നൻപകൽ നേരത്ത് മയക്കം
വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് ബസ്സിൽ നാട്ടിലേക്ക് മടങ്ങുന്ന മലയാളികളായ നാടകപ്രവർത്തകരുടെ സംഘം യാത്രയ്ക്കിടെ ഉച്ചമയക്കത്തിലേക്ക് വഴുതി വീഴുന്നു. കൂട്ടത്തിലൊരാളായ ജെയിംസ് മയക്കത്തിൽ നിന്നെഴുന്നേൽക്കുകയും ഡ്രൈവറോട് വണ്ടി നിർത്താനാവശ്യപ്പെടുകയും ചെയ്യുന്നു. വണ്ടിയിൽ നിന്നിറങ്ങുന്ന ജെയിംസ് പിന്നീട് വിചിത്രമായ രീതിയിൽ പെരുമാറാൻ തുടങ്ങുന്നു.
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമ, മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിർമ്മാണക്കമ്പനിയാണ് നിർമ്മിക്കുന്നത്. ലിജോയും മമ്മൂട്ടിയും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലാണ്. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുങ്ങുന്നത്.
ജെയിംസ് എന്ന നാടക കലാകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജെയിംസ് അടക്കമുള്ള ഒരു പ്രൊഫഷണല്‍ നാടകസംഘം പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ്. യാത്രക്കിടെ ഇടയ്ക്ക് വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് അടുത്തുള്ള ഗ്രാമത്തിലേക്ക് പരിചയമുള്ള ഒരാളെപ്പോലെ കയറി ചെല്ലുന്നു. രണ്ട് വർഷം മുൻപ് ഗ്രാമത്തിൽ നിന്ന് കാണാതായ സുന്ദരം ആണെന്ന മട്ടിലാണ് ജെയിംസിൻ്റെ പെരുമാറ്റം. ജെയിംസും തമിഴ്നാട്ടിലെ ആ ഗ്രാമവാസികളും നാടക സമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം...