കോഴിക്കോട് വിക്രമൻ
പരേതരായ വേലായുധൻ നായരുടെയും വെള്ളക്കാംപാടി ജാനകിയുടെയും മകനായി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പൊറ്റശ്ശേരിയിൽ 1945 -ലാണ്
കോഴിക്കോട് വിക്രമൻ നായർ ജനിച്ചത്. കോഴിക്കോട് സെന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാഭ്യാസകാലം മുതലേ അഭിനയത്തോട് താത്പര്യമുള്ള വിക്രമൻ 16 വയസ്സുമുതൽ കോഴിക്കോട്ടെ കലാസമിതി പ്രവർത്തകരുമായി സഹകരിച്ചു പോന്നു.
കെ.ടി. മുഹമ്മദടക്കമുള്ള നാടക ആചാര്യന്മാരോടൊപ്പം നാടകരംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിച്ച അദ്ധേഹം പതിനായിരത്തിലധികം വേദികളിലായി 53 പ്രൊഫഷണൽ നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം നാടകങ്ങളിൽ അഭിനയിച്ചു. സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടക ട്രൂപ്പുകളിലും പ്രവർത്തിച്ച വിക്രമൻ നാടകജീവിതത്തിനൊപ്പം തന്നെ സിനിമകളിലും, സീരിയലുകളിലും അഭിനയിച്ചിരുന്നു.
1976 -ൽ സൃഷ്ടി എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് വിക്രമൻ നായർ ചലച്ചിത്രാഭിനയ രംഗത്തേക്കെത്തുന്നത്. തുടർന്ന് പതിനാലാം രാവ്, സർപ്പം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, ലീല, മലയൻകുഞ്ഞ് എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. നിരവധി സീരിയലുകളിലും അദ്ധേഹം അഭിനയിച്ചിട്ടുണ്ട്.
വിക്രമൻ നായരുടെ ഭാര്യ ലക്ഷ്മിദേവി. രണ്ട് മക്കൾ ദുർഗാ സുജിത്, ഡോ. സരസ്വതി ശ്രീനാഥ്.