സീത

Seetha

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1967 ജൂലൈ 13 ന്  ചെന്നൈയിൽ ജനിച്ചു. 1985 ലാണ് സീത അഭിനയ  രംഗത്തേയ്ക്ക് വരുന്നത്. ആൺ പാവം എന്ന തമിഴ് ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ആ വർഷം തന്നെ ആടടേ ആധാരം  എന്ന തെലുങ്കു ചിത്രത്തിലും, കൂടണയും കാറ്റ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് 1991 വരെ നിരവധി തമിഴ്,തെലുങ്കു ചിത്രങ്ങളിൽ സീത നായികയായി അഭിനയിച്ചു.

പ്രശസ്ത തമിഴ് നടൻ പാർത്ഥിപനെയാണ് സീത വിവാഹം ചെയ്തത്. 1989 ലായിരുന്നു അവരുടെ വിവാഹം. വിവാഹത്തിനുശേഷം താമസിയാതെ അഭിനയ രംഗത്തുനിന്നും പിൻവാങ്ങി കുടുംബ ജീവിതത്തിലേയ്ക്ക് കടന്നു. സീത - പാർത്ഥിപൻ ദമ്പതികൾക്ക് മൂന്നു കുട്ടികളാണുള്ളത് അഭിനയ, കീർത്തന, രാഖി. 2001 ൽ സീതയും പാർത്ഥിപനും വിവാഹ ബന്ധം വേർപെടുത്തി. 2002 ൽ സീത മാരൻ എന്ന തമിഴ് ചിത്രത്തിലൂടെ  അഭിനയ രംഗത്തേയ്ക്ക് തിരിച്ചു വന്നു. തമിഴ്, മലയാളം, തെലുങ്കു, കന്നഡ ഭാഷകളിലായി ധാരാളം സിനിമകളിൽ കാരക്ടർ റോളുകളിൽ അഭിനയിച്ചുവരുന്നു. 2005 ൽ റിഗ്താ തപ്പാ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിയ്ക്കുള്ള തമിഴ് നാട് സ്റ്റേറ്റ് അവാർഡ് നേടി. 2005- ൽ തന്മാത്ര  എന്ന ചിത്രത്തിലൂടെയാണ് സീത മലയാളത്തിലേയ്ക്ക് തിരിച്ചുവരുന്നത്. നോട്ട് ബുക്ക്, വിനോദയാത്ര, മൈ ബോസ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇരുപത്തി അഞ്ചോളം സിനിമകളിൽ സീത മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമകൾ കൂടാതെ തമിഴ്, മലയാളം ടെലിവിഷൻ സീരിയലുകളിലും സീത അഭിനയിച്ചിട്ടുണ്ട്.