പ്രണവ് മോഹൻലാൽ
പ്രശസ്ത സിനിമാതാരം മോഹൻലാലിന്റേയും സുചിത്രയുടേയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. സഹോദരി വിസ്മയ മോഹൻലാൽ. ഊട്ടിയിലെ Hebron School -ലായിരുന്നു പ്രണവിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ആസ്ട്രേലിയയിലെ ന്യു സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ബിരുദം നേടി.
2002 -ൽ അച്ഛൻ മോഹൻ ലാൽ നായകനായ ഒന്നാമൻ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് പ്രണവ് അഭിനയരംഗത്തേക്കെത്തുന്നത്. മോഹൻ ലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കുട്ടിക്കാലമായിരുന്നു പ്രണവ് അവതരിപ്പിച്ചത്. ആ വർഷം തന്നെ മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വർഷത്തെ മികച്ച ബാലനടനുള്ള പുരസ്ക്കാരം പുനർജനിയിലെ പ്രകടനത്തിലൂടെ പ്രണവ് കരസ്ഥമാക്കി.
വലിയൊരു ഇടവേളക്ക് ശേഷം 2018 -ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് പ്രണവ് സിനിമാഭിനയരംഗത്തേയ്ക്ക് തിരിച്ചു വന്നത്. തുടർന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഹൃദയം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ നായകനായി പ്രണവ് അഭിനയിച്ചു. ആദി എന്ന ചിത്രത്തിൽ താൻ തന്നെ എഴുതിയ ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്ര ഗാനരംഗത്തും തന്റെ കഴിവു തെളിയിച്ചു. ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ ജിത്തു ജോസഫിന്റെ അസിസ്റ്റന്റ് സംവിധായകനായി പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്.


