എസ് ഹരീഷ്

S Hareesh
Date of Birth: 
തിങ്കൾ, 24 February, 1975
കഥ: 4
സംഭാഷണം: 2
തിരക്കഥ: 6

1975 ഫെബ്രുവരി 24 ആം തിയതി കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് എസ്. ഹരീഷ് ജനിച്ചത്. നിലവിൽ കേരള സർക്കാർ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരിലൊരാളാണ്. 'രസവിദ്യയുടെ ചരിത്രം' എന്ന ആദ്യ കഥാസമാഹാരത്തിലൂടെ ആയിരുന്നു അദ്ദേഹം സാഹിത്യരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. 

പിൽക്കാലത്ത് 'ആദം', 'അപ്പൻ' തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും പ്രകൃതിയും സാമൂഹിക പശ്ചാത്തലവും അത്യന്തം ഗഹനമായി അദ്ദേഹം ആവിഷ്കരിച്ചു. ഹരീഷിന്റെ ആദ്യ നോവലായ 'മീശ' വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരവെ ഉണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് നോവൽ പിൻവലിക്കേണ്ടി വന്നുവെങ്കിലും പിന്നീട് ഡി.സി. ബുക്സ് ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചു. ഈ കൃതിക്ക് 2020 ലെ പ്രശസ്തമായ ജെ.സി.ബി സാഹിത്യ പുരസ്കാരവും 2022 ലെ വയലാർ അവാർഡും ലഭിച്ചു. 'ആഗസ്റ്റ് 17' ആണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന നോവൽ.

ചലച്ചിത്ര രംഗത്തും അദ്ദേഹം സജീവമാണ്. 'മാവോയിസ്റ്റ്' എന്ന കഥയെ ആസ്പദമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജെല്ലിക്കട്ട്' അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ഓസ്കാർ നാമനിർദ്ദേശത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 'ഏദൻ', 'ചുരുളി', 'നൻപകൽ നേരത്ത് മയക്കം' തുടങ്ങിയ സിനിമകളുടെ തിരക്കഥാ രചനയിലും അദ്ദേഹം പങ്കാളിയാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കൂട്ടിച്ചേർക്കൽ : വിക്കിയിൽ മെയ് 15 ആം തിയതി ആണെങ്കിലും, കഥാക്കാരൻ നേരിട്ട് അറിയിച്ചത് പ്രകാരം ഫെബ്രുവരി 24 ആം തിയതിയാണ്.

S Hareesh