അശ്വിൻ മാത്യു

Ashwin Mathew

 “ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയിൽ തുടക്കമിട്ട അശ്വിൻ, സദസ്സുകളെ രസിപ്പിക്കുന്ന “സ്റ്റാൻഡപ്പ് കൊമേഡിയൻ”എന്ന് ആയി പേരെടുത്തിരുന്നു. പത്തനം തിട്ടയിലെ റാന്നിയാണ് സ്വദേശമെങ്കിലും കുട്ടിക്കാലം മുതൽ തന്നെ ബംഗളൂരിൽ പഠിച്ചു വളർന്നു. സ്കൂൾ കാലഘട്ടത്തിൽത്തന്നെ അഭിനയ മോഹം ഉണ്ടായിരുന്ന അശ്വിന്റെ താല്പര്യങ്ങൾക്ക് ഡോക്ടറായ അച്ഛനും കൃഷിശാസ്ത്രജഞയുമായ അമ്മയും എതിരു നിന്നില്ല. ഓസ്ട്രേലിയയിലെ സിഡ്നിയിൽ തിയറ്റർ-നാടകം പഠിക്കുവാൻ തുടങ്ങിയെങ്കിലും പിന്നീട് സൈപ്രസിൽ റേഡിയോ ജേർണലിസം ആണ് പൂർത്തിയാക്കിയത്. 1999ൽ ബംഗളൂരുവിൽ തിരിച്ചെത്തിയ അശ്വിൻ ബംഗളൂർ നഗരത്തിലെ ആദ്യ “സ്റ്റാൻഡപ്പ് കൊമേഡിയൻ” എന്ന ബഹുമതിക്കർഹനാണ്.

തിരക്കഥാ രചനയിലും മറ്റും താല്പര്യമുള്ള അശ്വിൻ മലയാളത്തിൽ കുക്കു സുരേന്ദ്രന്റെ “വീരാളിപ്പട്ട്” എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയിൽ സഹായിച്ചിരുന്നു. നാടകങ്ങളിലും-തിയറ്ററിലുമുള്ള പരിചയമാണ് അശ്വിന് സിനിമയിലേക്കുള്ള വഴിയായത്. പ്രസിദ്ധ നടി ശ്രീദേവിയുടെ തിരിച്ചു വരവോടെ ബോളിവുഡിൽ  ഹിറ്റായ “ഇംഗ്ലീഷ് വിംഗ്ലീഷ്” എന്ന  ചിത്രത്തിൽ സ്കൂൾ പ്രിൻസിപ്പലായ ഫാദറിനെ അവതരിപ്പിച്ചു കൊണ്ടാണ് അശ്വിൻ സിനിമയിൽ തുടക്കമിടുന്നത്. ബംഗളൂരിലെ അശ്വിന്റെ നാടകങ്ങൾ കണ്ട് പരിചയമുള്ള സുഹൃത്തും അഭിനേത്രിയുമായ പത്മപ്രിയ വഴിയാണ് അശ്വിന്റെ പേര് സംവിധായകൻ “ശംഭു പുരുഷോത്തമ”നിലേക്കെത്തുന്നത് .ശംഭുവിന്റെ ആദ്യ മലയാള ചലച്ചിത്രമായ “വെടിവഴിപാടി”ലെ പി.പി എന്ന ചാനൽമേധാവിയുടെ വേഷം അശ്വിൻ ശ്രദ്ധേയമാക്കിയിരുന്നു. തുടർന്ന് “വൺബൈറ്റു”, മോഹൻലാലിനോടൊത്ത് “മിസ്റ്റർ ഫ്രോഡ്” എന്ന ചിത്രങ്ങളിലും അഭിനയിച്ചു. സൈപ്രസിൽ സ്ഥിരതാമസമാക്കിയ അശ്വിന്റെ ഭാര്യയും സൈപ്രസിൽ നിന്ന് തന്നെയാണ്.

അവലംബം: ഇന്ത്യൻ എക്സ്പ്രസ്