ജോസഫ് ചാക്കോ
1924 -ൽ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലാണ് പ്രശസ്‌ത നാടക-സിനിമാ നടൻ പായിപ്പാട് നാലുകോടി കരവട്ടത്തയ്യിൽ ജോസഫ് ചാക്കോ എന്ന കുഞ്ഞച്ചായൻ ജനിച്ചത്. ഏതാണ്ട് ആറു പതിറ്റാണ്ടുകാലം നാടകത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം ആലപ്പി തിയറ്റേഴ്സ്, കെപിഎസി, ചങ്ങനാശേരി ഗീഥ, തൃശൂർ ഗീതാഞ്ജലി, ചങ്ങനാശേരി അണിയറ, ചങ്ങനാശേരി കേരള ഡ്രമാറ്റിക് ക്ലബ്, കൊച്ചിൻ നാടകവേദി, ചങ്ങനാശേരി തരംഗം, പ്രകാശ് തിയറ്റേഴ്സ്, കലാഭവൻ തിയറ്റേഴ്സ്, വയലാർ നാടകവേദി തുടങ്ങിയ ഇരുപതോളം നാടകസമിതികളിലൂടെ അറുപത്തി മൂന്ന് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1962 -ൽ സ്നാപകയോഹന്നാൻ എന്ന സിനിമയിലൂടെയാണ് ജോസഫ് ചാക്കോ വെള്ളിത്തിരയിലെത്തിയത്. തുടർന്ന് അൾത്താര, കളിയോടം, തൊമ്മന്റെ മക്കൾ, എന്നിങ്ങനെ 2004 -ൽ ഇറങ്ങിയ ഫോർ ദി പീപ്പിൾ എന്ന സിനിമയുൾപ്പെടെ ഇരുപതോളം സിനിമകളിൾ അഭിനയിച്ചു. നാടകത്തിലും സിനിമയിലും ഏറെയും ഗാന്ധിജിയുടെ വേഷമണിഞ്ഞാണ് അദ്ദേഹം ശ്രദ്ധേയനായത്. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ബഷീറായി അഭിനയിച്ചു. 1980-81 -ൽ മികച്ച നടനുള്ള സംസ്ഥാന നാടക അവാർഡ്, 1992-93 -ൽ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ്, സമഗ്രസംഭാവനയ്ക്കുള്ള ചാവറ അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങൾ സ്വന്തമാക്കി.
പരേതയായ അമ്മിണിക്കുട്ടിയാണ് ജോസഫ് ചാക്കോയുടെ ഭാര്യ. മക്കൾ ജെസി, സാബു, മിനി, നിമ്മി, ജയൻ. 2013 മാർച്ചിൽ ജോസഫ് ചാക്കോ അന്തരിച്ചു.