കരിനിഴൽ
കർക്കശക്കാരനും, ദുരഭിമാനിയുമായ ഉയർന്ന പദവിയിലുള്ള പട്ടാളക്കാരൻ. അദ്ദേഹത്തിന്റെ മകനും മകളും. മകൾ വീട്ടുജോലിക്കാരനായ പാവപ്പെട്ട യുവാവിനെ പ്രണയിക്കുന്നു. അതറിയുന്ന പട്ടാളക്കാരൻ, അവരുടെ വിവാഹത്തിന് സമ്മതിക്കുമോ, അതോ എതിർക്കുമോ?
Actors & Characters
Actors | Character |
---|---|
രാമചന്ദ്രൻ | |
കേണൽ കുമാർ | |
മാലതി | |
ലൂർദ് അമ്മാൾ | |
ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് മോഹനൻ | |
അയ്യപ്പൻ പിള്ള | |
ലെഫ്റ്റനന്റ് രവി | |
വിശ്വലക്ഷ്മി | |
ദേവസ്യ | |
നിർമ്മല |
Main Crew
കഥ സംഗ്രഹം
വിഭാര്യനായ കേണൽ കുമാർ (സത്യൻ) ബാംഗ്ലൂരിലെ സ്റ്റേഷൻ കമാണ്ടറാണ്. രണ്ടു മഹായുദ്ധങ്ങളിൽ പങ്കെടുത്ത് വിശിഷ്ട സേവനങ്ങൾ അർപ്പിച്ച അദ്ദേഹത്തിന് സർക്കാർ കീർത്തിമുദ്രകൾ സമ്മാനിച്ച് ബഹുമാനിച്ചിരുന്നു. കേണൽ കുമാറിന് രണ്ടു മക്കളാണ് - മോഹനനും (കെ.പി.ഉമ്മർ) മാലതിയും (ഷീല). മോഹനൻ ഇന്ത്യൻ എയർഫോഴ്സിൽ ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് ആയി സേവനം അനുഷ്ഠിക്കുന്നു. മാലതി വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. കേണൽ കുമാറിന്റെ വീട്ടിലെ ഭൃത്യന്മാരാണ് അയ്യപ്പൻ പിള്ളയും (അടൂർഭാസി), ദേവസ്യയും (ആലുംമൂടൻ). ദേവസ്യയുടെ ഭാര്യയാണ് ലൂർദ് അമ്മാൾ (സുകുമാരി). ദേവസ്യയ്ക്കും, ലൂർദ് അമ്മാളിനുമാണ് കുമാറിന്റെ വീട്ടിലെ പാചകച്ചുമതല. പട്ടാളത്തിലെ അതേ കൃത്യനിഷ്ഠയും കാർക്കശ്യവും കേണൽ കുമാർ വീട്ടിലും പ്രാവർത്തികമാക്കുന്നു.
കേണൽ കുമാർ മാലതിയെ ബേബി എന്നാണ് വിളിക്കാറ്. ഒരു ദിവസം കുടുംബസുഹൃത്തായ വിശ്വലക്ഷ്മിയുടെ (കവിയൂർ പൊന്നമ്മ) മകൾ നിർമ്മലയുടെ (സലീമ) വിവാഹം നിശ്ചയിച്ച വിവരം കുമാർ മാലതിയോട് പറഞ്ഞ ശേഷം മാലതിക്കും താൻ ഒരു വരനെ കണ്ടുവെച്ചിട്ടുണ്ടെന്ന് പറയുമ്പോൾ, തനിക്കിപ്പോൾ വിവാഹം വേണ്ടെന്ന് മാലതി പറയുന്നു. അന്നേരം അയ്യപ്പൻപിള്ള തന്റെ നാട്ടുകാരനായ ചന്ദ്രൻ എന്ന വിളിപ്പേരുള്ള രാമചന്ദ്രൻ (പ്രേംനസീർ) എന്ന യുവാവിനെ കൂട്ടിക്കൊണ്ടുവന്ന് വീട്ടിൽ വല്ല ജോലിയും കൊടുക്കണം എന്ന് കേണൽ കുമാറിനോട് അഭ്യർത്ഥിക്കുന്നു. കേണൽ കുമാർ ചന്ദ്രനെ വീട്ടുജോലിക്കാരനായി നിയമിക്കുകയും ഔട്ട്ഹൗസിൽ താമസിപ്പിക്കുകയും ചെയ്യുന്നു.
മോഹനനും, മാലതിയും കുടുംബ സുഹൃത്തെന്നു കരുതുന്ന വിശ്വലക്ഷ്മി യഥാർത്ഥത്തിൽ കേണൽ കുമാറിന്റെ രഹസ്യ ഭാര്യയാണ്. പക്ഷേ, ഈ സത്യം മോഹനനും, മാലതിക്കും അറിയില്ല. വിശ്വലക്ഷ്മിയുടെ മകൾ നിർമ്മലയ്ക്കും കേണൽ കുമാറാണ് തന്റെ അച്ഛൻ എന്ന സത്യം അറിയില്ല. കേണൽ കുമാർ എന്നും വിശ്വലക്ഷ്മിയെ സന്ദർശിക്കാറുണ്ട്. കേണൽ കുമാർ ഇടയ്ക്കിടയ്ക്ക് വേട്ടയ്ക്ക് പോവാറുണ്ട്. അപ്പോഴെല്ലാം മാലതിയും ഒപ്പം കൂടും. സാധുവായ ചന്ദ്രനെ കുരങ്ങു കളിപ്പിക്കലാണ് മാലതിയുടെ പ്രധാന വിനോദം.
മോഹനൻ ടെമ്പററി ഡ്യൂട്ടിയിൽ ബാംഗ്ലൂരിലേക്ക് വരുന്നു. കേണൽ കുമാറിന്റെ കീഴിൽ സേവനം അനുഷ്ഠിക്കുന്ന തന്റെ ബോസ്സിന്റെ മകൻ ക്യാപ്റ്റൻ മനോഹറിന്റെ പ്രൊമോഷൻ കാര്യം ഒന്ന് പരിഗണിയ്ക്കണമെന്നു തന്റെ ബോസ് പറഞ്ഞുവെന്നു മോഹൻ പറയുമ്പോൾ, പറ്റില്ലെന്നും, സീനിയോറിറ്റിയും, എഫിഷ്യൻസിയും പരിഗണിച്ചു മാത്രമേ പ്രൊമോഷൻ കൊടുക്കുള്ളു എന്ന് കേണൽ കുമാർ തീർത്തു പറയുന്നു. മോഹനന്റെ മുൻപിൽ വെച്ചും മാലതി ചന്ദ്രനെ കളിയാക്കുമ്പോൾ മോഹനൻ അങ്ങിനെ ആരെയും പരിഹസിക്കരുതെന്ന് അവളെ ഗുണദോഷിക്കുന്നു, പക്ഷേ മാലതി അത് വകവെയ്ക്കുന്നില്ല.
മോഹനൻ ചന്ദ്രനുമായി പരിചയപ്പെട്ട്, ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങൾ കേട്ട് മനസ്സിലാക്കുകയും, ആരോരുമില്ലാത്ത അനാഥനാണെന്നും, പത്താം ക്ലാസ്സിൽ തോറ്റവനാണെന്നും അറിയുമ്പോൾ, സമയം കണ്ടെത്തി തോറ്റ വിഷയം പ്രൈവറ്റ് ആയിട്ട് പഠിച്ച് പരീക്ഷ എഴുതി പാസായാൽ കേണലിനോടു പറഞ്ഞ് എവിടെയെങ്കിലും ജോലി സംഘടിപ്പിക്കാം എന്ന് വാക്ക് നൽകുന്നു. മാലതിയോട് വിവാഹത്തെക്കുറിച്ച് ആലോചിക്കാൻ ഉപദേശിച്ചിട്ടാണ് മോഹനൻ തിരിച്ചുപോകുന്നത്
മോഹനൻ തിരിച്ചുപോയ ശേഷം മാലതി പതിവുപോലെ ചന്ദ്രനെ കളിയാക്കുമ്പോൾ ചന്ദ്രൻ തന്റെ നീരസം പ്രകടിപ്പിക്കുകയും, അല്പം മനുഷ്യത്വത്തോടെ പെരുമാറണം എന്നു പറയുകയും ചെയ്യുന്നു.
കേണൽ കുമാർ പറഞ്ഞതനുസരിച്ച് ലെഫ്റ്റനന്റ് രവി (വില്യം തോമസ്) മാലതിയെക്കണ്ട് തന്നെ വിവാഹം കഴിക്കാൻ ഇഷ്ടമാണോ എന്ന് ചോദിക്കുന്നു. ആലോചിച്ചു പറയാം എന്നു പറഞ്ഞ് മാലതി രവിയെ തിരിച്ചയയ്ക്കുന്നു.
ആ ദിവസം രാത്രി വീട്ടുമുറ്റത്ത് കേണലും വിശ്വലക്ഷ്മിയും സംസാരിക്കുന്നത് യാദൃശ്ചികമായി കേൾക്കാനിടയാകുന്ന മാലതി ഞെട്ടുന്നു. കാരണം, കുടുംബ സുഹൃത്തെന്നു കരുതുന്ന വിശ്വലക്ഷ്മി അച്ഛന്റെ രഹസ്യ ഭാര്യയാണെന്നും, നിർമ്മല തന്റെ അച്ഛന്റെ മകളാണെന്നും, അച്ഛന് തന്നെക്കാൾ സ്നേഹം നിർമ്മലയോടാണെന്നുമുള്ള സത്യം അപ്പോഴാണ് അവൾ അറിയുന്നത്. വിശ്വലക്ഷ്മിയെ പറഞ്ഞയച്ച ശേഷം മാലതിയെക്കണ്ട് രവിയെ ഇഷ്ടമായോ എന്ന് കേണൽ ചോദിക്കുമ്പോൾ പിന്നെപ്പറയാം എന്ന് മാലതി പറയുന്നു.
മാതൃകാപുരുഷനായി കണ്ടിരുന്ന തന്റെ അച്ഛന് ഒരു രഹസ്യബന്ധമുണ്ടെന്നറിഞ്ഞതോടെ മാലതിക്ക് അച്ഛനോടുള്ള മതിപ്പും, താനൊരു ഹൈ സൊസൈറ്റിക്കാരിയാണെന്ന അഹന്തയും, തന്റെ സൊസൈറ്റിയോടുള്ള ബഹുമാനവും ഒക്കെ തകർന്ന് തരിപ്പണമാകുന്നു. അതോടെ അവൾ ചന്ദ്രനോട് പതുക്കെ അടുക്കാൻ തുടങ്ങുന്നു. ചന്ദ്രനോട് അവനെക്കുറിച്ചും, അവന്റെ കുടുംബത്തെക്കുറിച്ചും എല്ലാം മാലതി അന്വേഷിച്ചു മനസ്സിലാക്കുന്നു. ചന്ദ്രൻ നല്ലൊരു പാട്ടുകാരനാണെന്നും കൂടി അറിയുന്നതോടെ മാലതിയ്ക്കു അവനോടുള്ള ഇഷ്ടം വർദ്ധിക്കുന്നു.
നിർമ്മലയുടെ വിവാഹത്തിനുവേണ്ടി ഗുരുവായൂരിലേക്ക് പോവുന്നതിനായി വിശ്വലക്ഷ്മിയും, നിർമ്മലയും മാലതിയെ ക്ഷണിക്കുന്നു, പക്ഷേ തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് മാലതി ഒഴിഞ്ഞു മാറുന്നു. മകളെ നോക്കാനുള്ള ചുമതല അയ്യപ്പൻ പിള്ളയെ ഏൽപ്പിച്ച് കേണലും അവരോടൊപ്പം ഗുരുവായൂരിലേക്ക് പോവുന്നു. അന്നു രാത്രി മാലതി ചന്ദ്രൻ താമസിക്കുന്ന ഔട്ട്ഹൗസിലേക്ക് പോവുകയും, ചന്ദ്രനോട് തന്റെ പ്രണയം അറിയിക്കുകയും, തനിക്കുവേണ്ടി ഒരു പാട്ടുപാടാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.. ചന്ദ്രൻ അവൾക്കുവേണ്ടി പാടുന്നു.
മാലതി ചന്ദ്രനെയും കൂട്ടി പുറത്തു കറങ്ങി നടക്കുന്നു. മാലതി തന്നെ പ്രേമിക്കുന്ന കാര്യം കേണൽ അറിയാനിടയായാൽ എന്താവുമോ എന്ന തന്റെ പേടി മാലതിയോട് ചന്ദ്രൻ പറയുമ്പോൾ, ഒന്നും സംഭവിക്കില്ലെന്നും, അച്ഛനോട് താൻ തന്നെ എല്ലാം പറയുമെന്നും, പക്ഷേ അതിന് സമയമായിട്ടില്ലെന്നും മാലതി പറയുന്നു.
ഒരു രാത്രിയിൽ മാലതി പതിവുപോലെ ചന്ദ്രനെക്കണ്ടു തിരിച്ചുപോവുമ്പോൾ അത് ദേവസ്യയും, ഭാര്യയും കാണാനിടയാവുകയും, ദേവസ്യ ആ കാര്യം അയ്യപ്പൻ പിള്ളയെ അറിയിക്കുകയും ചെയ്യുന്നു. അയ്യപ്പൻ പിള്ള മാലതിയെയും, ചന്ദ്രനെയും ഉപദേശിക്കുന്നുവെങ്കിലും, രണ്ടുപേരും പിന്മാറാൻ തയ്യാറാവുന്നില്ല.
തന്റെ കാര്യങ്ങളെല്ലാം നോക്കാൻ ഏല്പിച്ച ചന്ദ്രനു പകരം ആ ജോലികൾ നോക്കുന്ന അയ്യപ്പൻ പിള്ളയോട് ചന്ദ്രനെവിടെയെന്ന് കേണൽ ചോദിക്കുന്നു. അവന്റെ നടത്ത ശരിയല്ലെന്ന് തോന്നിയതുകൊണ്ട് അവനോട് ബംഗ്ലാവിന്റെ പുറത്തുള്ള ജോലികൾ മാത്രം ചെയ്താൽ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്ന് അയ്യപ്പൻ പിള്ള പറയുമ്പോൾ എന്താ കാര്യം എന്ന് കേണൽ ചോദിക്കുന്നു. അതിന്, താനല്ല കണ്ടത് ലൂർദ് അമ്മയാണ് കണ്ടതെന്ന് പറഞ്ഞുകൊണ്ട് കാര്യം പറയാൻ തുടങ്ങുമ്പോൾ, കേണൽ ഇടയ്ക്ക് കയറി മോഷണമായിരിക്കുമല്ലേ എന്ന് പറയുന്നു. അപ്പോൾ തന്നെ കൈയ്യോടെ പിടികൂടി തന്റെ മുൻപിൽ ഹാജർ ആക്കാമായിരുന്നില്ലേ എന്നും, തൽക്കാലം 'വാർണിങ്' കൊടുത്ത് അവനെ 'വാച്ച്' ചെയ്യാനും, മേലിൽ ഇതുപോലുള്ള കുറ്റം ചെയ്യുകയാണെങ്കിൽ കൈയ്യോടെ പിടികൂടി തന്റെ മുൻപിൽ ഹാജരാക്കാനും കേണൽ പറയുന്നു. ഭയം കാരണം പിള്ള ബാക്കി പറയുന്നില്ല.
മാലതി, കേണൽ ഇല്ലാത്ത നേരം നോക്കി ദേവസ്യയോട് വിഭവമായ സദ്യ ഒരുക്കാൻ പറഞ്ഞ്, ചന്ദ്രനെ സൽക്കരിക്കുന്നു. ആഹാരം കഴിക്കുമ്പോഴും ചന്ദ്രൻ, ഇതെല്ലാം കേണൽ അറിയാനിടയാൽ എന്ത് സംഭവിക്കുമോ എന്ന് ഭയപ്പെടുന്നു. അപ്പോൾ, മുൻകോപക്കാരനായ അച്ഛനോട് തത്ക്കാലം ഇതേക്കുറിച്ച് പറയുന്നില്ലെന്നും, ചേട്ടൻ വരുമ്പോൾ അദ്ദേഹത്തോട് പറയുമെന്നും, അദ്ദേഹം എതിരൊന്നും പറയില്ലെന്നും, അച്ഛനെയും അദ്ദേഹം പറഞ്ഞു മനസ്സിലാക്കിപ്പിക്കുമെന്നും പറഞ്ഞ് മാലതി ചന്ദ്രന് ആശ്വാസം പകരുന്നു. മാലതിയോടും, ചന്ദ്രനോടും ഗുണദോഷിച്ചിട്ടും ഫലം കാണാത്തതിനാൽ അയ്യപ്പൻ പിള്ള വിശ്വലക്ഷ്മിയെക്കണ്ട് വിവരങ്ങൾ പറയുന്നു. ഇതൊന്നുമറിയാതെ മാലതിയുടെയും ചന്ദ്രന്റെയും പ്രണയം തുടരുന്നു. വിശ്വലക്ഷ്മി മാലതിയെക്കണ്ട് ഗുണദോഷിക്കുമ്പോൾ, മാലതി അത് ചെവിക്കൊള്ളുന്നില്ലെന്ന് മാത്രമല്ല, അവരും അച്ഛനും തമ്മിലുള്ള ബന്ധം തനിക്കറിയാമെന്നും, സ്റ്റാറ്റസ്, അന്തസ്സ് എന്നൊക്കെപ്പറഞ്ഞു ഗുണദോഷിക്കാനുള്ള അർഹത അവർക്കില്ലെന്നും പറഞ്ഞ് അപമാനിച്ചു വിടുന്നു.
മാലതി ചന്ദ്രനെ പ്രണയിക്കുന്ന കാര്യം വിശ്വലക്ഷ്മി വഴി കേണലിന്റെ ചെവിയിലെത്തുന്നു. മാലതി രാത്രിയിൽ ചന്ദ്രൻ താമസിക്കുന്ന ഔട്ട്ഹൗസിൽ പോയി നേരം വൈകി തിരിച്ചു വരുന്നത് കേണൽ കാണുകയും ചെയ്യുന്നു. പക്ഷേ, അദ്ദേഹം ഒന്നും സംഭവിക്കാത്തത് പോലെ പെരുമാറുന്നു. പിറ്റേന്ന് അതിരാവിലെ തന്നെ കേണൽ അയ്യപ്പൻ പിള്ളയെയും, ചന്ദ്രനെയും കൂട്ടി വേട്ടയ്ക്ക് പുറപ്പെടുന്നു. അത് കാണുന്ന മാലതി താനും വരട്ടെയെന്ന് ചോദിക്കുമ്പോൾ കേണൽ പിന്നീടൊരിക്കലാവാം എന്നു പറഞ്ഞ് വിലക്കുന്നു.
കുറച്ചു കഴിയുമ്പോൾ മോഹനൻ വരുന്നു. അച്ഛനെക്കണ്ട് ഒരു പ്രധാനപ്പെട്ട കാര്യം അറിയിച്ച് ഉടനെ തിരിച്ചു പോകണം എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മോഹനൻ വരുന്നത്. പക്ഷേ, അച്ഛൻ വേട്ടയ്ക്ക് പോയതുകൊണ്ട്, അദ്ദേഹത്തെ അവിടെച്ചെന്നു കണ്ട് വിവരം അറിയിച്ചു മടങ്ങാം എന്ന് മാലതിയോട് മോഹനൻ പറയുമ്പോൾ അത് വേണ്ടെന്നും, അച്ഛൻ മടങ്ങി വന്ന ശേഷം പറയാം എന്നും മാലതി പറയുന്നു. അതുകേട്ട്, പറ്റില്ലെന്നും, തനിക്ക് അവധിയില്ലെന്നും, ഉടൻ തന്നെ മടങ്ങേണ്ടതാണെന്നും മോഹനൻ പറയുന്നു. അപ്പോൾ, തനിക്ക് ഒരു പ്രധാന കാര്യം പറയാനുണ്ടെന്നും പറഞ്ഞ് മാലതി മോഹനനെ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും, താനും ചന്ദ്രനും തമ്മിലുള്ള പ്രണയത്തിനെക്കുറിച്ച് പറയുകയും ചെയ്യുന്നു. മോഹനനും മാലതിയെ കുറെ ഉപദേശിച്ചു നോക്കുന്നു. എങ്കിലും, മാലതി തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നത് കാണുമ്പോൾ അച്ഛനെക്കണ്ട് ഈ വിവരം അറിയിച്ച്, അച്ഛനെ സമ്മതിപ്പിക്കാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചിട്ടു കേണലിന്റെ കാണാനായി മോഹനൻ പോവുന്നു.
മോഹനൻ കേണൽ വേട്ടയ്ക്ക് പോയ സ്ഥലത്തു പോയി കാണുന്നു. ഇങ്ങോട്ടെന്തിന് വന്നുവെന്നുവെന്നും, താൻ വീട്ടിൽ തിരിച്ചെത്തിയ ശേഷം കണ്ടാൽ പോരേയെന്നും കേണൽ മോഹനനെ ശകാരിക്കുമ്പോൾ, തനിക്ക് ധൃതിയുണ്ടെന്നും ഉടൻ തന്നെ തിരിച്ചു പോവേണ്ടതുകൊണ്ടാണ് ഇങ്ങോട്ട് പോന്നതെന്നും പറഞ്ഞ് മോഹനൻ തന്റെ ബോസ്സിന്റെ മകൻ മനോഹറിന്റെ പ്രൊമോഷൻ കാര്യത്തെക്കുറിച്ച് പറയുന്നു. തന്നെക്കൊണ്ട് പറ്റാവുന്നത് ചെയ്യാമെന്ന് കേണൽ പറയുന്നു. പിന്നീട്, മോഹനൻ പേടിച്ചുപേടിച്ച് മാലതി ചന്ദ്രനെ പ്രണയിക്കുന്നതും, ചന്ദ്രനെത്തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ചും കേണലിനോടു പറയുമ്പോൾ കേണൽ പൊട്ടിത്തെറിക്കുന്നു. അപ്പോൾ, മോഹനൻ മാലതിയുടെ പക്ഷം പിടിച്ച് സംസാരിക്കുന്നു. അതുകേട്ട്, നമുക്ക് അതിനെക്കുറിച്ച് പതിയെ ആലോചിക്കാമെന്നും, ഇപ്പോൾ നീ പൊയ്ക്കൊള്ളൂ എന്നും കേണൽ പറയുന്നു. മോഹനൻ തിരിച്ചു പോവുകയും ചെയ്യുന്നു.
വേട്ടയ്ക്ക് പോയി കേണലും, അയ്യപ്പൻ പിള്ളയും മാത്രം തിരിച്ചു വരുന്നത് കാണുന്ന മാലതി, കൂടെപ്പോയ ചന്ദ്രനെക്കുറിച്ച് അന്വേഷിക്കുമ്പോൾ കേണലും പിള്ളയും അതിന് ഉത്തരം നൽകാതെ ഒഴിഞ്ഞു മാറുക മാത്രമല്ല, കേണൽ അവളെ ശകാരിക്കുകയും ചെയ്യുന്നു. അവരുടെ ഈ ഒളിച്ചു കളിയിൽ സംശയം തോന്നുന്ന മാലതി അവരുടെ പട്ടിയേയുംകൂട്ടി ജീപ്പുമെടുത്ത് കേണൽ വേട്ടയ്ക്ക് പോയ സ്ഥലത്തേക്ക് പായുന്നു.
ഈ നേരത്ത് കേണൽ ലെഫ്റ്റനന്റ്റ് രവിയെ വീട്ടിൽ വിളിപ്പിച്ച്, രവി മാലതിയെ വിവാഹം കഴിക്കണമെന്നും, വിവാഹം രണ്ടു ദിവസം കഴിഞ്ഞ് നടത്താമെന്നും, എല്ലാ ഏർപ്പാടുകളും താൻ ചെയ്യാമെന്നും പറയുന്നു.
ചന്ദ്രനെത്തേടിപ്പോയ മാലതി പട്ടിയുടെ സഹായത്തോടെ കണ്ടെത്തുന്നത് ചന്ദ്രന്റെ മൃതശരീരമാണ്. അതുകണ്ട് സഹിക്കാൻ കഴിയാതെ മാലതിയും ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോൾ, അവളെ പിന്തുടർന്നെത്തിയ അയ്യപ്പൻ പിള്ള അവളെ അതിൽ നിന്നും പിന്തിരിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു. അപ്പോഴേക്കും മാലതിയുടെ മാനസീക നില തെറ്റിയിരുന്നു. കേണൽ മോഹനനെ ട്രങ്ക് കാൾ ചെയ്ത് വിളിച്ചു വരുത്തുന്നു.
മാലതിയുടെ മാനസീക നില തെറ്റാനുള്ള കാരണം മോഹനൻ കേണലോട് ചോദിക്കുമ്പോൾ തനിക്കറിയില്ലെന്ന് കേണൽ പറയുന്നു. അതുപോലെ, ചന്ദ്രൻ എവിടെയെന്ന് ചോദിക്കുമ്പോൾ അവൻ എവിടെയോ പോയിക്കാണും എന്നാണ് കേണൽ പറയുന്നത്. മോഹനൻ പിന്നെയും ചോദ്യങ്ങൾ ചോദിക്കുമ്പോൾ, അതൊക്കെ അവഗണിച്ച് മാലതിയെ ലെഫ്റ്റനന്റ് രവിക്ക് വിവാഹം ചെയ്തു കൊടുക്കാനുള്ള കാര്യമാണ് കേണൽ പറയുന്നത്. ഇന്നലെ കണ്ടപ്പോൾ രവിയുടെ കാര്യം പറഞ്ഞില്ലല്ലോ, ഒറ്റ ദിവസം കൊണ്ട് എന്ത് സംഭവിച്ചു എന്ന് ചോദിക്കുമ്പോൾ കേണൽ അതിനും ശരിയായ ഉത്തരം നൽകുന്നില്ലെന്ന് മാത്രമല്ല, പട്ടാളത്തിൽ താൻ അനുഷ്ടിച്ച വീര ധീര സാഹസങ്ങളെക്കുറിച്ച് പറയാൻ തുടങ്ങുകയും ചെയ്യുന്നു. തന്റെ ചോദ്യങ്ങൾക്കൊന്നും അച്ഛൻ മുഖത്തു നോക്കി ഉത്തരം നൽകാത്തതിൽ മോഹനൻ അച്ഛനെ സംശയിക്കുന്നു, പ്രത്യേകിച്ച് ചന്ദ്രനെ കാണാതായത് കൊണ്ട്. കേണൽ വീണ്ടും വീണ്ടും ഉരുണ്ടു കളിക്കുമ്പോൾ, തനിക്കൊരു വ്യക്തമായ ഉത്തരം വേണമെന്ന് മോഹനൻ ശഠിക്കുന്നു. അപ്പോൾ, ചന്ദ്രൻ എന്നൊരാളെ തനിക്കറിയില്ലെന്നും, അങ്ങിനൊരാൾ ഇവിടെ ജോലി ചെയ്തില്ലെന്നും ദേഷ്യത്തോടെ പറഞ്ഞ്, മോഹനനോട് മുറിക്ക് പുറത്തേക്ക് പോവാൻ കേണൽ ആവശ്യപ്പെടുന്നു.
അച്ഛനിൽ നിന്നും ചന്ദ്രന് എന്തു സംഭവിച്ചു എന്നറിയാൻ കഴിയാത്തതിനാൽ മോഹനൻ അയ്യപ്പൻ പിള്ളയോട് അതേക്കുറിച്ചന്വേഷിക്കുന്നു. പിള്ളയും ഒന്നും പറയാതെ, അച്ഛനോട് തന്നെ ചോദിക്കു എന്ന് പറഞ്ഞയക്കുന്നു.