മഡോണ സെബാസ്റ്റ്യൻ
1992 മെയ് 19 -ന് ബേബി ദേവസ്യയുടെയും ഷൈല ബേബിയുടെയും മകളായി കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ ജനിച്ചു. പിന്നീട് മഡോണയുടെ കുടുംബം കോലഞ്ചേരിയിലേയ്ക്ക് താമസം മാറ്റി. കോലഞ്ചേരി കടയിരുപ്പ് സീനിയർ സെക്കന്ററി സ്ക്കൂളിലായിരുന്നു മഡോണയുടെ വിദ്യാഭ്യാസം. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ ബിരുദം നേടി. കർണാട്ടിക്, ഹിന്ദുസ്താനി സംഗീത ശാഖകളിൽ പരിശീലനം നേടിയിട്ടുള്ള ഗായികയാണ് മഡോണ. മ്യൂസിക്ക് മോജോ എന്ന പേരിലുള്ള ഒരു മ്യൂസിക്കൽ പ്രോഗ്രാമിലെ പങ്കാളിത്തത്തിലൂടെ മഡോണ പ്രേക്ഷക ശ്രദ്ധ നേടി.
സൂര്യ ടിവിയിൽ മഡോണ അവതിരിപ്പിച്ച ഒരു പരിപാടി കാണുവാനിടയായ സംവിധായകൻ അൽഫോൺസ് പുത്രൻ തന്റെ പ്രേമം എന്ന പുതിയ പ്രോജക്ടിനായുള്ള ഓഡിഷനിൽ പങ്കെടുക്കുവാൻ അവരെ ക്ഷണിച്ചു. സിനിമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മഡോണ പ്രേമം -ത്തിലെ മൂന്ന് നായികമാരിൽ ഒരാളായി. 2015 -ൽ തൻറെ സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. അതേ വർഷം തന്നെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയിൽ പാടിക്കൊണ്ട് ചലച്ചിത്ര പിന്നണിഗാന രംഗത്തേയ്ക്കും മഡോണ ചുവടുവെച്ചു.
പ്രേമത്തിനു ശേഷം മഡോണ പിന്നീട് അഭിനയിച്ചത് തമിഴ് സിനിമയിലായിരുന്നു. 2016 -ൽ വിജയ് സേതുപതിയോടൊപ്പം Kadhalum Kadandhu Pogum എന്ന ചിത്രത്തിൽ അഭിനയിച്ചു. മഡോണയുടെ രണ്ടാമത്തെ മലയാള ചിത്രം കിംഗ് ലയർ ആയിരുന്നു. ദിലീപിന്റെ നായികയായാണ് മഡോണ അഭിനയിച്ചത്. പ്രേമത്തിന്റെ തെലുങ്കു റീമെയ്ക്കിൽ നായികയായി തെലുങ്കു സിനിമയിലും അരങ്ങേറി. മലയാളം, തമിഴ്, തെലുങ്ക്,കന്നഡ് ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിൽ മഡോണ സെബാസ്റ്റ്യൻ അഭിനയിച്ചിട്ടുണ്ട്.
ഗായികയായ മഡോണ "എവർ ആഫ്റ്റർ" എന്ന സംഗീത ബാൻഡ് രൂപീകരിച്ച് സംഗീത ആൽബങ്ങൾ ഇറക്കുന്നുണ്ട്.