സുമിത്ര
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1953 സെപ്റ്റംബർ 18 ന് രാഘവൻ നായരുടെയും ജാനകിയുടെയും മകളായി തൃശ്ശൂരിൽ ജനിച്ചു. അച്ഛൻ രാഘവൻ നായർക്ക് ഓയിൽ റിഫൈനിംഗ് കമ്പനിയിലായിരുന്നു ജോലി. സ്ക്കൂൾ പഠന സമയത്തുതന്നെ നൃത്ത പഠനവും ചെയ്തിരുന്നു. നല്ലൊരു നർത്തകിയാണ് സുമിത്ര.
എ ബി രാജ് സംവിധാനം ചെയ്ത് 1972 ൽ റിലീസായ നൃത്തശാല എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സുമിത്ര തന്റെ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് തേനരുവി, നെല്ല് എന്നീ സിനിമകളിൽ അഭിനയിച്ചതിനുശേഷം എം ടിയുടെ നിർമ്മാല്യ ത്തിൽ നായികയായി. നിരവധി സിനിമകളിൽ സുമിത്ര നായികയായി അഭിനയിച്ചു. 1974 ൽ അവളും പെണ്ണുതാനേ എന്ന സിനിമയിലൂടെയാണ് തമിഴ് ചലച്ചിത്രലോകത്തെത്തുന്നത്. രജനീകാന്ത്,കമലഹാസൻ എന്നിവരുൾപ്പെടെ തമിഴിലെ മുൻനിര താരങ്ങളുടെയെല്ലാം നായികയായി സുമിത്ര അഭിനയിച്ചു. 1973 ൽ അണ്ടാല രാമഡു എന്ന ചിത്രത്തിലൂടെ തെലുങ്കു സിനിമാലോകത്ത് തുടക്കം കുറിച്ചു. തുടർന്ന് നിരവധി തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ചു. 1976 ൽ മുഗിയാഡ കഥൈ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സുമിത്ര കന്നഡ സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന് കന്നഡയിലും ധാരാളം സിനിമകളിൽ നായികയായി. 1974 - 1986 കാലഘട്ടത്തിൽ നാല് ഭാഷകളിലും അവർ നായികയായിരുന്നു. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി 250 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത കന്നഡ ചലച്ചിത്ര സംവിധായകൻ ഡോക്ടർ രാജേന്ദ്ര ബാബുവിനെയാണ് സുമിത്ര വിവാഹം ചെയ്തത്. രണ്ടു മക്കളാണ് അവർക്കുള്ളത്. ഉമാശങ്കരി, നക്ഷത്ര. രണ്ടുമക്കളും അഭിനേത്രികളാണ്.