്കീലായി പ്രാക്ടീസ് തുടങ്ങി. 

ചിത്രകലയിൽ താല്പര്യമുണ്ടായിരുന്ന അദ്ദേഹം 1952 ൽ പി .ടി. ഭാസ്കരപ്പണിക്കർ/ഇ.എം.ജെ. വെണ്ണിയൂർ/ടി.എൻ. ജയചന്ദ്രൻ എന്നിവർക്കൊപ്പം ചിത്രകലാപരിഷത്ത് ആരംഭിച്ചു. 1954 ൽ അദ്ദേഹം ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെ സ്വതന്ത്രനായി തിരു-കൊച്ചി നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

അതിനുശേഷം കൃഷ്ണവേണിയെ വിവാഹം കഴിച്ചഅദ്ദേഹം പൊതുജീവിതത്തിൽനിന്നും പിന്മാറി മുംബൈയിൽ ഫ്രീ പ്രസ് ജേർണലിൽ പത്രപ്രവർത്തകനായി.

പിന്നീട് 1955 ൽ മട്ടാഞ്ചേരിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേട്ടായ അദ്ദേഹം 1958 ൽ ഐ .എ.എസ്. എടുത്തശേഷം ഒറ്റപ്പാലം സബ് കളക്ടർ/കോഴിക്കോട് ജില്ലാ കളക്ടർ/ഗവ. സെക്രട്ടറി/റവന്യൂ ബോർഡ് മെമ്പർ/ലളിത കല അക്കാദമി ചെയർമാൻ തുടങ്ങിയ പദവികളിൽ ജോലി ചെയ്തു. 1981 ഫ്രെബ്രുവരിയിൽ അദ്ദേഹം ഐ.എ.എസ്സിൽ നിന്നും രാജിവെച്ചു. 

തുടക്കം ഒടുക്കം എന്ന ചലച്ചിത്രം സംവിധാനം ചെയ്ത അദ്ദേഹം പല ചലച്ചിത്രങ്ങൾക്കും തിരക്കഥകൾ എഴുതിയീട്ടുണ്ട് യക്ഷി/ ചെമ്പരത്തി/അയ്യർ ദി ഗ്രേറ്റ് തുടങ്ങിയ സിനിമകൾ ഇവയിൽ പ്രശസ്തമാണ്.

തമിഴ് ബ്രാഹ്മണ സമുദായത്തിന്റെ ജീവിതവും ബ്യൂറോക്രസിയുടെ ആന്തരികലോകവുമാണ് മലയാറ്റൂരിന്റെ നോവലുകളിലെ പ്രധാന പ്രമേയങ്ങൾ. വേരുകൾ/നെട്ടൂർമഠം/യന്ത്രം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. 

1967 ൽ അദ്ദേഹം രചിച്ച നോവലുകളായ യക്ഷി/ പൊന്നി/ ബ്രിഗേഡിയർ വിജയൻ മേനോൻ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി എഴുതിയ ബ്രിഗേഡിയർ കഥകൾ/സ്വന്തം ഔദ്യോഗിക ജീവിതത്തിന്റെ കഥ പറയുന്ന സർവ്വീസ് സ്റ്റോറി - എന്റെ ഐ.എ.എസ്. ദിനങ്ങൾ തുടങ്ങിയ രചനകൾ വളരെ പ്രസിദ്ധമാണ്.ആത്മകഥാമ്ശമുള്ള മറ്റൊരു രചനയാണ് ഓർമ്മകളുടെ ആൽബം. ഏകദേശം ഇരുപത്തിരണ്ടോളം നോവലുകളും പതിനഞ്ചോളം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും ഷെർലക് ഹോംസ് നോവലുകളും ആദ്യമായി മലയാളത്തിലേക്ക് തർജ്ജമ ചെയ്തതും ഇദ്ദേഹമാണ്. 

1967 ൽ വേരുകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 1979 ൽ യന്ത്രത്തിന് വയലാർ അവാർഡും ലഭിച്ചു.
1982 ൽ ഒടുക്കം തുടക്കം എന്ന സിനിമ  സംവിധാനം ചെയ്ത അദ്ദേഹം എഴോളം സിനിമകൾക്ക് തിരക്കഥ എഴുതുകയും എട്ടോളം സിനിമകൾക്ക് സംഭാഷണം രചിക്കുകയുമുണ്ടായി.കൂടാതെ രണ്ടു സിനിമകൾക്ക് ഗാനങ്ങൾ രചിക്കുകയും ഗായത്രി എന്ന സിനിമയിൽ നടൻ ജനാർദ്ദനന് ശബ്ദം കൊടുക്കുകയുമുണ്ടായി.

നോവൽ/തിരക്കഥ/കാർട്ടൂൺ/സംവിധാനം തുടങ്ങി ഒട്ടനവധി  മേഖലകളിൽ വ്യാപിച്ചു നിന്നിരുന്ന അദ്ദേഹത്തിന്റെ സർഗാത്മകജീവിതം 1997 ഡിസംബർ 27 ആം തിയതി അവസാനിച്ചു. 

1999 ൽ അന്തരിച്ച കൃഷ്ണവേണിയായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ/രണ്ടു മക്കളുണ്ട്/ചലച്ചിത്ര നടൻ ജയറാം ഇദ്ദേഹത്തിന്റെ അനന്തരവനാണ്.