കുതിരവട്ടം പപ്പു

Kuthiravattom Pappu
Date of Death: 
Friday, 25 February, 2000
ആലപിച്ച ഗാനങ്ങൾ: 1

Kuthiravattam Pappu -  Malayalam Actor

ഒരു സ്പാനറും താമരശ്ശേരി ചുരവും കൊണ്ട് പ്രേക്ഷക മനസ്സുകളെ ഒന്നടങ്കം വാരി പുൽകിയ ഒരഭിനേതാവ്. 1937 ഡിസംബർ 24 ന് കോഴിക്കോട് ജില്ലയിലെ ഫറൂക്കിൽ ജനനം. അച്ഛൻ പാങ്ങോട് രാമൻ, അമ്മ ദേവി. പദ്മദളാക്ഷൻ എന്നായിരുന്നു പേര്. പപ്പുവിന്റെ കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിന്റെ കുടുംബം കുതിരവട്ടത്തേയ്ക്ക് താമസം മാറ്റി. തന്റെ ചെറുപ്രായത്തിൽ തന്നെ പപ്പു അഭിനയത്തിലുള്ള തന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു. ഒരു നാടകത്തിലെ പ്രധാനവേഷം അവതരിപ്പിയ്ക്കുന്ന സമയത്ത് പപ്പുവിൻ പതിനേഴ്വയസ്സായിരുന്നു പ്രായം. ആ സമയത്ത് അദ്ദേഹം കോഴിക്കോട് സെന്റ് ആന്റണി സ്കൂളിൽ പഠിയ്ക്കുകയായിരുന്നു. തുടർന്ന് ആയിരത്തോളം ലഘു നാടകങ്ങളിലും രണ്ട് പ്രൊഫഷണൽ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു. സമസ്യ എന്ന നാടകത്തിലെ അഭിനയത്തിന് പപ്പുവിന് മികച്ച ഹാസ്യ നടനുള്ള സംസഥാൻന പുരസ്ക്കാരം ലഭിച്ചു.

1963-ൽ പി ഭാസ്കരന്റെ "അമ്മയെ കാണാൻ" എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് പപ്പു സിനിമാഭിനയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. സ്വതസിദ്ധമായ കോഴിക്കോടൻ ശൈലി മൊത്തമായി അവലംബിച്ച് സ്വന്തമായി ഒരു വ്യക്തിമുദ്ര പതിപ്പിച്ച  അതുല്യനായ കലാകാരൻ. നാടകനടനായി ആരംഭിച്ച പദ്മദളാക്ഷൻ പിൽക്കാലത്ത് പപ്പുവായി പരിണമിച്ചത് ഭാർഗവി നിലയം എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ്. അതിനുള്ള മുഴുവൻ കടപ്പാട് വൈക്കം മുഹ്ഹമ്മദ് ബ്ഷീറിനുള്ളതു തന്നെ. കുതിരവട്ടം പപ്പു എന്നായിരുന്നു ഭാർഗ്ഗവി നിലയത്തിൽ പദ്മദളാക്ഷൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. പപ്പുവിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവുകളായിരുന്നു ചെമ്പരത്തി,അങ്ങാടി,അവളുടെ രാവുകൾ എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ.

കോമഡി റോളുകളായിരുന്നു പപ്പു ചെയ്തിരുന്നവയിൽ ഭൂരിഭാഗവും. മലയാളസിനിമ അതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച കൊമേഡിയനായി പപ്പു മാറി. കോഴിക്കോടൻ ശൈലിയിലുള്ള പപ്പുവിന്റെ സംഭാഷണം സിനിമാപ്രേക്ഷകർക്ക് അദ്ദേഹത്തോടുള്ള പ്രിയം വർദ്ധിപ്പിയ്ക്കുവാൻ സഹായകരമായി. ഇന്നും മലയാളിയുടെ ചിരിയുടെ ഭാഗമായ "ടാസ്കി വിളിയെടാ", "ഇപ്പൊ ശരിയാക്കിത്തരാം",താമരശ്ശേരിചുരം..എന്നിവ്  കുതിരവട്ടം പപ്പു എന്ന പ്രതിഭാധനന്റെ  സംഭാവനയാകുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ പപ്പുവിന്റെ കഥാപാത്രവും പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചതാണ്. അഞ്ഞൂറിൽ അധികം സിനിമകളിൽ പപ്പു അഭിനയിച്ചിട്ടുണ്ട്. 

കുതിരവട്ടം പപ്പുവിന്റെ ഭാര്യയുടെ പേര് പത്മിനി. അവർക്ക് മൂന്നു കുട്ടികൾ ബിന്ദു,ബിജു,ബിനു.

പപ്പു തന്റെ അവസാനകാലത്ത് അക്ഷരതിയ്യേറ്റേഴ്സ് എന്നൊരു നാടകസമിതിയ്ക്ക് രൂപം കൊടുത്തിരുന്നു. 2000 ഫെബ്രുവരി 25ന് ഹൃദയസ്തംഭനത്തെ തുടർന്ന് പപ്പു നിര്യാതനായി.