ആലുമ്മൂടൻ

Alummoodan

മലയാള ചലച്ചിത്ര നാടകനടൻ. 1933 മാർച്ച് 15ന് ആലുമ്മൂട്ടിൽ ജോസഫിന്റെയും റോസമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. ഡൊമിനിക് എന്നാണ് ശരിയായ പേര്. അഞ്ചാം ഫോറംവരെയായിരുന്നു ആലുമ്മൂടന്റെ വിദ്യാഭ്യാസം. ചെറുപ്പത്തിലെ നാടകാഭിനയത്തിൽ താത്പര്യമുണ്ടായിരുന്ന ആലുമ്മൂടൻ നാടക സമിതികളിൽ അംഗമായി. ചങ്ങനാശ്ശേരി ഗീഥ,കെ പി എ സി എന്നീ സമിതികളിലെ നാടകങ്ങളിൽ അഭിനയിച്ചു.

നാടകാഭിനയത്തിലൂടെ കിട്ടിയ പ്രശസ്തി ആലുമ്മൂടനെ സിനിമയിൽ എത്തിച്ചു. 1966-ൽ ഇറങ്ങിയ അനാർക്കലി എന്നചിത്രത്തിലൂടെയാണ് ആലുമ്മൂടൻ സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചു. അദ്ദേഹം അഭിനയിച്ചവയിൽ ഭൂരിഭാഗവും ഹാസ്യവേഷങ്ങളായിരുന്നു. ആലുമ്മൂടന്റെ ഹാസ്യകഥാപാത്രങ്ങൾ പ്രേക്ഷകപ്രീതി നേടിയവയായിരുന്നു. മിമിക്സ് പരേഡ്, കാസർക്കോഡ് ഖാദർഭായ് എന്നീ സിനിമകളിൽ അദ്ദേഹം അഭിനയിച്ച വില്ലൻവേഷം വളരെ പ്രശസ്തമാണ്. 1992 മെയ് 3ന് അദ്വൈതം എന്ന സിനിമയുടെ ചിത്രീകരണവേളയിൽ ഹൃദയസ്തംഭനം മൂലം അദ്ദേഹം മരണപ്പെട്ടു.

റോസമ്മയാണ് ആലുമ്മൂടന്റെ ഭാര്യ. മകൻ ബോബൻ ആലുമ്മൂടൻ സിനിമാ സീരിയൽ നടനാണ്.