അനിലമ്മ പി പി
ചുരുളീല് വന്നിട്ട് നീ കുഴികുത്തമല്ലേടാ എന്ന് ചോദിച്ച് ഷാജീവനെ കോടാലിയുമായി വെട്ടാനിട്ടോടിക്കുന്ന പാവം അമ്മാമ്മയായി വന്നത് സോഷ്യൽ മീഡിയയിൽ ടിക്‌ടോക് ഡാൻസ് വീഡിയോകളിലൂടെ താരമായ അനിലമ്മയാണ്. ചട്ടയും മുണ്ടുമുടുത്തും ബർമുഡയൊക്കെ അണിഞ്ഞും റെയ്ബൻ ഗ്ലാസുമൊക്കെ ധരിച്ചും തകർപ്പൻ ഡാൻസുകൾ കളിച്ച് സോഷ്യൽ മീഡിയയിൽ താരമായ അനിലമ്മക്ക് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി തന്നെയാണ് ചുരുളിയെന്ന സിനിമയിലേക്ക് അവസരമൊരുക്കിയത്.
കോട്ടയമാണ് സ്വദേശമെങ്കിലും വർഷങ്ങളായി എറണാകുളം മാടവനയിൽ താമസം. ചെറുപ്പത്തിൽ കുറച്ച് നാൾ നൃത്തം അഭ്യസിച്ചിരുന്നു. നിലവിൽ 63 വയസുള്ള അനിലമ്മ, ജീവിതത്തിന്റെ തുടക്ക കാലത്ത് ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോൾ കുടുംബം പുലർത്താനായി ബാലെ കളിക്കാനും നാടകങ്ങളിൽ ചെറിയ വേഷമൊക്കെ അവതരിപ്പിക്കാനുമൊക്കെ പോയിരുന്നു. ടിക്‌ടോക്ക് പോലെ ഒരു വേദി ലഭ്യമായപ്പോൾ പഴയ കലാപ്രവർത്തനം മകൻ ആദം അക്ബറിന്റെ സഹായത്തോടെ പുറത്തെടുത്ത് ശ്രദ്ധേയയായി. തുടർന്ന് ഹ്രസ്വചിത്രങ്ങളിലും മറ്റും അഭിനയിച്ചു.
ചുരുളിയിലൂടെ അഭിനയരംഗത്ത് തുടക്കമിട്ട ടിക്ടോക്ക് താരം അനിലമ്മ ഏകദേശം അഞ്ചോളം സിനിമകളിലേക്ക് അവസരമായിക്കഴിഞ്ഞു.